2015, ഏപ്രിൽ 27, തിങ്കളാഴ്‌ച

തോറ്റങ്ങള്‍: കോവിലന്‍

തോറ്റങ്ങള്‍ തട്ടകത്തിന്റെ ഒരു ഒന്നാംഭാഗം എന്നു പറയാം. അല്ലെങ്കില്‍ തട്ടകത്തിന് സമാന്തരമായ ഒരു നോവല്‍ എന്നും പറയാം. തോറ്റങ്ങള്‍ തട്ടകത്തെ പോലെ തന്നെ, ചരിത്രം പറയാന്‍ ശ്രമിക്കുന്നു. എന്നാല്‍ തട്ടകത്തിലെ അത്രയും വിശാല ചരിത്രമല്ല. ഒരു കുടുംബത്തിന്റെ മാത്രം ചരിത്രം. ആ കുടുംബം എങ്ങനെ കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു, കാലം എങ്ങനെയൊക്കെ അവരെ സ്പര്‍ശിച്ചു എന്ന് തോറ്റങ്ങള്‍ കാണിച്ചു തരാന്‍ ശ്രമിക്കുന്നു. കാലത്തിന്റെ മാറ്റം എന്നു പറയുമ്പോള്‍, നാടിന്റെ സാമ്പത്തിക കാര്യങ്ങള്‍, വ്യാപാര വ്യവസായങ്ങള്‍, മറ്റ് സാങ്കേതികമായ മാറ്റങ്ങള്‍ക്കാണ് പ്രാധാന്യം. ഇവ മനുഷ്യരെ എങ്ങനെ ബാധിക്കുന്നു, ഒരു നാടിന്റെ തന്നെ ജീവിത രീതിയെ, സംസ്കാരത്തെ, ചിന്തയെ എങ്ങനെ ബാധിക്കുന്നു എന്ന് തോറ്റങ്ങളില്‍ നിരീക്ഷിക്കുന്നുണ്ട്. പാലങ്ങള്‍ വരുമ്പോള്‍ കടത്തു വള്ളങ്ങള്‍ അപ്രത്യക്ഷ്മാകുന്നു. കാറുകള്‍ വരുന്നു. തോണികള്‍ വിസ്മരിക്കപ്പെടുന്നു. ഈ മാറുന്ന സാമ്പത്തിക വ്യവസ്ഥ ഉള്‍ക്കൊള്ളാനാകാതെ മനുഷ്യര്‍. ധനികന്‍ ദരിദ്രനായി മാറുന്നു. ദരിദ്രന്‍ ധനികനായും. ഇതൊക്കെ വ്യവസ്ഥയുടെ മാറ്റങ്ങള്‍ ആണ്, അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം വ്യവസ്ഥയില്‍ തന്നെ കണ്ടെത്തണം, മാറ്റങ്ങളെ വിശ്വാസങ്ങളുടെ പേരില്‍ തള്ളിക്കളയാന്‍ സാധിക്കില്ല എന്നു തിരിച്ചറിയാന്‍ കഴിയാത്ത സാധരണക്കാര്‍. പഴമയില്‍ നിന്നുള്ള മാറ്റം ഒരു തരം ക്യാസ്ട്രേഷന്‍ (castration) ആണെന്നു വേണം കരുതാന്‍. പഴയ നല്ല കാലം തിരിച്ചു വരും എന്നു വ്യാമോഹിക്കുന്നു. ആധുനിക ജീവിതത്തിന്റെ ആധികള്‍ പഴമയുടെ സുഖകരമായ ഓര്‍മ്മകളില്‍ കൂടുതല്‍ ദുസ്സഹമായി തോന്നുന്നു. കോവിലന്‍ ഇതെല്ലാം പറയാന്‍ ഉദ്ദേശിച്ച സങ്കേതം മഹത്തരം തന്നെ. വര്‍ത്തമാനകാലത്തെ നാം നോക്കിക്കാണുന്നത് പലപ്പോഴും ഭൂതകാലത്തെ കുറിച്ചുള്ള ഓര്‍മ്മകളില്‍നിന്നും ധാരണകളില്‍ നിന്നും നാം ഉണ്ടാക്കിയെടുത്ത കണ്ണടയിലൂടെ ആയിരിക്കും. ഓര്‍മ്മകളും ധാരണകളും ആകട്ടെ അപൂര്‍ണ്ണവും അപക്വവും. ഇത് മനുഷ്യന്റെ ശീലമാണ്. മനുഷ്യന് ഇങ്ങനെയേ കഴിയൂ. കോവിലന്‍ ഈ സത്യം മനസ്സിലാക്കി, അത് തന്റെ എഴുത്ത് ശൈലിയില്‍ കൊണ്ടു വരാന്‍ ശ്രമിച്ചിരിക്കുന്നു. ആന്‍ഡ്രേ താര്‍ക്കോവ്സ്കിയുടെ ഇവാന്‍സ് ചൈല്‍ഡ്ഹുഡ്, നൊസ്റ്റാള്‍ജിയ, മിറര്‍ തുടങ്ങിയ സിനിമകളില്‍, അദ്ദേഹം ഭൂതകാലത്തെ കുറിച്ചുള്ള കഥാപാത്രങ്ങളുടെ ഓര്‍മ്മകളെ ഇത്തരത്തില്‍ പുന:സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതാണ് തോറ്റങ്ങള്‍ വായിക്കുമ്പോള്‍ എന്റെ മനസ്സില്‍ മിന്നി മറിഞ്ഞു കൊണ്ടിരുന്നത്. വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സംശയം ബാക്കി: കോവിലന് അദ്ദേഹം അര്‍ഹിക്കുന്ന ശ്രദ്ധ, സ്ഥാനം മലയാളി വായനക്കാരില്‍ നിന്നു കിട്ടിയിട്ടുണ്ടോ?

2014, ഡിസംബർ 7, ഞായറാഴ്‌ച

ഒരു പൈങ്കിളി പോസ്റ്റ് ;)

"ഈ ബൂലോഗത്തിലെ പല പ്രസിദ്ധങ്ങളായ ബ്ലോഗ് പോസ്റ്റുകളും ന്റെ ബ്ലോഗീന്ന് പലരും പലപ്പോഴായി അടിച്ചോണ്ടു പോയതാട്ട്വോ. കോപ്പിയടി കൂട്ണേനെപ്പറ്റി ഞാന്‍ ന്ത് പറയാന്‍! എഴുത്ത് മുഴുവന്‍ ന്റേം പ്രസിദ്ധി മുഴുവന്‍ അവര്‍ക്കും."

ശോകം.

"അല്ലാ, നിന്റെ ബ്ലോഗില്‍ കുറച്ചു പോസ്റ്റു മാത്രമല്ലേ ഉള്ളൂ? മറ്റെവിടെയും വായിച്ചതൊന്നും നിന്റെ ബ്ലോഗില്‍ കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. എന്തോ, ഇനി ഞാന്‍ കാണാഞ്ഞിട്ടായിരിക്കും."

അത്ഭുതം!

"എന്ത് കാണാഞ്ഞിട്ടോ? . . . .  ഇപ്പോ മ്മടെ വീട്ടീന്ന് ഒരു തണ്ണിക്കിണ്ടി കള്ളന്‍ കട്ടോണ്ടുപോയാപ്പിന്നെ അത് അവടെ കാണാന്‍ പറ്റ്വോ?"

ചോദ്യം?

"? . . . . ഇല്ല. "

സംശയം.

"ആ അതുപോലെന്ന്യാ ഇദും."

"ങേ?"

ങേ!

2014, ഡിസംബർ 1, തിങ്കളാഴ്‌ച

കോവിലന്റെ തട്ടകം: എന്റെ വായന



തട്ടകം വായിച്ചു കഴിഞ്ഞു. കോവിലന്റെ ശബ്ദം മനസ്സിന്റെ ആഴങ്ങളില്‍ വിരാജിക്കുന്നു. ഒരു വേറിട്ട ശബ്ദം തന്നെ. വായന ഒരു വേറിട്ട അനുഭവവും.

സത്യതില്‍ കോവിലന്‍ പുതുതായി എനിക്ക് എന്തെങ്കിലും പറഞ്ഞു തന്നോ? ഉണ്ടായിരിക്കാം. എന്നാല്‍ വായിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ മനസ്സിലുണര്‍ന്നത് പൊയ്പ്പോയ ഒരു കാലത്തെ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു. തട്ടകം പറയുന്നത് എന്റെ കാലത്തിനു മുമ്പുള്ള കഥകളായിരിക്കാം. ഞാന്‍ ജനിക്കുന്നതിനും നാലു പതിറ്റാട്ടു മുമ്പേ തട്ടകം വാക്കുകളാല്‍ വരച്ചിട്ട കഥകള്‍ അവസാനിക്കുന്നു. പക്ഷേ, ആ കഥകളും അവയില്‍ വിവരിക്കുന്ന ജീവിതവും എനിക്ക് അന്യമല്ല. എന്റെ കുട്ടിക്കാലവും തട്ടകം പോലെ തന്നെ ആയിരുന്നു. പരസ്പരം അടുത്തറിഞ്ഞു ജീവിച്ചിരുന്ന നാട്ടുകാര്‍, ഉറക്കം വരുന്നതു വരെ കഥകള്‍ പറഞ്ഞു തന്നിരുന്ന അച്ഛന്‍, അച്ഛന്റെ നെഞ്ചിന്റെ ചൂട്, കഞ്ഞി, ചമ്മന്തി തുടങ്ങിയ നാടന്‍ ഭക്ഷണം, നാടിനായി ഒരു വൈദ്യന്‍, തെങ്ങുകയറ്റക്കാര്‍, വീട്ടില്‍ വരാന്‍ തയ്യാറുള്ള ക്ഷുരകന്‍, കണ്ടംകൊത്തുകാര്‍, സിമന്റു പണിക്കാര്‍, മേസ്തിരി, വെള്ളമുണ്ടും ഷര്ട്ടുമണിഞ്ഞ ദൈവതുല്യരായ മാഷുമാര്‍, വീടുകളില്‍ വളര്‍ത്തിയിരുന്ന കാളകള്‍, പശുക്കള്‍, എരുമകള്‍, കോഴികള്‍, നിരത്തിലിറങ്ങിയാല്‍ കണ്ടിരുന്ന ആനകള്‍, കാളവണ്ടികള്‍, പിന്നെ കാവ്, തിറ, ചെണ്ടകൊട്ട്, ഉത്സവം, അങ്ങനെ അങ്ങനെ. ഓര്‍മ്മകള്‍ മരിക്കുന്നില്ല, ഒരു കാലഘട്ടമോ അതിലെ ജീവിതങ്ങളോ പോലും. 

