2009, നവംബർ 14, ശനിയാഴ്‌ച

"പ്രാണനാഥാ"

"ജീവിതത്തില്‍ ഇതു വരെ ഒരു പെണ്ണും പ്രാണനാഥാ എന്നു വിളിച്ചിട്ടില്ല" എന്നാണു് ബഷീര്‍ തന്റെ 'പ്രേംപാറ്റ' എന്ന കഥയില്‍ പരിഭവിക്കുന്നത്. കല്യാണം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നാല്‍ തന്റെ ഭാര്യ എന്നു പറയുന്ന 'പഹച്ചി' പോലും തന്നെ ഒന്നു പ്രാണനാഥാ എന്നു വിളിച്ചിട്ടില്ല. ഈ പ്രാണനാഥാ വിളിയൊക്കെ കഥകളിലും സിനിമയിലുമൊക്കെ മാത്രമേ കാണുകയുള്ളൂവായിരിക്കും, അല്ലേ? ജീവിതത്തില്‍ പിന്നെ എന്തായിരിക്കും വിളിക്കുന്നത്? എന്തായാലും ബഷീര്‍ ഒരു പതിനാലുകാരിയെക്കൊണ്ട് തന്നെ ഒരു തവണ ഒന്നു പ്രാണനാഥാ എന്നു വിളിപ്പിക്കാന്‍ ശ്രമിക്കുകന്നതും, അതിനായി ഒരു പാറ്റയെ കാട്ടി അവളെ പേടിപ്പിക്കുന്നതും, അത് പിന്നെ രസകരവും ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ സംവാദങ്ങളിലേക്ക് അവരെ കൊണ്ടെത്തിക്കുന്നതും ആണു് ബഷീറിന്റെ 'പ്രേംപാറ്റ'യുടെ ഇതിവൃത്തം. വായിച്ചു കുറേ വര്‍ഷങ്ങള്‍ക്കു ശേഷവും ഗൃഹാതുരത്വമുയര്‍ത്തുന്ന ഒരു വികാരമായി ഈ പുസ്തകം മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഇതേ പുസ്തകത്തില്‍ ഉള്ള മറ്റു കഥകളും ഏറെ നന്നായിരുന്നു. മനസ്സിലിനിയും സംശയം ബാക്കി: 'എന്തായിരിക്കും ജീവിതത്തില്‍ വിളിക്കുന്നത്?'

2009, നവംബർ 10, ചൊവ്വാഴ്ച

അവള്‍

അവള്‍
---------

കടലിന്റെ ഇരുണ്ട നിറത്തിനപ്പുറത്ത്, ആകാശത്തിന്റെ ഒരു കോണില്‍ ചുവന്ന പ്രകാശം പരത്തിക്കൊണ്ട് അസ്തമിക്കാന്‍ തയ്‌യാറായി നില്‍ക്കുന്ന സൂര്യനെ നോക്കി നിശബ്ദരായി ഞങ്ങള്‍ ഇരുന്നു--അവളും ഞാനും. കടല്‍ഗന്ധമുള്ള തണുത്ത കാറ്റ് ഞങ്ങളെ തഴുകുന്നുണ്ടായിരുന്നു. കാറ്റില്‍ പറന്നുകൊണ്ടിരിക്കുന്ന അവളുടെ മുടിയിഴകള്‍ ഇടക്കിടെ എന്റെ മുഖത്ത് വന്നടിച്ചു. അലക്ഷ്യമായി അഴിച്ചിട്ട മുടി മാടിയൊതുക്കാന്‍ അവളും മെനെക്കെട്ടില്ല. എതോ ഒരു സ്വപ്നത്തിന്റെ പകുതിയിലെന്ന പോലെ കടലിന്റെ വിദൂരതയില്‍ കണ്ണും നട്ടിരിക്കുകയായിരുന്നു അവള്‍.

ആ കടല്‍ക്കരയില്‍ ഏകനായി വന്നിരുന്ന നാളുകള്‍ ഞാനോര്‍ത്തു. ജീവിതത്തിന്റെ എണ്ണമറ്റ വഴിത്താരകളില്‍ വഴിതെറ്റിയലയുന്നവനായിരുന്നു അന്നു ഞാന്‍. എങ്ങോട്ടു പോകണമെന്നറിയാതെ, എന്തു ചെയ്യണമെന്നറിയാതെ, വിഷമിച്ച നാളുകള്‍. മനസ്സു തുറന്നു സംസാരിക്കാനും ആരുമുണ്ടായിരുന്നില്ല. ആ നശിച്ച ഏകാന്തതയില്‍ നിന്നും എന്നെ മോചിപ്പിക്കുന്ന സാന്നിദ്ധ്യമായാണവള്‍ വന്നത്. അങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കെ എന്റെ കണ്ണുകള്‍ നിറഞ്ഞു, മനസ്സ് നിശബ്ദമായി അവളോട് മന്ത്രിച്ചു: 'നീ, നീയാണോമനേ എന്റെ ജീവിതത്തിന്റെ അര്‍ത്ഥം. നിന്റെ സ്നേഹം, സാന്നിദ്ധ്യം, പരിഗണന, അതു മാത്രമാണ് എന്റെ സന്തോഷം.'

