2013, മാർച്ച് 10, ഞായറാഴ്‌ച

കഥാസാക്ഷി


പണ്ട് പണ്ടൊരിക്കല്‍ നടന്ന കഥയാണ്. അന്നൊരിക്കല്‍, ഒരു ദിവസം, ഞാന്‍ ഒരു ഇളം കാറ്റായി ആകാശത്ത് പറന്ന് നടക്കുകയായിരുന്നു. പറന്ന് പറന്ന് സായാഹ്നമായപ്പോള്‍, ഭൂമിയിലേക്ക് ഒരു ചാറ്റല്‍ മഴയായി ഞാന്‍ പെയ്തിറങ്ങി. താഴെ ഭൂമിയില്‍, ധാരാളം മരങ്ങള്‍ നിറഞ്ഞ ഒരു പറമ്പില്‍ ഞാനെത്തിച്ചേര്‍ന്നപ്പോഴാണ്, ഒരു കുട്ടയുമായി തലയില്‍ കൈയ്യും വെച്ച് ആകാശത്തേക്ക് വിഷാദത്തോടെ നോക്കിനില്‍ക്കുന്ന ഒരു ആറു വയസ്സുകാരി പെണ്‍കുട്ടിയെ ഞാന്‍ കണ്ടത്. അവള്‍ ഭയന്നത് മഴയെയായിരുന്നു. ആ കരിമഷിക്കണ്ണുകളിലെ നൊമ്പരം എന്നെ വേദനിപ്പിച്ചെങ്കിലും ഞാന്‍ കരഞ്ഞില്ല. ഞാന്‍ കരഞ്ഞാല്‍, ചാറ്റല്‍ മഴ പെരുമഴയാകും എന്ന് ഞാന്‍ ഭയന്നു. ചിരിച്ചു. ഇല്ല. ഒന്ന് മന്ദഹസിച്ചു. അങ്ങനെ ഞാന്‍ വീണ്ടും കാറ്റായി മാറി. ഒരു മൂളിപ്പാട്ടു പാടിക്കൊണ്ട് ഞാന്‍ അവള്‍ക്ക് ചുറ്റും പറന്നു. ആ കണ്ണുകളിലെ ഈര്‍പ്പം ബാഷ്പകണങ്ങളായി ഞാന്‍ ഏറ്റുവാങ്ങി.

ഒരു നിശ്വാസത്തോടെ നിലത്ത് നിന്ന് ഒരു പഴുത്ത പ്ലാവില പെറുക്കി അവള്‍ കുട്ടയിലിട്ടു. പിന്നെ താഴേക്ക് നോക്കി പരതിക്കൊണ്ട് അവള്‍ നടന്നു. അപ്പോള്‍, ഒരു പൂമ്പാറ്റയായി ഞാനവളെ പിന്‍തുടര്‍ന്നു. കാറ്റിന് ഒരു സ്ഥലത്ത് കുറേനേരം നില്‍ക്കാന്‍ സാധിക്കില്ലല്ലോ?

എണ്ണമയം നിറഞ്ഞ അവളുടെ മുടി തലക്കിരുവശങ്ങളിലുമായി മഞ്ഞ റിബണ്‍ കൊണ്ട് പിന്നിക്കെട്ടി വച്ചിരുന്നു. മഞ്ഞ നിറമുള്ള അവളുടെ ഫ്രോക്കില്‍ ചുവന്ന പൂക്കള്‍ കാണാമായിരുന്നു. കറുത്ത് മെലിഞ്ഞ അവളുടെ കാലടികളില്‍ നിന്നും ചാണകഗന്ധം വമിച്ചിരുന്നു. അവളുടെ തലക്കു ചുറ്റും വട്ടമിട്ടു പറന്നിട്ടും അവള്‍ എന്നെ ശ്രദ്ധിച്ചില്ല. അവളുടെ കണ്ണുകള്‍ പഴുത്ത പ്ലാവിലകള്‍ പരതിക്കൊണ്ടിരുന്നു. പറമ്പ് നിറയെ ഉണ്ടായിരുന്നതാകട്ടെ ഉണങ്ങിയ പ്ലാവിലകളും.