തട്ടകം എപ്പോഴാണ് തുടങ്ങുന്നത്? ഏതുകാലം? ഏതു വര്‍ഷം? അങ്ങനെ ഒന്നും ചോദിക്കരുത്. തട്ടകം കാലങ്ങള്‍ക്കതീതമാകുന്നു. പണ്ടു പണ്ടു പണ്ടൊരു പുരാതനകാലത്ത് തട്ടകം ആരംഭിക്കുന്നു. തുടക്കത്തിലെ ഭാഷ മനസ്സിലാക്കുവാന്‍ ഇത്തിരി ബുദ്ധിമുട്ടി. പിന്നെ കാലം പരിണമിക്കുന്നു. കഥാപാത്രങ്ങളും. അതിനനുസരിച്ച് തട്ടകത്തിന്റെ എഴുത്തും മാറുന്നു. ഭാഷമാറുന്നു. വാക്കുകള്‍ കൂടുതല്‍ കൂടുതല്‍ പരിചിതങ്ങളാകുന്നു. പതിയെ ഇംഗ്ലീഷും കടന്നു വരുന്നു. നാട്ടുഭരണം, പ്രമാണിമാര്‍, നാട്ടുയുദ്ധങ്ങള്‍, രാജഭരണം, ദിവാന്‍, പോലീസ്, തോക്ക്, കാറ്, തൊട്ടുകൂടായ്മ, തീണ്ടല്‍, മേലാളര്‍, കീഴാളര്‍, സഹോദരന്‍ അയ്യപ്പന്‍, നാരായണഗുരു, നവോത്ഥാനം, സ്ത്രീകളുടെ സ്വത്തവകാശം, ഗുരുവായൂര്‍ സത്യാഗ്രഹം, എഴുത്തുപള്ളി, എഴുത്താശാന്‍, പിന്നെ സ്കൂള്‍, ഗാന്ധിജി, സ്വാതന്ത്ര്യസമരം അങ്ങനെ അങ്ങനെ തട്ടകം പുരോഗമിക്കുന്നു. അതിനിടെ യാഥാര്‍ത്ഥ്യവും നാട്ടുകഥകളും ചരിത്രവും ഇതിഹാസങ്ങളും കെട്ടുകഥകളും എല്ലാം എല്ലാം ഏതേതെന്നറിയാതെ കൂടിക്കലര്‍ന്ന് ഒരു ഗ്രാമത്തിന്റെ, മൂപ്പിലശ്ശേരിയുടെ, അവിടെ ജീവിച്ച മനുഷ്യരുടെ, അവരുടെ ലോകത്തിന്റെ, ലോകബോധത്തിന്റെ, ജീവിതബോധത്തിന്റെ വ്യക്തമാര്‍ന്ന ഒരു ചിത്രം നമുക്കു മുമ്പില്‍ വിരിയുന്നു.

ഇത് ആരുടെ കഥയാണ്? ആരാണ് മുഖ്യകഥാപാത്രം? അങ്ങനെയും ചോദിക്കരുത്. ഇത് കഥയല്ല, ചരിത്രമാകുന്നു. ഒരു ജനതയുടെ ചരിത്രം. പ്രാകൃതത്തില്‍ നിന്നും നാഗരികതയിലേക്ക് മെല്ലെ മെല്ലെ പരിണമിച്ച മലയാളിയുടെ ചരിത്രം. ഒരിക്കല്‍ കോവിലന്‍ പറഞ്ഞത്രെ, "തട്ടകം എന്നാല്‍ ഇന്ത്യ തന്നെ‌!" ആയിരിക്കാം. ഇന്ത്യയെ ഇനിയും അറിയാത്ത ഒരുവന്‍ എന്ന നിലക്ക് തട്ടകം മലയാളം തന്നെ എന്നു പറയാനേ എനിക്കു കഴിയൂ. അതുപോലെ കോവിലന്‍ മലയാളത്തിന്റെ ജയിംസ് ജോയ്സ് എന്നും. എന്തെന്നാല്‍ ജോയ്സിന്റെ 'എ പോര്‍ട്രയിറ്റ് ഓഫ് ദി ആര്‍ട്ടിസ്റ്റ് ഏസ് എ യങ്ങ് മാന്‍' എന്ന നോവലുമായി വല്ലാത്തൊരു ബന്ധം തട്ടകത്തിന് ഉണ്ട് എന്നു എനിക്ക് തോന്നുന്നു. അത് മറ്റൊന്നിലും അല്ല, തന്നെ താനാക്കിയത്, ഒരു എഴുത്തുകാരനാക്കിയത്, എന്താണ് എന്ന് ഒരു കഥാകാരന്‍ സ്വയം കഥയിലൂടെ വിലയിരുത്തുന്നു എന്നതിലാണ്. ഏറ്റവും അവസാനം "ഗാന്ധിജി ജയിലില്‍ കിടക്കുമ്പോള്‍ ഞാന്‍ പഠിക്കുന്നതെങ്ങിനെ" എന്നു ചോദിച്ച് സ്കൂള്‍ പഠനം ബഹിഷ്ക്കരിച്ച അപ്പുക്കുട്ടന്‍ സ്വയം കവിയാവാന്‍ പ്രതിജ്ഞ എടുക്കുന്നിടത്ത് തട്ടകം അവസാനിക്കുകയാണ്. അച്ഛന്റെ ആഗ്രഹത്തിനനുസരിച്ച് പഠിപ്പ് പൂര്‍ത്തീകരിച്ച് ഒരു 'വിദ്വാന്‍' ആവാന്‍ തനിക്കു കഴിഞ്ഞില്ല. എന്നാല്‍ വിദ്വാന്‍ ആവാതെ തന്നെ വിദ്വാന്‍ ജി ശങ്കരക്കുറുപ്പിനെ പോലെ കവിയായി താന്‍ മാറും എന്നു അപ്പുക്കുട്ടന്‍ വിചാരിക്കുകയാണ്. കഥ പെട്ടെന്നു നിര്‍ത്തിയപോലെ! ഇത് അവസാനിക്കാറായോ? അപ്പുക്കുട്ടന്‍ കോവിലന്‍ തന്നെയാകുന്നു. തുടര്‍ന്നുള്ള കഥ കോവിലന്റെ ജീവിതം ആകുന്നു! ജോയ്സിന്റെ പോര്‍ട്രയിറ്റും ഇങ്ങനെ തന്നെയാണ് അവസാനിക്കുന്നത്. അത് ജോയ്സിനെ തുടര്‍ന്ന് വായിക്കാന്‍ എനിക്കു പ്രചോദനം നല്‍കിയപോലെ തട്ടകം കോവിലനെ തുടര്‍ന്നു വായിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

അപ്പുക്കുട്ടന്‍ തട്ടകത്തില്‍ പ്രത്യക്ഷപ്പെട്ട മുതല്‍ എന്റെ മനസ്സിനെ കീഴടക്കി. കുഞ്ഞായിരിക്കുമ്പോളുള്ള അവന്റെ ചിന്തകള്‍, കാഴ്ചകള്‍, ഭയങ്ങള്‍! ഞാന്‍ തന്നെയല്ലെ അപ്പുക്കുട്ടന്‍ എന്ന് എനിക്കു തോന്നിയിരുന്നു. അതിനു പുറമേ, കുട്ടിയായ അപ്പുക്കുട്ടന്റെ ഓരോ ഭാവവും ഒന്നര വയസ്സുള്ള എന്റെ മകന്റെ മുഖമാണ് എന്റെ മനസ്സിലുണര്‍ത്തിയത് എന്നതും അവനെ എനിക്കു പ്രിയങ്കരനാക്കി. അതുപോലെ മറ്റനേകം കഥാപാത്രങ്ങള്‍, ഉണ്ണികോരന്‍, അയ്യപ്പന്‍, ഗോസ്വാമി, മരിച്ചു ഉറുമ്പു തിന്നു പോയ കറപ്പന്‍, കാളിയമ്മ, നേത്യാരമ്മ, അങ്ങനെ എത്രയെത്ര!

കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍ മമ്മൂട്ടി  പറഞ്ഞതായി ഒരു വാര്‍ത്ത കണ്ടു: മലയാളിക്ക് അപരിചിതരോട് വിരോധമാണ്; നിരത്തുകളില്‍ വണ്ടി ഓടിക്കുന്നവരില്‍ ഇത് പ്രകടമാണ്. ഇങ്ങനെ വരാമോ എന്നു ചോദിച്ചാല്‍ എന്നെ പഠിപ്പിക്കാന്‍ നീ ആര് എന്നു തട്ടിക്കേറുന്നു. തട്ടകത്തില്‍ ഒരു കഥാപാത്രമുണ്ട്. തനിക്ക് ലഭിച്ച പാട്ടഭൂമിയില്‍, താന്‍ കൃഷിചെയ്യുന്ന മണ്ണില്‍, മറ്റൊരാള്‍ ചവിട്ടുന്നത് അയാള്‍ക്ക് സഹിക്കുന്നില്ല. കാലില്‍ മണ്ണ് പറ്റും, അത് അവന്‍ കൊണ്ടുപോകും, അത്രെ! എന്റെ തൊടിയിലൂടെ ആരെടാ വഴിപോകുന്നത് എന്നു ചോദിക്കുന്ന ഇത്തരം കാരണവര്‍മാര്‍ ഒരു കാലത്ത് നമുക്കുണ്ടായിരുന്നില്ലേ? ഒരു പക്ഷേ, അതുകൊണ്ടല്ലേ നാം ഇന്ന് നമ്മുടെ തൊടികള്‍ മതിലുകള്‍ കെട്ടിത്തിരിച്ചു വച്ചിരിക്കുന്നത്? ഈ അന്യരോടുള്ള വിരോധം ഇന്നുണ്ടായതാണോ? അത് ഒരു കാലഘട്ടത്തിന്റെ തന്നെ ബാക്കിപത്രമായിക്കൂടേ? ഏതായാലും മതിലുകള്‍ ഇല്ലാതിരുന്ന മലയാളനാട് എന്റെ ഓര്‍മ്മയില്‍ ഇപ്പോഴും ഉണ്ട്. എന്റെ കൗമാരകാലത്താണ് ഒരു പക്ഷേ ഏറ്റവും കൂടുതല്‍ മതിലുകള്‍ ഉയര്‍ന്നു വന്നത്. അപ്പോഴാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ ഉണ്ടായത്, കൂട്ടുകുടുംബങ്ങള്‍ ഇല്ലാതായത്.