എന്റെ മനസ്സു പറഞ്ഞതു സത്യമായിരുന്നു. ഭയമില്ലാതെ മനസ്സിന്റെ ഉള്ളറ തുറക്കാന്‍, ജീവിതത്തിലെ സഫലമാകാതെ നഷ്ടപ്പെട്ടു പോയ മോഹങ്ങള്‍ വീണ്ടും വീണ്ടും വേദനിപ്പിക്കുമ്പോള്‍ ആ വേദന മറക്കാന്‍, പുതിയ പുതിയ മോഹങ്ങള്‍ പങ്കുവെക്കാന്‍, ജീവിതത്തിന്റെ ഗാംഭീര്യത്തെ ഓര്‍ത്ത് നെടുവീര്‍പ്പിടാന്‍, എല്ലാം എല്ലാം എനിക്കു തുണയാകുന്നത് അവളാണു്.

എന്റെ മനസ്സില്‍ അവളോടുള്ള അനന്തമായ സ്നേഹം നിറയവേ, അതറിഞ്ഞിട്ടെന്നവണ്ണം അവള്‍ എന്റെ തോളില്‍ തല ചായിച്ചൂ. മെല്ലെ മുഖം തിരിച്ച് ഞാന്‍ അവളെ നോക്കി. അവളുടെ കണ്ണുകള്‍ പാതി അടഞ്ഞിരുന്നു. ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ അവള്‍ എന്നെ നോക്കിക്കൊണ്ടിരുന്നു. ഞാന്‍ അവളെയും. സൂര്യന്‍ അസ്തമിച്ചത് ഞങ്ങളറിഞ്ഞില്ല; ഇരുട്ട് ഞങ്ങള്‍ക്കു മുകളില്‍ കോട്ട കെട്ടിയത് ഞങ്ങള്‍ അറിഞ്ഞില്ല; ലോകവും അതിലെ ജനങ്ങളും ഞങ്ങളെ പുറകിലാക്കി കടന്നു പോയതും ഞങ്ങളറിഞ്ഞില്ല. ഞങ്ങള്‍ ഞങ്ങള്‍
മാത്രമായി, ഞങ്ങളുടെ സ്വപ്നങ്ങളില്‍ ലയിച്ച്, ഞങ്ങളുടെ ലോകത്തിരുന്നു. ഞങ്ങളുടെ ആകാശത്ത് അപ്പോള്‍ മഴവില്ലുകള്‍ വര്‍ണ്ണച്ചിത്രങ്ങള്‍ വരക്കുകയായിരുന്നു.

--സന്ദീപ് പാലക്കല്‍,
27 ജൂണ്‍, 2009.
ചെന്നൈ.

പരിണാമം

             പരിണാമം
          -------------------

പൂവേ, നിന്റെ നിറം പ്രണയത്തിന്റെ
ചുവന്ന നിറമാണെന്നു ഞാന്‍ ഒരിക്കല്‍ ധരിച്ചു.
അത് മരണത്തിന്റെ നിറമാണെന്നു,
ഞാന്‍ അറിഞ്ഞിരുന്നില്ല!

പൂവേ, നിന്റെ മാദകഗന്ധം പനിനീരിന്റെ
സുഗന്ധം പോലെ ഒരിക്കല്‍ എന്നെ മയക്കി.
അത് മരണത്തിന്റെ ഗന്ധമാണെന്നു
ഞാന്‍ അറിഞ്ഞിരുന്നില്ല!

പൂവേ, നിന്റെ മൃദുമേനിയില്‍
ഒരിക്കല്‍ ഞാന്‍ മയങ്ങി.
അത് മരണത്തിലേക്കുള്ള ക്ഷണം
ആയിരുന്നെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല!

നിന്റെ നിറത്തില്‍, മണത്തില്‍, മനോഹാരിതയില്‍
എന്റെ യൗവ്വനം ഞാന്‍ നഷ്ടപ്പെടുത്തി.
ആ നാളുകള്‍ ഒരിക്കലും തിരിച്ചു വരാതെ
എന്നെന്നേക്കുമായി നഷ്ടമാകുമെന്നു
ഞാന്‍ അറിഞ്ഞിരുന്നില്ല!