ഞങ്ങള്‍ അങ്ങനെ പോയി കൊണ്ടിരിക്കുമ്പോഴാണ് ഒരു എട്ടു വയസ്സുകാരന്‍ തന്റെ സങ്കല്പ ബസ്സും ഓടിച്ച് വന്നത്. അവളുടെ മുന്നില്‍ ഒരു ശബ്‌ദമുണ്ടാക്കി അവന്‍ സഡ്ഡന്‍ ബ്രേക്കിട്ട് നിന്നു. ഗിയറ് മാറ്റി അവന്‍ അവളോട് ചോദിച്ചു.

ബസില്‍ കേറാന്‍ ആളുണ്ടോ?”

അവളുടെ വിഷാദം നിറഞ്ഞ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. തല അല്പം കുനിച്ച് കണ്ണുകള്‍ വിടര്‍ത്തി അവള്‍ അവനെ നോക്കി. പിന്നെ ഇല്ല എന്നെ മുഖം ഇരുവശങ്ങളിലേക്കും ആട്ടി. അവന്റെ മുഖത്തെ ചിരിമാഞ്ഞു. അവള്‍ കൂടെ വരും എന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നുവെന്നു തോന്നുന്നു.

അതെന്താ വരാത്തെ? നിന്നെ വീട്ടില്‍ കൊണ്ടുവിടാം.”

ഇല്ലേട്ടാ, എനിക്ക് പ്ലാവില പെറുക്കാനുണ്ട്.”

എന്തിന്?”

ആടിന് കൊടുക്കാനാ.”

ആടിന് പിണ്ണാക്ക് കൊടുത്താ പോരേ?”

അവള്‍ തല കുനിച്ചു.

"പിണ്ണാക്ക് വാങ്ങാന്‍ അമ്മൂമ്മ പനിച്ച് കിടക്ക്വാ.”

അവന്‍ കുട്ടയില്‍ നോക്കി. ആകെയുള്ളത് ഒരു പത്ത് പന്ത്രണ്ട് ഇലകളാണ്!

ഞാങ്കൂടെ കൂടാം. അത് കഴിഞ്ഞ് നമുക്ക് ബസ്സോടിച്ച് കളിക്കാം?”

അവള്‍ തലകുലുക്കി. പിന്നെ അവര്‍ രണ്ടുപേരും കൂടെ പറമ്പ് മുഴുവന്‍ അരിച്ച് പെറുക്കി. അത് കഴിഞ്ഞ് അടുത്ത പറമ്പ്. പിന്നെ അടുത്തത്. അന്ന് ധാരാളം ഒഴിഞ്ഞ പറമ്പുകളും അവയിലൊക്കെ പ്ലാവുകളും ഭൂമിയില്‍ ഉണ്ടായിരുന്നു. ഞാനും അവരെ സഹായിക്കാന്‍ ശ്രമിച്ചു. പഴുത്ത ഇലകള്‍ കാണുമ്പോള്‍ അതിനു ചുറ്റും ഞാന്‍ വട്ടമിട്ടു പറന്നു. പക്ഷേ അവര്‍ എന്നെ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു.

നേരം സന്ധ്യയോടുത്തപ്പോള്‍ കുട്ട കാല്‍ ഭാഗം നിറഞ്ഞു.

ഇതു പോരേ?”

ഊഹും. ഇനിയും വേണം. കുട്ട പകുതിയെങ്കിലും ആവണം. ഇല്ലെങ്കില്‍ ആടുകള്‍ക്ക് വിശക്കും.”

അതുകേട്ട് അവന്‍ വിഷ്ണനായി. നേരം ഇരുടാകാറായി. ഇനി എപ്പോള്‍ കളിക്കും?

എടി, രാത്രിയാകാറായി. ഇനി കളിക്കാന്‍ പറ്റ്വോ?”

അവള്‍ സംശയത്തോടെ നിന്നു.

കുട്ട പകുതിയെങ്കിലും ആയില്ലെങ്കില്‍ എന്നെ അമ്മ വഴക്കു പറയും.”