ഇന്ന് മലയാളി കൂടുതല്‍ മാറിയിരിക്കുന്നു. ഗോത്രജീവിതവും ഗോത്രഭാഷയും ഗോത്രസംസ്ക്കാരവും മലയാളിക്ക് ഇന്ന് അന്യമായിരിക്കുന്നു. എന്നാല്‍ ഇന്നും മലയാളക്കരയില്‍ നിലനില്‍ക്കുന്ന പല വിശ്വാസങ്ങളുടെയും നാട്ടാചാരങ്ങളുടെയും ജീവിതരീതിയുടെയും വേര് നമ്മുടെ ഗോത്രചരിത്രത്തിലാണ് എന്ന് തട്ടകം നമുക്ക് കാണിച്ചു തരുന്നു. ഓരോ കാലത്തിനും അതിന്റെതായ ജീവിതരീതികളുണ്ട്. തെറ്റും ശരികളും ഉണ്ട്. അന്നത്തെ മനുഷ്യര്‍ അവയ്ക്കൊക്കെ അനുസരിച്ച് ജീവിച്ചു പോന്നു. ജീവിക്കുന്നതിനൊപ്പം ജീവിതത്തെ അവര്‍ തന്നെ അറിയാതെ മാറ്റുന്നു. പുതിയ തലമുറകള്‍ വരുമ്പോള്‍ തെറ്റും ശരികളും മാറുന്നു. ജീവിതം മാറുന്നു. തൊഴിലുകള്‍ മാറുന്നു. പുതിയ വ്യവസായങ്ങള്‍ വരുന്നു. പൊയ്പ്പോയ കാലത്തിന്റെ ശരികള്‍ നമുക്ക് ഇന്നു തെറ്റുകളായിരിക്കാം. നമ്മുടെ ശരികള്‍ വരുംതലമുറക്ക് തെറ്റുകളായി മാറാം. എന്റേതല്ലാത്ത കാലത്തെ ജീവിതത്തെ വിമര്‍ശിക്കാന്‍ എനിക്ക് എന്തവകാശം! സംസ്കാരം മാറുന്നതാകുന്നു. ഭാഷ മാറ്റത്തിനു വിധേയമാകുന്നു. ജീവിതരീതികള്‍ മാറിയേ തീരു. തട്ടകം ഇതൊക്കെ നമുക്ക് കാണിച്ചു തരുന്നു.

കോവിലന്റെ അവസാന നാളുകളില്‍ അദ്ദേഹം കാലത്തിന്റെ  ഈ മാറ്റത്തെകുറിച്ച് വിലപിച്ചിരുന്നു: ഇന്ന് ജീവിതം മാറിയിരിക്കുന്നു. എല്ലാവര്‍ക്കും ആവശ്യത്തിന് പണം ഇന്നുണ്ട്. മുമ്പത്തെ ഓര്‍മ്മകള്‍ വച്ച് കഥകള്‍ എഴുതിയാല്‍ ഇന്ന് വായിക്കാന്‍ ആളുണ്ടാകില്ല എന്ന് അദ്ദേഹം ഭയപ്പെട്ടു. ഈ മാറിയ കാലഘട്ടത്തില്‍ താന്‍ വളരെ ഒറ്റപ്പെട്ടുപോയതായി തോന്നുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി.

തട്ടകം മലയാളത്തിലേക്കുള്ള എന്റെ തിരിച്ചുപോക്കാകുന്നു. എന്റെ കുട്ടിക്കാലത്തെ വിസ്മരിക്കപ്പെട്ട ഓര്‍മ്മകളെ അത് ഉണര്‍ത്തുന്നു. ജോലിക്കു വേണ്ടി നാട്ടില്‍ നിന്നും വിട്ടു കഴിയുന്ന എനിക്ക് ഒരു ഓര്‍മ്മപ്പെടുത്തലാകുന്നു തട്ടകം. ഞാന്‍ ആരാണ്, ആരായിരുന്നു, എവിടുന്നു വന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍‌!

പി സന്ദീപ്
ചെന്നൈ, നവംബര്‍ 30, 2014.




2014, നവംബർ 9, ഞായറാഴ്‌ച

ഗോ എഹഡ്, മേക്ക് മൈ ഡേ!

ഉണര്‍ന്നപ്പോള്‍ വൈകി. എന്നിട്ടും പുതപ്പിനടിയില്‍ ഞാന്‍ മടി പിടിച്ചു കുറേ നേരം കിടന്നു. അലസത -- അതെന്റെ കൂടെപ്പിറപ്പാണല്ലോ? അപ്പോള്‍ വിശപ്പ് എന്നോട് ചോദിച്ചു: അതേയ്, ഞാന്‍ നിക്കണോ അതോ പോണോ? കാത്തിരിപ്പിന്റെ നിരാശയും ക്ഷീണവും ആ ശബ്ദത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു. നീ പോടാ. ഞാന്‍ കമഴ്ന്നു കിടന്നു. കിടക്കയില്‍ അമര്‍ന്നപ്പോള്‍ വിശക്കുന്ന വയറിന് ഒരു ആശ്വാസം. ആ കിടത്തത്തില്‍ ഞാന്‍ വീണ്ടും ഉറങ്ങിപ്പോയി. അസ്തമയ സൂര്യനെ പോലെ എന്റെ ബോധം മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് താഴ്ന്നിറങ്ങുകയായിരുന്നു. ശരിക്കും. തന്നെ. വെറുതെ പറഞ്ഞതല്ല. അങ്ങനെയാണ് ഞാന്‍ ഉറങ്ങാറ്. മെല്ലെ മെല്ലെ ഞാന്‍ അലിഞ്ഞില്ലാതാകും. പിന്നെ, ചിദാനന്ദരൂപം ശിവോഹം ശിവോഹം. 

തോക്കുകള്‍ എനിക്ക് വലിയ ഇഷ്ടമാണ്. മാഗ്നം ഫോഴ്സ്. ഡു യു ഫീല്‍ ലക്കി? ഗോ എഹഡ്, മേക് മൈ ഡേ. ഗെറ്റ് ഫോര്‍ കോഫിന്‍സ് റെഡി. സ്റ്റിക് ഇറ്റ് ഇന്‍ യുവര്‍ ആസ്. പറയണ്ടല്ലോ? ക്ലിന്റ് ഈസ്റ്റ്‌വുഡും.


ഞാന്‍ ക്ലിന്‍റ്റ് ഈസ്റ്റ്‌വുഡ് അല്ല. മൂപ്പര്‍ പണ്ട് പട്ടാളത്തിലായിരുന്നു. ഞാനും. ആണോ? അല്ലേ? .44 മാഗ്നം ഒരു പഴയ തോക്കാണ്. ഇത് ആധുനികനാണ്. എം16 സീരീസ്. എകെ ഫോട്ടിസെവനേക്കാള്‍ കൃത്യതയുള്ളവന്‍. ഞാന്‍ അതിന്റെ ലെന്സിലൂടെ ആകാശത്ത് ചന്ദ്രനെ നോക്കി ഉന്നം പിടിച്ചു. ഒറ്റ വെടിക്ക് ചന്ദ്രനെ വരെ വെടിവെച്ചു താഴെയിടാം എന്നു തോന്നിപ്പോയി. അതാണ് ഇവന്‍. അവനെ ഞാന്‍ ഇങ്ങനെ തലോടിക്കൊണ്ടിരുന്നു. ഒരു മാദക സുന്ദരിയായ പ്രോസ്റ്റിറ്റ്യൂട്ടിനെ തഴുകുന്ന പോലെ. സ്കൂള്‍ വിട്ടു വരുമ്പോള്‍ ബസില്‍ പുറകില്‍ നിന്ന ഒരു മധ്യവയസ്കന്‍ എന്റെ തുടകളിലും ബട്ടക്സിലും പണ്ട് തഴുകിയ പോലെ. 

സര്‍, ദേ ആര്‍ കമിങ്ങ്. വേര്‍ ഫ്രൊം? ടേക് പൊസിഷ്യന്‍സ്. അലെര്‍ട്ട്. സ്റ്റിക് ടു ദി പ്ലാന്‍. ബി വെരി വെരി സ്റ്റെല്‍ത്തി. ഐ വാണ്ട് നോ കാഷ്വാല്‍റ്റീസ് ഓണ്‍ ഔര്‍ സൈഡ്. ഞങ്ങള്‍ മരങ്ങള്‍ക്കു മുകളിലായിരുന്നു നില്‍പുറപ്പിച്ചിരുന്നത്. ഈ നശിച്ച കാട്ടിനുള്ളില്‍ ഈ നായ്ക്കളെയും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഇവറ്റകള്‍ ഇപ്പോഴാണോ വരുന്നത്? തോക്കിന്റെ ലെന്‍സിലൂടെ ഞാന്‍ നോക്കി. ഒന്നുമറിയാതെ, മരണത്തിലേക്ക് വരിവരിയായി നടന്നു വരുന്ന ഉറുമ്പുകൂട്ടം. അവരെ കാത്ത് വേട്ടമൃഗങ്ങളെ പോലെ ഞങ്ങള്‍ -- ശ്വാസം അടക്കിപ്പിടിച്ച്, സ്വന്തം ഹൃദയമിഡിപ്പിനെ പോലും നിയന്ത്രിച്ചുകൊണ്ട്, നിമിഷങ്ങള്‍ എണ്ണി എണ്ണി. അവര്‍ക്കായി ഞങ്ങള്‍ ഒരുക്കിയ അദൃശ്യവലയത്തില്‍ പ്രവേശിച്ചിതു മാത്രമേ അവര്‍ ഓര്‍ക്കുകയുള്ളൂ. പിന്നെ എന്തെങ്കിലും ചിന്തിക്കാനോ എന്താണ് നടക്കുന്നത് എന്നു മനസ്സിലാക്കുവാനോ ഞങ്ങള്‍ അവര്‍ക്ക് സമയം കൊടുത്തില്ല. വെല്‍കം ടു ബ്ലഡ് ബാത്ത്, യൂ ഫില്‍ത്തി ഡോഗ്സ്. വെല്‍കം ടു ദ ബ്ലഡ് ബാത്ത് ദാറ്റ് യൂ ഹാവ് ആസ്ക്ഡ് ഫോര്‍, യൂ ബാസ്റ്റഡ്സ്. 

