2015, ഏപ്രിൽ 27, തിങ്കളാഴ്‌ച

തോറ്റങ്ങള്‍: കോവിലന്‍

തോറ്റങ്ങള്‍ തട്ടകത്തിന്റെ ഒരു ഒന്നാംഭാഗം എന്നു പറയാം. അല്ലെങ്കില്‍ തട്ടകത്തിന് സമാന്തരമായ ഒരു നോവല്‍ എന്നും പറയാം. തോറ്റങ്ങള്‍ തട്ടകത്തെ പോലെ തന്നെ, ചരിത്രം പറയാന്‍ ശ്രമിക്കുന്നു. എന്നാല്‍ തട്ടകത്തിലെ അത്രയും വിശാല ചരിത്രമല്ല. ഒരു കുടുംബത്തിന്റെ മാത്രം ചരിത്രം. ആ കുടുംബം എങ്ങനെ കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു, കാലം എങ്ങനെയൊക്കെ അവരെ സ്പര്‍ശിച്ചു എന്ന് തോറ്റങ്ങള്‍ കാണിച്ചു തരാന്‍ ശ്രമിക്കുന്നു. കാലത്തിന്റെ മാറ്റം എന്നു പറയുമ്പോള്‍, നാടിന്റെ സാമ്പത്തിക കാര്യങ്ങള്‍, വ്യാപാര വ്യവസായങ്ങള്‍, മറ്റ് സാങ്കേതികമായ മാറ്റങ്ങള്‍ക്കാണ് പ്രാധാന്യം. ഇവ മനുഷ്യരെ എങ്ങനെ ബാധിക്കുന്നു, ഒരു നാടിന്റെ തന്നെ ജീവിത രീതിയെ, സംസ്കാരത്തെ, ചിന്തയെ എങ്ങനെ ബാധിക്കുന്നു എന്ന് തോറ്റങ്ങളില്‍ നിരീക്ഷിക്കുന്നുണ്ട്. പാലങ്ങള്‍ വരുമ്പോള്‍ കടത്തു വള്ളങ്ങള്‍ അപ്രത്യക്ഷ്മാകുന്നു. കാറുകള്‍ വരുന്നു. തോണികള്‍ വിസ്മരിക്കപ്പെടുന്നു. ഈ മാറുന്ന സാമ്പത്തിക വ്യവസ്ഥ ഉള്‍ക്കൊള്ളാനാകാതെ മനുഷ്യര്‍. ധനികന്‍ ദരിദ്രനായി മാറുന്നു. ദരിദ്രന്‍ ധനികനായും. ഇതൊക്കെ വ്യവസ്ഥയുടെ മാറ്റങ്ങള്‍ ആണ്, അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം വ്യവസ്ഥയില്‍ തന്നെ കണ്ടെത്തണം, മാറ്റങ്ങളെ വിശ്വാസങ്ങളുടെ പേരില്‍ തള്ളിക്കളയാന്‍ സാധിക്കില്ല എന്നു തിരിച്ചറിയാന്‍ കഴിയാത്ത സാധരണക്കാര്‍. പഴമയില്‍ നിന്നുള്ള മാറ്റം ഒരു തരം ക്യാസ്ട്രേഷന്‍ (castration) ആണെന്നു വേണം കരുതാന്‍. പഴയ നല്ല കാലം തിരിച്ചു വരും എന്നു വ്യാമോഹിക്കുന്നു. ആധുനിക ജീവിതത്തിന്റെ ആധികള്‍ പഴമയുടെ സുഖകരമായ ഓര്‍മ്മകളില്‍ കൂടുതല്‍ ദുസ്സഹമായി തോന്നുന്നു. കോവിലന്‍ ഇതെല്ലാം പറയാന്‍ ഉദ്ദേശിച്ച സങ്കേതം മഹത്തരം തന്നെ. വര്‍ത്തമാനകാലത്തെ നാം നോക്കിക്കാണുന്നത് പലപ്പോഴും ഭൂതകാലത്തെ കുറിച്ചുള്ള ഓര്‍മ്മകളില്‍നിന്നും ധാരണകളില്‍ നിന്നും നാം ഉണ്ടാക്കിയെടുത്ത കണ്ണടയിലൂടെ ആയിരിക്കും. ഓര്‍മ്മകളും ധാരണകളും ആകട്ടെ അപൂര്‍ണ്ണവും അപക്വവും. ഇത് മനുഷ്യന്റെ ശീലമാണ്. മനുഷ്യന് ഇങ്ങനെയേ കഴിയൂ. കോവിലന്‍ ഈ സത്യം മനസ്സിലാക്കി, അത് തന്റെ എഴുത്ത് ശൈലിയില്‍ കൊണ്ടു വരാന്‍ ശ്രമിച്ചിരിക്കുന്നു. ആന്‍ഡ്രേ താര്‍ക്കോവ്സ്കിയുടെ ഇവാന്‍സ് ചൈല്‍ഡ്ഹുഡ്, നൊസ്റ്റാള്‍ജിയ, മിറര്‍ തുടങ്ങിയ സിനിമകളില്‍, അദ്ദേഹം ഭൂതകാലത്തെ കുറിച്ചുള്ള കഥാപാത്രങ്ങളുടെ ഓര്‍മ്മകളെ ഇത്തരത്തില്‍ പുന:സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതാണ് തോറ്റങ്ങള്‍ വായിക്കുമ്പോള്‍ എന്റെ മനസ്സില്‍ മിന്നി മറിഞ്ഞു കൊണ്ടിരുന്നത്. വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സംശയം ബാക്കി: കോവിലന് അദ്ദേഹം അര്‍ഹിക്കുന്ന ശ്രദ്ധ, സ്ഥാനം മലയാളി വായനക്കാരില്‍ നിന്നു കിട്ടിയിട്ടുണ്ടോ?