അവള്‍ മുഖം കുനിച്ച് കൊണ്ട് പറഞ്ഞു. അവള്‍ ഓരോ തവണ മുഖം കുനിക്കുമ്പോഴും അവളുടെ വിഷാദം എന്നെ നൊമ്പരപ്പെടുത്തി.
ഇങ്ങു താ.”

അവന്‍ അവളില്‍ നിന്നും കുട്ട പിടിച്ചു വാങ്ങി. അതിലെ ഇലകള്‍ മുഴുവന്‍ അവന്‍ നിലത്ത് ചൊരിഞ്ഞു. ഉയര്‍ന്ന ഹൃദയമിടിപ്പോടെ അവള്‍ അത് നോക്കി നിന്നു. പിന്നെ അവന്‍ കുറേ ഉണങ്ങിയ ഇലകള്‍ കുട്ടയില്‍ വാരിയിട്ടു. എന്നിട്ട് അത് നന്നായി പരത്തിയ ശേഷം പഴുത്ത ഇലകള്‍ അതിന് മേലെ വിരിച്ചു. ഇപ്പോള്‍ കണ്ടാല്‍ കുട്ട നിറയേ പഴുത്ത ഇലയാണെന്നേ തോന്നൂ!

അവന്‍ അവളെ നോക്കി ചിരിച്ചു. അവളും ചിരിച്ചു, അല്പം സംശയം കലര്‍ന്ന ചിരി.

അവന്‍ താക്കോല്‍ തിരിച്ചു. ഒരു ശബ്‌ദത്തോടെ ബസ്സ് സ്റ്റാര്‍ട്ടായി. ഗിയറ് മാറ്റി. സ്റ്റിയറിങ്ങില്‍ പിടിച്ച് അവന്‍ ചോദിച്ചു.

ബസ്സില്‍ കേറാന്‍ ആളുണ്ടോ?”

ഉടനെ അവള്‍ അവന്റെ‌ പിറകില്‍ നിന്നു. അവന്റെ ഷര്‍ട്ടിന്റെ അറ്റത്ത് പിടിച്ചു. ബസ്സ് നീങ്ങി. പുറകില്‍ ഞാനും. ഞങ്ങള്‍ ആ പറമ്പുകള്‍ മുഴുവനും സഞ്ചരിച്ചു. ഓരോ സ്റ്റോപ്പിലും നിര്‍ത്തി. ആളെ ഇറക്കി. പിന്നെ ആളെക്കേറ്റി. ഇരുടാകാറായപ്പോള്‍ ഒരു ഇടി വെട്ടി. അടുത്ത മഴയായിരിക്കുമോ?

അവള്‍ കുട്ടയെടുത്ത് വീട്ടിലേക്ക് ഓടി. അവന്‍ വേറെ ദിശയിലും. ആളൊഴിഞ്ഞ പറമ്പില്‍ ഞാന്‍ ഒറ്റക്കായി. അപ്പോള്‍ എന്റെ മനക്കണ്ണില്‍ ഞാന്‍ കണ്ടു. അവളുടെ അമ്മൂമ്മയുടെ ആത്മാവ് ആകാശത്തേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ചാണകം മെഴുകിയ മുറ്റത്ത് ആളുകള്‍ കൂടിയത് കണ്ട് അവള്‍ അമ്പരന്നു നിന്നു. കുട്ട നിലത്ത് വീണ് ഇലകള്‍ ചിതറി. എന്റെ മനസ്സ് പിടഞ്ഞു. ഞാന്‍ കരഞ്ഞു. കണ്ണീര്‍ വാര്‍ത്ത് കരഞ്ഞു. ഭൂമിയിലെ എന്റെ കരച്ചില്‍ കണ്ട് മാനം ചിരിച്ചു. അപ്പോള്‍, ഞാന്‍ മാനത്തോട് പിണങ്ങി ഒരു വണ്ടായി മണ്ണിനടിയിലേക്ക് മറഞ്ഞു. എന്നെന്നേക്കുമായി.


സന്ദീപ് പാലക്കല്‍
മാര്‍ച്ച് 10, 2013.
ചെന്നൈ.