തിരിച്ചുള്ള യാത്രയില്‍ മിലിട്ടറിവാനില്‍ കമഴ്ന്നു കിടന്നുറങ്ങുമ്പോള്‍ ഒരു കൊതുക് എന്റെ പിന്‍കഴുത്തിലെ ധമനികളില്‍ നിന്നും ചോര ഊറ്റിക്കുടിച്ചുകൊണ്ടിരുന്നു. എന്നിട്ടും അതിന്റെ സ്പര്‍ശനം ഒരു പെണ്ണിന്റേതുപോലെയാണെന്നാണ് എനിക്ക് തോന്നിയത്. ഉടലാകെ ഒരു കോരിത്തരിപ്പ്. പെണ്‍കൊതുക് മാത്രമേ രക്തം കുടിക്കൂ എന്നു പറഞ്ഞത് നേരാണോ?

ചിന്തിക്കുക!

മരുഭൂമിയിലൂടെ കുതിച്ചുപായുന്ന ആര്‍മി ജീപ്പില്‍ ഡ്രൈവര്‍ക്കും എനിക്കും ഇടയിലായി അവന്‍ ഇരുന്നു. വിലങ്ങിട്ട കൈകള്‍. കരഞ്ഞു വീങ്ങിയ കണ്ണുകള്‍. രക്തത്തില്‍ കുളിച്ച മുഖം. തോക്കിന്റെ പാത്തികൊണ്ട് അവന്റെ മൂക്ക് അടിച്ചുതകര്‍ത്തത് ഞാനാണ്. ഇനി എത്ര പോകണം? എത്താറായി. ദാ അവിടെ. ജീപ്പ് നിര്‍ത്തി. അകലെയായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആട്ടിന്‍പറ്റം. അതിനും അപ്പുറത്തായി ഒരു ഗ്രാമത്തിന്റെ നിഴല്‍. വീ നീഡ് എയര്‍ സപ്പോര്‍ട്ട്. എനമി ഹൈഡ്ഔട്ട് സ്പോട്ടഡ്. നിമിഷങ്ങള്‍ക്കകം തലക്കു മുകളില്‍ ഇരമ്പുന്ന പോര്‍വിമാനങ്ങള്‍. 'അറ്റാക്ക്! ദെന്‍ വീ ഷാല്‍ സീ'. എനമി സ്പോട്ടഡ്, എനമി സ്പോട്ടഡ്! റിക്വസ്റ്റിങ്ങ് ഫോര്‍ പെര്‍മിഷന്‍ ടു എന്‍ഗേജ്! റിക്വസ്റ്റിങ്ങ് ഫോര്‍ പെര്‍മിഷന്‍ ടു എന്‍ഗേജ്! സ്റ്റാന്റ് ഡൗണ്‍, സ്റ്റാന്റ് ഡൗണ്‍. പെര്‍മിഷന്‍ ടു എന്‍ഗേജ്! പെര്‍മിഷന്‍ ടു എന്‍ഗേജ്! റോജര്‍ ദാറ്റ്, ക്യാപ്റ്റന്‍. 

ഡു യു ഫീല്‍ ലക്കി? ഗോ എഹഡ്, മേക് മൈ ഡേ. 

'അക്ഷരങ്ങള്‍ അച്ചടിച്ച പുസ്തകത്താളുകളില്‍ യുദ്ധത്തെ കുറിച്ച് ചര്‍ച്ച നടത്തുന്ന ബുദ്ധിജീവികള്‍ക്ക് യഥാര്‍ത്ഥ യുദ്ധം എന്താണെന്ന് അറിയില്ല. അവര്‍ക്ക് കണ്ണീരിന്റെ ചൂട് എന്താണെന്ന് അറിയില്ല.'

യു മീന്‍ ടിയേഴ്സ്, മൈ ബോയ്? ടിയേഴ്സ് മൈ ആസ്.

ഇവിടെ കണ്ണുനീര്‍ ഇല്ല. കണ്ണു നീരിനും ചൂടോ? രക്തത്തിന്റെ ചൂട് മാത്രമേ ഞാന്‍ അറിഞ്ഞിട്ടുള്ളൂ. യുദ്ധം ചെയ്തു കഴിയുമ്പോള്‍ വല്ലാത്ത വിശപ്പാണ്. കുടല്‍ കരിയുന്ന വിശപ്പ്. ഒരു ഗ്രാമം വൈപ് ഔട്ട് ആയിരിക്കുന്നു. ഓള്‍ സ്റ്റാന്റ് ഡൗണ്‍. ഓള്‍ സ്റ്റാന്റ് ഡൗണ്‍. ഇനി നമുക്ക് എന്തെങ്കിലും കഴിക്കാം.

കഴിക്കാം.

ആസ്റ്റന്‍ മാര്‍ടിന്‍ പറന്ന് വന്ന് ഒരു സഡന്‍ ബ്രേക്ക് ഇട്ടു നിന്നു. ഈ ചെറിയ റോഡിലൂടെയാണൊ, ഈ പന്നി ഇത്ര സ്പീഡില്‍ വണ്ടി ഓടിക്കുന്നത്? ഒരു കാറുള്ളതിന്റെ അഹങ്കാരമേ! ഇവനെയൊക്കെ....


ഞാന്‍ ഇറങ്ങി. നേരെ ബാറിലേക്ക്. നീലക്കണ്ണുള്ള വൈറ്റ് സ്കിന്നുള്ള സുന്ദരിയുടെ നോട്ടം എന്നില്‍ പതിയുന്നത് ഞാനറിഞ്ഞിരുന്നു. മേനോത്തി ആരിക്കും. അല്ലെങ്കില്‍ നായര്‍. അല്ലെങ്കില്‍ നമ്പ്യാര്‍. അങ്ങനെ ഒക്കെ അല്ലാതെ നായികയുണ്ടോ? ചുരുങ്ങിയത് കന്യകയെങ്കിലും ആയിരിക്കും. എന്തായാലും, വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ? എന്നിലേക്കുള്ള വഴി നിന്റെ മുന്നില്‍ ഞാന്‍ എപ്പോഴും തുറന്നിട്ടിരിക്കുന്നെടീ, കുവേ (ട്രാന്സ്ലേഷന്‍: പ്രിയേ). പാതിരാത്രിയായാല്‍ നല്ലത്. മറൈന്‍ ഡ്രൈവില്‍ ഒരു പട്ടിശവവും ഉണ്ടാകില്ല. നിനക്ക് സമ്മതമാണെങ്കില്‍, നമുക്ക് കിസ്സടിച്ച് കുറച്ചു നേരം ഇരിക്കാം. കിസ്സോ? അല്ല, ഫോര്‍പ്ലേ. അതാ ഉദ്ദേശിച്ചത്. എന്നിട്ട് ....

സൊ, വാട്ട് വില്‍ യൂ ഹാവ്, മിസ്റ്റര്‍....?

ദ യൂഷ്വല്‍, ബേബി. ഷേക്കന്‍ നോട്ട് സ്റ്റേര്‍ഡ്.

കഴിക്കാന്‍?

കഴിക്കാന്‍ ഇനി എണീറ്റ് ശരവണഭവന്‍ വരെ എന്റെ പട്ടി പോകും. വിശപ്പ്. എന്തിനാണാവോ, ശരീരം ഇങ്ങനൊക്കെ ഓരോന്ന് ആവശ്യപ്പെടുന്നത്? അര കിലോ ആപ്പിള്‍! ഫ്രിഡ്ജിലുണ്ടാവണം. മിനിഞ്ഞാന്നോ മറ്റോ വാങ്ങി വച്ചതാണ്. ശരീരമേ എണീല്‍ക്കൂ! ശരീരം ഇഷ്ടമില്ലാതെ എണീറ്റു. നടക്കൂ. നടന്നു. തുറക്കൂ. തുറന്നു. ആപ്പിള്‍. മൂന്നെണ്ണം. എടുക്കൂ. എടുത്തു. എന്നിട്ടോ? മൂന്നും കെട്ടു പോയിരിക്കുന്നു. ഉള്ളില്‍ നിന്ന് ആരോ പറഞ്ഞു, ആപ്പിള്‍ കെട്ടു പോകുന്നതിന് മുമ്പ് കഴിച്ചില്ലെങ്കില്‍ അതു കെട്ടു പോകും, ബേബി.

--സന്ദീപ് പാലക്കല്‍
ചെന്നൈ.

2014, ഓഗസ്റ്റ് 13, ബുധനാഴ്‌ച

അമൂര്‍ത്തം

നിങ്ങള്‍ക്ക് ഞാന്‍ ഒരു ശൂന്യതയായി
തോന്നുന്നുണ്ടാകാം.
എന്നാല്‍,
വെറുമൊരു ശൂന്യതയല്ല;
ശൂന്യമായ ഒരു ഉണ്മയാകുന്നു ഞാന്‍;
ശുദ്ധമായ ആത്മബോധം.
എന്നെ ഞാന്‍ എന്റെ സാദ്ധ്യതകളുടെ
അതിര്‍വരമ്പുകളിലേക്ക് നയിക്കുമ്പോള്‍
ആ അതിര്‍വരമ്പുകള്‍
ചക്രവാളങ്ങളിലേക്ക് തെന്നി മാറുന്നു!
അതിര്‍വരമ്പുകള്‍, ചക്രവാളങ്ങള്‍
മിഥ്യകളത്രെ.
ഉണ്മ ആപേക്ഷികവും
ആത്മബോധം നശ്വരവും
ശൂന്യത ദുര്‍ഗ്രാഹ്യമായ
ഒരു മരീചികയുമത്രെ.

സന്ദീപ് പാലക്കല്‍
ചെന്നൈ, ആഗസ്റ്റ് 13, 2014.

ഇതുമായി ബന്ധപ്പെട്ടത്: http://sandeeppalakkal.blogspot.in/2014/08/the-abstract.html

2014, ജൂലൈ 27, ഞായറാഴ്‌ച

അടിമ, ഉടമ, ലോകം

കടുത്ത വിഷാദം. ഡിപ്രഷന്‍. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.

പിന്നെ ചിന്തിച്ചു. ഇപ്പോഴോ? എന്തിന്? ഒരു ദിവസം കൂടെ കഴിയട്ടെ. നേരമെങ്കിലും ഒന്നു പുലരട്ടെ. നാളെ ഞായറാഴ്ചയല്ലേ. അവധിയല്ലേ. ശൂന്യമായ ഒരു പകല്‍ കൂടെ ആസ്വദിച്ചിട്ട് അവസാനിപ്പിക്കാം ഈ ജീവിതം. എന്തിനിങ്ങനെ ജീവിച്ചിട്ട്? ചിന്തകള്‍ കാടു കയറുന്നു. അപ്പോഴാണ് വേണ്ടാത്ത ചിന്തകള്‍ തോന്നുക. സമയം മൂന്നരയായിരുന്നു. ബ്രാഹ്മമുഹൂര്‍ത്തം കഴിയുന്നു. എപ്പോഴാണ് ഒന്നുറങ്ങുക.