എന്റെ യൗവ്വനം കവരുമ്പോള്‍
ഇതളുകള്‍ക്കു പുറകില്‍ നീയൊളിച്ചു വച്ച
കാപട്യം ഇന്നു ഞാന്‍ അറിയുന്നു.
ഈ അറിവില്‍ നിന്നുണ്ടാകുന്ന എന്റെ
ദുഃഖം കാണുമ്പോള്‍ നിന്റെ മുഖത്തു
വിരിയുന്ന പരിഹാസവും ഞാന്‍ അറിയുന്നു.

എന്നാല്‍ പൂവേ, നീയറിയുക: നിന്റെ
ക്രൂരമാം പരിഹാസം എന്നെയുലക്കുന്നില്ല,
നിന്റെ ഓര്‍മ്മകള്‍ എന്നെ പ്രലോഭിപ്പിക്കുന്നില്ല,
കാരണം, നീ കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു!

നിന്നോടുള്ള വിദ്വേഷം എന്റെ മനസ്സിനെ
മനിലമാക്കും എന്നു നീയാശിക്കുന്നെങ്കില്‍
നീയറിയുക: നിന്നോടെനിക്കുള്ള വികാരം
ഒന്നു മാത്രമാണ്: "മഹാപുച്ഛം"!
അതിലുപരി ഞാനനുഭവിക്കുന്ന വികാരം
"ആനന്ദവും"!

ഇന്നു ഞാന്‍ കൂടുതല്‍ ധീരനാണു്.
കാരണം, എനിക്കിനി നഷ്ടപ്പെടാന്‍ ഒന്നുമില്ല.
എല്ലാം നിനക്കുവേണ്ടി ഞാനെന്നേ നഷ്ടപ്പെടുത്തിയിരിക്കുന്നു‌!

ഇന്നു ഞാന്‍ കൂടുതല്‍ ശക്തനാണ്.
കാരണം, എന്റെ ഏറ്റവും വലിയ ദൗര്‍ബല്യം--യൗവ്വനം
ഇന്നെന്നെ വിട്ടകന്നിരിക്കുന്നു!

ഇന്നു ഞാന്‍ കൂടുതല്‍ സ്വതന്ത്രനാണു്.
കാരണം, എന്റെ ശക്തനായ യജമാനന്‍--പ്രണയം
ഇന്നു മരിച്ചു കഴിഞ്ഞിരിക്കുന്നു!

ഇനി ഞാന്‍ ജീവിക്കട്ടെ, എന്റെ ജീവിതം.
കൂടുതല്‍ മഹത്വമുള്ളതിനെ കണ്ടെത്താനുള്ള
എന്റെ പ്രയാണം ഇവിടെ തുടങ്ങുന്നു.

അനിവാര്യമായ മരണം എന്നെ തളര്‍ത്തുന്നില്ല.
അസ്തമിക്കുന്ന സൂര്യനും, ഗ്രഹണം ബാധിച്ച ചന്ദ്രനും,
അണയുന്ന നക്ഷത്രവും, എന്നെ നിരാശനാക്കുന്നില്ല.

ഇനി ഞാന്‍ ജീവിക്കട്ടെ, ഒരു രാക്ഷസന്റെ ജീവിതം.

--സന്ദീപ് പാലക്കല്‍,
ജനു. 16, 2009,
ചെന്നൈ.

2009, നവംബർ 9, തിങ്കളാഴ്‌ച

മലയാളം

ഓര്‍മകളില്‍ നിറയുന്ന ഏറ്റവും വലിയ സുഖം അമ്മയുടെ തരാട്ടുപാട്ടാണു്. അതു കേട്ടാല്‍ ഉറങ്ങിപ്പോകുന്നത് അറിയുമായിരുന്നില്ല. ആ താരാട്ടിനു് ഒരു താളമുണ്ടായിരുന്നു, ലയമുണ്ടായിരുന്നു. ആ താളം പിന്നീട് മനസ്സില് നിലനിര്‍ത്തിയത് മാതൃഭാഷയാണു് . പെറ്റമ്മയോളം സ്നേഹം വാരിക്കോരി തന്ന് എന്നെ വളര്‍ത്തിയ അമ്മ; വയലാറിലൂടെ, ആശാനിലൂടെ, ബഷീറിലൂടെ, എം. ടിയിലൂടെ, ഉറങ്ങുന്നതിനു മുമ്പായി അച്ഛന്‍ പറഞ്ഞു തന്ന കഥകളിലൂടെ, എനിക്കു വാത്സല്‌യം പകര്‍ന്ന അമ്മ: മലയാളം. ഊണിലും ഉറക്കത്തിലും എനിക്കു കൂട്ടായി ഉള്ള അമ്മയെ വന്ദിച്ചു കൊണ്ട് ഈ മലയാളം ബ്ലോഗ് ഞാന്‍ ആരംഭിക്കട്ടെ...