ഒരു സ്മാള്‍ കൂടെ ഒഴിച്ച് ഇരുട്ടത്ത് ജനാലക്കരികില്‍ വന്നിരുന്നു. പുറത്ത് വൃത്തികെട്ട ഒരു നഗരം സുന്ദരമായ സ്വപ്നങ്ങള്‍ കണ്ട് സുഷുപ്തിയിലാണ്. ഒരു ശബ്ദവും കേള്‍ക്കാനില്ല. ഉറങ്ങുന്ന നഗരവും ശ്മശാനവും ഒരു പോലെ മൂകമാണ്. ശാന്തത. അഗാധമായ ശാന്തത. അത് പക്ഷേ എന്നെ ഓര്‍മ്മപ്പെടുത്തിയത് അതിന്റെ തന്നെ ഉണ്മയെയല്ല, മറിച്ച് അശാന്തതയുടെ അഭാവത്തെയാണ്. എനിക്ക് ചുറ്റുമുള്ള ഈ ശാന്തതക്ക്, അത് അശാന്തമായ ഒരു ശാന്തതയാണെങ്കിലും, ഞാന്‍ നന്ദി പറയണം. ദൂരെയുള്ള അജ്ഞാതദേശങ്ങളില്‍ നിന്ന് ഒഴുകി വരുന്ന കാറ്റില്‍ രക്തത്തിന്റെ ഗന്ധം അലിഞ്ഞു ചേര്‍ന്നിരിക്കുന്നത് ഞാനറിയുന്നു. കാരണം ഞാന്‍ മറ്റു പലരെയും പോലെയല്ല. ഈ തൊലിക്കടിയില്‍ ഞാന്‍ ഒരു മൃഗമാകുന്നു. രക്തഗന്ധം തിരിച്ചറിയാന്‍ കഴിയുന്ന ഒരു മൃഗം. രക്തം എന്നില്‍ ഭയമുളവാക്കുന്നു. ഒന്നുകില്‍ പ്രാണനും കൊണ്ട് ഓടണം. അല്ലെങ്കില്‍ മരണം വരെ പൊരുതണം.

മനസ്സില്‍ വല്ലാത്ത ഒരു ഭയം അനുഭവപ്പെട്ടു. മദ്യത്തിന് എന്നെ ഉറക്കാനുള്ള ശക്തി നഷ്ടമായിരിക്കുന്നു. അല്ലെങ്കിലും എങ്ങനെ ഉറക്കം വരാനാണ്? വൈകുന്നേരം നാലുമണിക്ക് ഉറങ്ങിപ്പോയതാണ്. പിന്നെ എഴുന്നേല്‍ക്കുന്നത് രാത്രി പതിനൊന്നു മണിക്ക്. ഉള്ള ഒരു കോഴിമുട്ട പൊട്ടിച്ചുണ്ടാക്കിയ ഓംലെറ്റ് എപ്പോഴേ ദഹിച്ചു പോയിരിക്കുന്നു. വിശപ്പ് എന്നെ ഉള്ളില്‍ നിന്നും പുറത്തേക്ക് കാര്‍ന്നു തിന്നുന്നു. ഇപ്പോള്‍ അവന്‍ വയറു തുളച്ച് പുറത്തു വരും. ഭ്രാന്തുപിടിച്ച് ആദ്യം അവന്‍ എന്നെ ഭക്ഷിക്കും. പിന്നെ ഈ ലോകമാകെ. എല്ലാ നായിന്റെ മക്കളെയും.

വാതിലടച്ചു പുറത്തിറങ്ങി. നടന്നു. ഇനിയും അശുദ്ധമായിട്ടില്ലാത്ത പ്രഭാതവായു. ഇളം കാറ്റ്. മരങ്ങള്‍. ചില്ലകള്‍. ഇലകള്‍. ഒരു കിളി പോലുമില്ല. ഒരു കിളി പോലും. ഇന്നലെ ഒരു കിളിയെ ഞാന്‍ കണ്ടതാണ്. ജനലിലൂടെ. ഒരു മരത്തിന്റെ ഏറ്റവും ഉയര്‍ന്ന കൊമ്പില്‍. അതും ഒരു തത്തയെ. അതിനെ ഞാന്‍ അവള്‍ക്ക് കാണിച്ചു കൊടുത്തു. അതാ, ഒരു തത്ത. അതും ഈ ഊഷരനഗരത്തില്‍. എ പാരറ്റ്? വേര്‍? ഹൌ ലൌലി. പുവര്‍ ബേര്‍ഡ്. ഇറ്റ് ലുക്സ് സോ ലോണ്‍ലി. പാവം.

നീ വായിക്ക് ബാക്കി. കേള്‍ക്കാന്‍ നല്ല രസമുണ്ട്. ഞാന്‍ ഇവിടെ ഇങ്ങനെ കിടക്കാം. അവളുടെ നഗ്നമായ അടിവയറ്റില്‍ തല വച്ച് ഞാന്‍ കിടന്ന് നല്ല ഈണത്തില്‍ വായിച്ചു കൊടുത്തു. വൈറ്റ് കാസില്‍. വെളുത്ത കോട്ട. ഓര്‍ഹാന്‍ പാമുക്. ഓട്ടോമാന്‍ സാമ്രാജ്യം. സുല്‍ത്താന്‍. ഖലീഫ. ഇസ്ലാമിക് സ്റ്റേറ്റ്. ഒരു ഹോജയും അയാളുടെ ഇറ്റാലിയന്‍ അടിമയും. ഇസ്ലാം. കൃസ്ത്യാനിറ്റി. മതം. മത പരിവര്‍ത്തനം. മരണം. സംസ്കാരം. സ്വത്വം. ഒന്നും അവള്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. എന്റെ വായനയുടെ ഈണത്തില്‍ രസം പിടിച്ച്, പാമുക് വാക്കുകളാല്‍ തീര്‍ത്ത ലോകത്ത് അവള്‍ പാറി നടക്കുകയായിരുന്നു. ഇടക്കെപ്പോഴോ ഞാന്‍ പറഞ്ഞു. ഈ മാസ്റ്റര്‍-സ്‌ലേവ് ഡയാലെക്ടിക്സ്. ഒരു സംഭവാല്ലേ? മാസ്റ്റര്‍ ആന്റ് സ്‌ലേവ്? യു മീന്‍ ഐ ആന്റ് യൂ? ഞാനും നീയും? അവളും ഞാനും? പോടി പട്ടിക്കഴുവേറി ഫെമിനിസ്റ്റ് മോളേ. വിളിച്ചില്ല. നീരസം തോന്നിയാലോ? ആധുനിക ലോകത്ത് ജോലിയില്ലാതെ ജീവിക്കാനൊക്കുമോ?

ഇന്നലെ അവളുണ്ടായിരുന്നു കൂടെ. രാവിലെ മുതല്‍ വൈകുന്നേരം വരെ. വിഷാദവും ഏകാന്തതയും ഒന്നും എന്നെ അലട്ടിയിരുന്നില്ല. രക്തഗന്ധവും അന്യമായിരുന്നു. മുറി നിറയെ തങ്ങി നിന്നത് ശുക്ലത്തിന്റെയും യോനിയുടെയും അവളുടെ ഉമിനീരിന്റെയും ഞങ്ങളുടെ വിയര്‍പ്പിന്റെയും ഒക്കെ മണങ്ങള്‍ മാത്രം. ശരീരവും അതിലെ സ്രവങ്ങളും പങ്കുവെയ്ക്കാനുള്ളതാണ്. പങ്കുവെക്കുമ്പോഴാണ് അവക്ക് വിലയുണ്ടാകുന്നത്. അല്ലാതെ പൊതിഞ്ഞുകെട്ടി വ്യായാമം ചെയ്ത് കൊഴുപ്പിച്ച് ബിഎംഐ കൃത്യമായി ക്രമീകരിച്ച് കൊണ്ടുനടക്കുമ്പോഴല്ല. മാംസത്തില്‍ തലോടുമ്പോഴാണ് മനുഷ്യന്‍ ഏറ്റവും സമാധാനം അനുഭവിക്കുന്നത്. കേട്ടിട്ടില്ലേ ചിമ്പാന്‍സിയുടെയും ബോനൊബൊയുടെയും കഥ? മനുഷ്യനോട് ജനിതകമായി ഏറ്റവും സാമ്യമുള്ള രണ്ട് മൃഗങ്ങളാണ് ഇവര്‍. ചിമ്പാന്‍സി വെറും വയലന്റും ബോനൊബോ അതിശാന്തരും. ചിമ്പാന്‍സി സംഭോഗത്തിലേര്‍പ്പെടുന്നത് യുദ്ധത്തിലൂടെ എതിരാളികളെ എല്ലാം വകവരുത്തിയതിനു ശേഷം മാത്രമാണ്. ബോനൊബോക്ക് സംഭോഗമൊഴിഞ്ഞ് നേരമില്ല. ഫ്രീ സെക്സ് കമ്മ്യൂണിറ്റി. ലോകത്ത് കോംഗോയില്‍ മാത്രമേ ഇപ്പോ ബോനൊബോ അവശേഷിക്കുന്നുള്ളൂ. അവിടെ എത്ര മനുഷ്യര്‍ ഇപ്പോള്‍ അവശേഷിക്കുന്നുണ്ടാവോ? എന്നോട് നീ ഇതൊന്നും ചോദിക്കരുത്. ഹുതുകളോ തുത്സികളോ ബോനൊബൊകളോ ചിമ്പാന്‍സികളോ ലോകത്തില്‍ അധികം? ആര്‍ക്കറിയാം.

അവളുടെ പാദങ്ങളില്‍ ഞാന്‍ ഇന്നലെ എത്ര തവണ ചുംബിച്ചു എന്നോര്‍മ്മയില്ല. മൃദുവായ അവളുടെ പാദങ്ങള്‍, അവയിലെ വിയര്‍പ്പിന്റെ ഗന്ധം, അവളെ അധികം ആകര്‍ഷവതിയാക്കുന്നു. ഇക്കിളിയാകുന്നെടാ പൊട്ടാ. നിന്റെ കാല്‍വിരലുകള്‍ക്കിടയിലൂടെ തലോടുമ്പോള്‍ എനിക്ക് ആനന്ദം ഉളവാകുന്നതെന്തുകൊണ്ടാണെടീ? എടീന്ന് എന്നെ ഇനി വിളിച്ചാല്‍ നിന്നെ ഞാന്‍ ചവിട്ടിക്കൊല്ലും. കൊല്ല്. എന്നെ കൊല്ല്. നിന്റെ കൈകളാല്‍ അല്ല കാലുകളാല്‍ മരിക്കാന്‍ ഞാന്‍ എന്തു ഭാഗ്യം ചെയ്തവനാണ്? ഒരു വേള ഞാനവളുടെ അടിമയും അവള്‍ എന്റെ മാസ്റ്ററുമായിരിക്കുമോ? ഈ അബോധമനസ്സ് എന്നൊക്കെയുണ്ടല്ലോ? അതിന്റെ സത്യങ്ങള്‍ ആര്‍ക്കറിയാം. മാഡം ഒരു സാഡിസ്റ്റ്. ഞാന്‍ ഒരു മാസോക്കിസ്റ്റ്. നമ്മള്‍ ഒരു പെര്‍ഫെക്ട് കപ്പിള്‍ അല്ലേ? സോറി. പെര്‍ഫെക്ട് പാര്‍ട്ട്ണേഴ്സ്? പോട. നീ തിങ്കളാഴ്ച ഓഫീസില്‍ വരുമ്പോള്‍ ഞാന്‍ അറിയിച്ചു തരാം മാസ്റ്റര്‍ ആര് സ്‌ലേവ് ആര് എന്നൊക്കെ. ചതിക്കല്ലെ മാഡം. കഞ്ഞികുടി മുട്ടിക്കരുത്. അവള്‍ ചിരിച്ചു. പ്രായം അവളുടെ അഴകിനെ അല്പം പോലും ക്ഷയിപ്പിച്ചിരുന്നില്ല. സുന്ദരി. മാദകസുന്ദരി. സര്‍വോപരി മൃദുവായ പാദങ്ങളുള്ളവള്‍. അവള്‍ എനിക്ക് ഈ ലോകത്തിലെ ഏറ്റവും വലിയ ലഹരിയാകുന്നു. മദ്യവും സിഗരറ്റും അവള്‍ക്കു മുമ്പില്‍ എന്താണ്. ഇന്നു കൂടെ അവള്‍ അടുത്തുണ്ടായാല്‍ മതിയായിരുന്നു. അവളുടെ ഹബ്ബിയും കുട്ടികളുമൊത്ത് ഔട്ടിങ്ങിന് പോയിരിക്കുകയാണ്. സ്‌ലേവിനെ ഒറ്റക്കാക്കിയിട്ടു പോയ മാസ്റ്റര്‍. നീ എന്റെ അടുത്ത് ഇനിയും വരും. എനിക്ക് നിന്നെ വേണ്ടതിനേക്കാള്‍ നിനക്ക് എന്നെ വേണമെന്നെനിക്കറിയാം. എന്തെന്നാല്‍ സ്‌ലേവില്ലാതെ നീ മാസ്റ്ററാവുന്നതെങ്ങിനെ?

ഓരോ മാസ്റ്ററിനും ഈ ലോകത്ത് മാസ്റ്ററായി വിരാജിക്കാന്‍ ഒരു സ്‌ലേവെങ്കിലും വേണം. അപ്പോഴേ മാസ്റ്റര്‍ മാസ്റ്റര്‍ ആകുന്നുള്ളു. ഓരോ പാദങ്ങളെയും തഴുകാന്‍, ചുംബിക്കാന്‍ ഒരു ഞാനെങ്കിലും വേണം. ഒരു ഞാനെങ്കിലും. അതിര്‍ത്തി കടന്ന് പോയി കൊല്ലാന് നമുക്ക് ഒരു ശത്രുവെങ്കിലും വേണം. അവര്‍ക്ക് ആയുധമുണ്ടോ എന്നൊന്നും പ്രശ്നമല്ല. എനിക്ക് കൊല്ലണം. എനിക്ക് മാസ്റ്ററാവണം എന്നും. രക്തഗന്ധം വീണ്ടും എന്നെ പിന്തുടരുന്നുവോ? നേരം വെളുക്കാനാകുന്നു. എന്നാലും ഇരുട്ട് പൂര്‍ണ്ണമായും മാഞ്ഞിട്ടില്ല. തിരിഞ്ഞു നോക്കാന്‍ ഭയം തോന്നി. ഒരു വേള ആയുധങ്ങളുമായി ഏതെങ്കിലും ഒരു പിശാച് എന്റെ പുറകിലും ഉണ്ടെങ്കിലോ? വേഗത്തില്‍ നടന്ന് റൂമിലെത്തി. കിടക്കയില്‍ കയറി പുതച്ചു കിടന്നു. ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍, എന്റെ ചിന്തകളൊക്കെ എഴുതിയാല്‍ വെറും മഞ്ഞ സാഹിത്യമായിരിക്കും ലഭിക്കുക. വെറും പോര്‍ണോഗ്രഫി. മാസ്റ്ററും സ്‌ലേവും ഫിനിമിനോളജി ഓഫ് സ്പിരിറ്റിലാണ് ഉള്ളത്. ഹെഗലിനെ വായിക്കണം. ഹെഗലിലേക്ക് പോണം. എന്റെ അസ്തിത്വത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നറിയണം. സ്വത്വവും അസ്തിത്വവും പോരടിക്കുമ്പോള്‍ ഞാന്‍ എവിടെ നില്‍ക്കണം?

വായിക്കണം. അറിയണം. അതിന് ശേഷം മതി ആത്മഹത്യ. ഞാന്‍ ഉറങ്ങുമ്പോള്‍ ഉദിക്കാന്‍ പോകുന്ന സൂര്യാ, എന്റെ ആത്മഹത്യ ഞാന്‍ വീണ്ടും മാറ്റി വച്ചിരിക്കുന്നു. ഉണരുമ്പോഴേക്കും നീ പോയിക്കളയരുത്. എന്നെ കാണാതെ നീ എങ്ങനെ പോകും?

2014, ജൂലൈ 8, ചൊവ്വാഴ്ച

ജൈവലോകം (കഥ)

 "മച്ചാ, ബിയര്‍ അടിച്ചു വണ്ടി ഓടിച്ചാ പോലീസ് പിടിക്കുമോ?”

“അറിയില്ല.”

“അല്ല, അവരുടെ കൈയിലുള്ള ആ സാധനത്തില്‍ ഊതിച്ചാല്‍ അതില്‍ അറിയുമോ? ബിയറിനെ അതു പിടിക്കുമോ?”

“എനിക്കറിഞ്ഞുകൂട മച്ചാ.”

“ഏതായാലും ഈ പാതിരാത്രിക്ക് റിസ്ക് വേണ്ടടേയ്. നീ വണ്ടി ഓടിക്കണ്ട. വണ്ടി ഇവന്‍ ഓടിക്കട്ടെ.”

“ശരി. ഇതാ, കീ പിടി മച്ചാ.”

“ഓകെ, മച്ചാ. റൈറ്റ്. കേറ്.”

അങ്ങനെയാണ് ആദ്യമായി ഞാന്‍ ചെന്നൈയില്‍ ബൈക്ക് ഓടിക്കുന്നത്. മദ്യം നിമിത്തം! ബൈക്ക് ഓടിക്കാനറിഞ്ഞുകൂടാഞ്ഞിട്ടല്ല. എങ്കിലും ചെന്നൈയിലെ വിശാലമായ റോഡുകളിലൂടെ കണ്ണും മൂക്കും നോക്കാതെ ചീറി പായുന്ന വണ്ടികള്‍ക്കിടയിലൂടെ മര്യാദക്ക് ബ്രേക്കോ ഹോണോ ഇല്ലാത്ത ഇവന്റെ ബൈക്ക് ഓടിക്കാന്‍ തുടങ്ങുമ്പോള്‍ ഉള്ളില്‍ ഒരാന്തലില്ലാതിരുന്നില്ല.

“മച്ചാ, വണ്ടി ഓടിക്കാനറിയാമല്ലോ?”

“എന്താ മച്ചാ ചോദിക്കണത്? നാട്ടില്‍ കാറ് നൂറില്‍ പറത്തിയതിന് മൂന്നു തവണ ഫൈന്‍ അടിച്ചവനാണ് ഞാന്‍. പിന്നല്ലേ ബൈക്ക്!”

അവനെ സമാധാനിപ്പിച്ചു. എന്റെ ഭയം അവനെന്തിന് അറിയണം? ഫസ്റ്റ് ഗിയര്‍ പൊതുവെ ഒരു വൃത്തി കെട്ട ഗിയറാണ്. പ്രത്യേകിച്ചും കയറ്റമൊന്നുമില്ലെങ്കില്‍. വണ്ടി വെറുതേ ചാടും, പുളയും. സെക്കന്റ് ഗിയറു കൊള്ളാം. ഒരു കണ്‍ട്രോളൊക്കെയുണ്ട്. പീസ്‌ഫുള്‍. അങ്ങനെ അങ്ങു പോകാനൊക്കുമോ? തേര്‍ഡിലേക്ക് പോണം. സ്പീഡ് കൂട്ടണം. തേര്‍ഡ് ഗിയര്‍ എനിക്ക് പൊതുവെ പേടിയാണ്. ആക്സിലറേഷന്‍ തന്നെ കാരണം. ഫോര്‍ത്തിലെത്തുമ്പോള്‍ ആശ്വാസമാണ്. പൊടുന്നനെ ടെന്‍ഷനെല്ലാം ഒന്നയഞ്ഞ പോലെയാണ്. വണ്ടിക്ക് സ്പീഡുണ്ട്. അതങ്ങനെ പൊയ്ക്കൊള്ളും. നമ്മള്‍ ഇങ്ങനെ പിടിച്ച് ഇരുന്നു കൊടുത്താല്‍ മതി. വല്ല വണ്ടിയും കുറുകെ ചാടുകയോ, ഒരു ഹമ്പ് ഇടങ്കോലിടുകയോ, ഒരു ഗട്ടര്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍ തീര്‍ന്നു. പിന്നെ ആശങ്കയുടെ നിമിഷങ്ങളാണ്. ബ്രേക്കിടണം, ക്ലച്ച് പിടിക്കണം, ഗിയറു താഴ്‌ത്തണം, പുറകില്‍ നിന്നാരെങ്കിലും വന്നിടിക്കുമോ എന്നു നോക്കണം. പണ്ടാരം. ഇവന്റെ ബൈക്കിന് പിന്നെ റിയര്‍വ്യൂ മിറര്‍ ഇല്ല. പുറകിലെ ട്രാഫിക്കെല്ലാം ഒരു ഊഹം മാത്രം. ജീവിതം പോലെ തന്നെ.

“മച്ചാ... ഭയങ്കര ദാഹം, മച്ചാ. ബിയറടിക്കുന്നതിനിടയില്‍ വെള്ളം കുടിക്കാന്‍ മറന്നു പോയി. ചിക്കന്‍ വയറ്റില്‍ കിടന്നു പുളയുന്നു.”

പാസഞ്ചേഴ്സ്, പ്ലീസ് വെയര്‍ യുവര്‍ സീറ്റ് ബെല്‍റ്റ്. വീ ആര്‍ ഗോയിംഗ് ടു ലാന്റ് ഇന്‍ എ ഫ്യൂ മിനുറ്റ്സ്. ടിങ്ങ് ടോങ്ങ്. ലെഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ ഇട്ടു വണ്ടി ഒതുക്കി. പുറകില്‍ നിന്ന് വല്ലവനും വന്നിടിക്കുമോ എന്ന ഭയം സൈഡ് സ്റ്റാന്‍ഡ് ഇടുമ്പോഴും എന്നെ അലട്ടിക്കൊണ്ടിരുന്നു.

ഒരു ചെറിയ ബേക്കറി. ഒരു ബോട്ടില്‍ മിനറല്‍ വാട്ടര്‍ വാങ്ങി. അവനു കൊടുത്തു. കുടിക്ക്. ജയാ ടീവിയില്‍ 'അമ്മ' മോദിയെ കാണാന്‍ വിമാനത്തില്‍ ചെന്നതും, അദ്ദേഹത്തെ കണ്ടതും, തമിഴന്റെ സങ്കടങ്ങളെല്ലാം ഒരു കടലാസിലാക്കി കവറിലിട്ട് ഒട്ടിച്ച് മൂപ്പര്‍ക്ക് കൊടുത്തതും വീണ്ടും വീണ്ടും കാണിച്ചു കൊണ്ടിരുന്നു. എടുത്തെടുത്തു പറയുകയും ചെയ്യുന്നുണ്ടായിരുന്നു. 'മക്കള്‍' കാണണം. അറിയണം. ഓര്‍ത്തിരിക്കണം. അവരുടെ മനസ്സുകളില്‍ എല്ലാം പതിയണം.

എന്തുവാടേ ഇത്. ആക്രാന്തം. കുറച്ച് വെള്ളം എനിക്കു കൂടെ താടേ. ഓന്റെ ഒരു വെള്ളം കുടി. ബാക്കി വന്ന രണ്ടിറക്ക് വെള്ളം വായിലോട്ടു കമഴ്‌ത്തി കുപ്പി കുപ്പയില്‍ തള്ളിയ ശേഷം ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി. പുറകില്‍ അവനും. ചൂടുള്ള കാറ്റ് മുഖത്തും കണ്ണുകളിലും വന്നടിച്ചു കൊണ്ടിരുന്നു. പൊടിയും പുകയും നിറഞ്ഞു വായു എന്റെ ശ്വാസകോശവുമായി നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. ഹമ്പുകള്‍; ഡിവൈഡറുകള്; ഹെഡ്‌ലൈറ്റ് ഡിം ചെയ്യാതെ എതിര്‍ദിശയില്‍ നിന്നു പാഞ്ഞു വന്നു കൊണ്ടിരുക്കുന്ന വാഹനങ്ങള്‍; ചുവപ്പ്, മഞ്ഞ, പച്ച (കാര്യമില്ല. ഇതൊക്കെ ആരു നോക്കാന്‍. ജംഗ്ഷനുകള്‍ മരണക്കെണികളെ പോലെ തോന്നിച്ചു.); ഓവര്‍ ബ്രിഡ്ജുകള്‍; അണ്ടര്‍ പാസുകള്‍; ഇടതുവശത്തുകൂടെയും വലതുവശത്തുകൂടെയും ഒരു പോലെ ഓവര്‍ടേക്കു ചെയ്തു കടന്നു പോകുന്ന വണ്ടികള്‍. റോഡുകള്‍ കാടുകള്‍ പോലെ തന്നെയാണ്. ഏതു നിമിഷവും ജാഗരൂകരായിരിക്കണം. ഇല്ലെങ്കില്‍....

“മച്ചാ, വണ്ടി നിര്‍ത്ത്. മൂത്രം ഒഴിക്കണം.”

വീണ്ടും പാസഞ്ചേഴ്‌സ് വെയര്‍ സീറ്റ്ബെല്‍റ്റ്. സിഗ്നല്‍ ഇട്ടു. വണ്ടി നിര്‍ത്തി, ഇരുട്ടത്ത്, ഓരമായി. ശൂന്യമായ ആകാശം. തിങ്കളുമില്ല താരങ്ങളുമില്ല. എന്റെ മനസ്സു പോലെ തന്നെ. സര്‍വത്ര പുക മാത്രം. സുവര്‍ണ്ണ നിറമുള്ള പുക. നിര്‍ത്താതെ ഹോണടിച്ചുകൊണ്ട് ഒരു ട്രക്കര്‍ കടന്നുപോയി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു ഞങ്ങളും യാത്ര തുടര്‍ന്നു. മനസ്സ് ഇങ്ങനെ ഓരോന്നിലായി വ്യാപരിക്കാന്‍ തുടങ്ങി. വേലാച്ചേരി, ഗവ‌ര്‍ണേഴ്‌സ് ഹൗസ്, അണ്ണാ യൂണിവേഴ്‌സിറ്റി, പാലം, ക്യാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂ‌ട്ട്, ഐഐടി, അണ്ണാ സെന്‍റിനറി ലൈബ്രറി, ഓക്സ്ഫോര്‍ഡ് പ്രെസ്സ്, എട്ടാം നില, പുസ്തകങ്ങള്‍, ലോകത്തിലെ ഏറ്റവും വലിയ പുസ്തകശാല, വിക്കീപീഡിയ, ബ്യൂണോ എയറസ്, ജോര്‍ജ്ജ് ബോര്‍ജസ്, ലാബിരിന്ത്, ഇമ്മോര്‍ട്ടാലിറ്റി, ഹോമര്‍, ഇലിയഡ്, രാമായണം, ഇതിഹാസങ്ങള്‍, കഥകള്‍, നോവലുകള്‍, വായന, പുസ്തകങ്ങള്‍, ലൈബ്രറി, അണ്ണാ സെന്റിനറി ലൈബ്രറി, തായ് കോണ്‍സുലേറ്റ്, അമേരിക്കന്‍ കോണ്‍സുലേറ്റ്, ഹിലരി ക്ലിന്റണ്‍, 'അമ്മ', പീഡിയാട്രിക് ഹോസ്പിറ്റല്‍, ഗവേഷണം, ബൗദ്ധികചിന്ത, കാപ്പിക്കട, മത്സരം, രാഷ്ട്രീയം, വൈരാഗ്യം, കൊല, അറസ്റ്റ്, അമ്പത്തൊന്ന്, അയക്കൂറ, പൈശാചികം, കൊലപാതകം, രാഷ്ട്രീയം, ഇടത്, വലത്, ഫാസിസം, മോദി, വികസനം, ഗുജറാത്ത്, ഹോറിങ്ക്യ, മുസഫര്‍ബാദ്, മുംബൈ, മാറാട്, പുറങ്കടല്‍, തീവ്രവാദം, മതം, ദേശീയത, പതാക, ത്രിവര്‍ണ്ണപ്പതാക, തൃപ്പതാക, ‌തൃക്കണ്ണന്‍, ശിവന്‍, ഓങ്കാരം, ഓം, ശിവോഹം, ശിവോഹം, ശിവോഹം, രുദ്രനാമം ഭജേഹം.... ഛെ. എന്താ?

“സിഗരറ്റ്.?”

“വേണ്ട മച്ചാ. ഞാന്‍ ഇതൊന്നും പതിവില്ല.”

“എന്നാലും മച്ചാ, നീയെന്നെ ഇത്രയും ദൂരം കൊണ്ടുവന്നാക്കിയില്ലേ?”

ജീവിതം ജീവിക്കാനുള്ളതാണ്. അപ്രോച്ച് ആന്റ് വിത്ത്ഡ്രോവല്‍ ആര്‍ ഓള്‍ പാര്‍ട്ട് ഓഫ് ദ ഗെയിം. ലൗ ഡസ് നോട്ട് ഹാപ്പന്‍. യു ജസ്റ്റ് ഫാള്‍ ഇന്‍ ലൗ. ജസ്റ്റ് ഫാള്‍! വീഴണം. വിത്ത്ഡ്രോവലല്ല, അപ്രോച്ച്. ഇമോഷനും, അതിന്റെ വാലന്‍സുമൊക്കെ അവിടെ ഇരിക്കട്ടെ. അപ്രോച്ച്. അതാണ് ജീവിതത്തെ മുന്നോട്ടു നയിക്കേണ്ടത്. തല പെരുക്കുന്നുവോ?

“ഇത് പിടി. ഗോള്‍ഡ് ഫ്ലേക്ക്, ഫില്‍ട്ടര്‍.”

ചുണ്ടുകള്‍ക്കിടയില്‍ തിരുകി. അറ്റം കത്തിച്ചു. വലിച്ചു. ഉഷ്‌ണത്തിന്മേല്‍ ഉഷ്‌ണം. വിഴുങ്ങി. അല്പം മാത്രം. ഒട്ടും ചുമയ്‌ക്കാതെ ചാരനിറത്തിലുള്ള പുക പുറത്തേക്ക് വിട്ടു.

“മച്ചാ, നീ ഒരു പ്രോയെ പോലെയാണല്ലോ വലിക്കുന്നത്? ഇതുവരെ വലിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ വയ്യ.”

“വലിച്ചിട്ടുണ്ട്. അഞ്ചില്‍ പഠിക്കുമ്പോള്‍. ദിനേസ്‌ ബീഡി. പക്ഷേ അന്ന് വിഴുങ്ങാനൊന്നും അറിയില്ലായിരുന്നു.”

അവന്റെ 'പ്രോ' പ്രയോഗം എനിക്ക് മുമ്പില്ലാത്ത ഒരു ധൈര്യം പകര്‍ന്നു തന്നു. ആത്മവിശ്വാസവും. കസേരയില്‍ ചാരിയിരുന്ന് ഒരു പുക കൂടെ എടുത്തു. ശ്വാസത്തിന്റെ കൂടെ പതുക്കെ ഉള്ളോട്ടെടുത്തു. ഉഷ്ണം, പുറത്തും അകത്തും. തല ചൂടാകുന്നുവോ? പതിയെ പുക പുറത്തേക്ക് വിട്ടു. അതെ, തല പെരുക്കുന്നു. അല്ല, തല ചുറ്റുന്നു. സിഗരറ്റിന് ഇത്രയും പവറോ? തോല്‍ക്കാന്‍ പാടില്ല. ഒരു പുക കൂടെ എടുക്കണം. വാശിയാണ്. എടുത്തു. മുടിഞ്ഞു. ഇരിക്കുന്ന കസേരയും ഞാനും ഒഴിച്ച് എല്ലാം, അവനടക്കം, അങ്ങോട്ടുമിങ്ങോട്ടും ആടിയുലയാന്‍ തുടങ്ങി. ഒന്നിനും ഒരു സ്ഥിരതയില്ല. ജീവിതം പോലെ തന്നെ. കണ്ണുകള്‍ അടയുന്ന പോലെ. കാലുകള്‍ നിലത്ത് തൊടാത്ത പോലെ. കസേരയില്‍ ചാരിക്കിടന്നു. ഉറങ്ങിയോ? ഇടക്ക് നോക്കുമ്പോള്‍ കൈയില്‍ സിഗരറ്റ് എരിഞ്ഞു കൊണ്ടിരിക്കുന്നു. പുറത്തേക്ക് ഒരേറു കൊടുത്തു.

“വേണ്ട മച്ചാ, ഇതൊന്നും എനിക്ക് പറഞ്ഞിട്ടുള്ളതല്ല. സിഗരറ്റ്, ബിയറ്, വെടി, ഛെ‌!”

ഞാന്‍ എണീറ്റു.

“മച്ചാ, ഞാമ്പോണേണ്.”

“ഹ ഹ, മച്ചാ, നീ ഏതു നാട്ടുകാരനാണ്ട?”

“ഞമ്മക്ക് നാടൂല്ല്യ, കൂടൂല്ല്യ. ഒരു യൂണിവേഴ്‌സല്‍ സിറ്റിസണ്‍ ആണ് ഞമ്മള്‍. സാര്‍വ്വപ്രപഞ്ചികപൗരന്‍.”

അവന്റെ ബൈക്ക് ഞാനെടുത്തു. വീട്ടില്‍ പോകണ്ടേ. പാതിരാത്രിക്ക് മറ്റെന്തു മാര്‍ഗം?
ഓരോ തവണ നിശ്വസിക്കുമ്പോഴും മൂക്കിനുള്ളില്‍ സിഗററ്റിന്റെ ഒരു വൃത്തികെട്ട വാട അടിക്കുന്നതു പോലെ. മനം പിരട്ടിയിട്ടു വയ്യ. പണ്ടാരം. ഇത്രയും വൃത്തികെട്ട സാധനമാണോ ഈ സിഗരറ്റ്. അല്പം ശുദ്ധവായുവിനു വേണ്ടി ദാഹിച്ചു. കിട്ടിയില്ല. പൊടി, പുക, ചൂട്. അല്പം ശുദ്ധമായ തണുത്ത വായു കിട്ടിയിരുന്നെങ്കില്‍!

മനസ്സ് വീണ്ടും പറക്കാന്‍ തുടങ്ങി. വായു, തണുപ്പ്, സുഖം, ഉറക്കം, സ്വപ്നം, കയം, വീഴ്ച്ച, കാലടിയില്‍ തെന്നുന്ന നിലം, പൂഴിമണ്ണ്, തിര, കടല്‍, കടലോരം, അച്ഛന്‍....

അച്ഛന്‍ ഇടക്കൊക്കെ സിഗരറ്റ് വലിക്കുമായിരുന്നു. ഇതൊന്നും ഒരിക്കലും ചെയ്യരുതെന്ന് എന്നോടെ പല തവണ പറയുമായിരുന്നെങ്കിലും. തിരയില്‍ ഇറങ്ങി നില്‍ക്കുമ്പോള്‍ കാലടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയാം. അല്പനേരം നിന്നാല്‍ നിന്നിടം കുഴിയും. അഞ്ചാം ക്ലാസുകാരന്‍ വലുതായില്ലേ. ഇനി തിരയില്‍ ഒറ്റക്കുനില്‍ക്കാം. കടല്‍ അവിടെയാണ്. സൂര്യനും. അസ്തമയം ഇപ്പോള്‍ വരും. തിരയില്‍ നില്‍ക്കുക രസമാണ്. അത് ഒരു ലഹരി നല്‍കുന്നു. മണ്ണ് ഇളകുന്നു. അല്പം കൂടെ ഇറങ്ങാം. കാല്‍വണ്ണ വരെ. മുട്ടുവരെ. വലിയ തിര വന്നു. മണ്ണ് ഇളകി. ശരിക്കും. ഭൂമി ഒലിച്ചുപോയി. ഞാന്‍ മാത്രം നിശ്ചലം. ലോകം കീഴ്മേല്‍ മറിഞ്ഞു. തിര എന്നിലേക്ക് വീണു. ഞാന്‍ തിരയ്ക്കടിയിലായി. തിരിഞ്ഞു നോക്കിയപ്പോള്‍ അച്ഛന്‍ ചാടിയെഴുന്നേല്‍ക്കുന്നു. കൈകൊണ്ട് എന്തോ ആംഗ്യം കാണിക്കാന്‍ ശ്രമിക്കുന്നു. തിരക്കൊപ്പം ഭൂമിയും എന്നിലേക്ക് വീണു. പൂഴി എന്റെ കൈയില്‍ തടഞ്ഞു. വിരലുകള്‍ ആഴ്‌ന്നിറക്കി ഞാന്‍ ഭൂമിയെ പിടിച്ചു നിര്‍ത്തി. ഇളകരുത്. സ്ഥൈര്യം. അചഞ്ചലം.

“ഇനി അത്ര താഴേക്ക് പോണ്ട. ഇവിടെ അറ്റത്ത് ഇന്നാല്‍ മതി. കണങ്കാല്‍ വരെയേ തിരയില്‍ മുങ്ങാവൂ.”

കണങ്കാല്‍ വരെ തിര. രസമില്ല. ലഹരിയില്ല. ഇന്‍ഡിക്കേറ്ററിട്ട് ജംഗ്ഷനില്‍ വിരസമായി വണ്ടി തിരിച്ചു. പോലീസ് വാഹനത്തില്‍ നിന്ന് ഒരു അലര്‍ച്ച കേട്ടു.

“അന്ത ഓട്ടോ അങ്കെ നിന്ന് എടുത്ത് മാത്ത്. ഇങ്കെപോട്. അങ്കെ പോട്.”

എന്തരോ എന്തോ. പോലീസ് റൂള്‍സ് നടപ്പിലാക്കേണ്ടവര്‍ ആകുന്നു. അലര്‍ച്ച അതിന്റെ ഭാഗമാകുന്നു. അത് അവരുടെ ധര്‍മ്മം ആകുന്നു. പ്രധാനമന്ത്രി ആറരക്ക് ജോലി ആരംഭിക്കുകയും പാതിരാത്രി വരെ സ്വധര്‍മ്മം പാലിക്കുകയും ചെയ്യുന്നു. പത്രങ്ങള്‍ ഈ കാര്യം നമ്മെ യഥാസമയം അറിയിച്ച് അവരുടെ ധര്‍മ്മം നിറവേറ്റുന്നു. അപ്പോള്‍ പിന്നെ പ്രജകള്‍ അലസരായി ഇരിക്കാമോ? ധര്‍മ്മം, ജോലി, പുരോഗമനം, വികസനം, നാഗരികത, സംസ്കാരം, ദേശീയത, ഭാഷ, രാഷ്ട്രം, സാഹോദര്യം, രാജ്യാന്തര സാഹോദര്യം, രാജ്യാതീത സാഹോദര്യം, രാജ്യാന്തരരാജ്യം, സമൂഹം, ഐക്യം, വ്യക്തി, സ്വത്വം, വൈരുദ്ധ്യം, സ്പര്‍ദ്ധ, കാലുഷ്യം, കലാപം, കല, സാഹിത്യം, അന്തര്‍മുഖത്വം, ഉള്‍വലിച്ചില്‍, നാണം കുണുങ്ങി, കഴിവുകേട്, ഷണ്‍ഡത്വം, നപുംസകം, ഒറ്റപ്പെടല്‍, ഏകാന്തത, മരണം, അത്മാഹുതി, മഞ്ഞ, ചുവപ്പ്, കറുപ്പ്, ഇരുട്ട്....

വളവു വളഞ്ഞതും ഇരുട്ടില്‍ ചെന്നു കേറി. അരണ്ട വെളിച്ചമുണ്ട്.

“നിര്‍ത്തുങ്കോ....”

“ഒരു നിമിഷം. വണ്ടി കൊഞ്ചം നിര്‍ത്തുങ്കോ....”

അരണ്ട വെളിച്ചത്തില്‍ ഇരുട്ടിന് ജീവന്‍ വച്ചതുപോലെ മൂന്നു രൂപങ്ങള്‍ റോഡില്‍ നില്‍ക്കുന്നു. അവര്‍ എന്നെ തടയാന്‍ ശ്രമിക്കുകയാണ്. മുഷിഞ്ഞ വസ്ത്രങ്ങള്‍. പറന്നുലഞ്ഞ മുടി. മെലിഞ്ഞുണങ്ങിയ ശരീരങ്ങള്‍. സ്ത്രീകള്‍. മനസ്സില്‍ പൊടുന്നനെ ഒരാന്തല്‍. വെട്ടേറ്റ് വഴിയില്‍ ചത്തു മലച്ചു രക്തം വാര്‍ന്നു കിടന്ന ഒരു ശരീരം ഓര്‍മ്മകളില്‍ ഒരു മിന്നായമായി തെളിഞ്ഞു വന്നു. എന്നായിരുന്നു അത്! ബൈക്ക് വെട്ടിച്ച് മുന്നോട്ടെടുത്തു. ആരെയും മുട്ടാതെ രക്ഷപ്പെട്ടു. പാതിരാത്രിയില്‍ ഒറ്റക്ക് ഈ വഴികളിലൂടെ സഞ്ചരിക്കുന്നത് തന്നെ അബദ്ധം. ബൈക്ക് തേര്‍ഡ് ഗിയറില്‍ പിടിച്ച് മുന്നോട്ട് കുതിപ്പിക്കുന്നതിനിടെ ഒന്നു തിരിഞ്ഞു നോക്കി. ദയനീയമായ ഒരു മുഖം. ആ മുഖത്ത് നിറയെ യാചന. ദയവു ചെയ്ത് ഒന്നു നിര്‍ത്തൂ. ഞങ്ങളുടെ പ്രശ്നം ഒന്നു കേള്‍ക്കൂ.

ബൈക്ക് നിന്നില്ല. എന്റെ കാല്‍ ബ്രേക്കില്‍ അമര്‍ന്നില്ല. ആക്സിലറേറ്ററില്‍ നിന്ന് കൈ അയഞ്ഞില്ല. തേര്‍ഡ് ഗിയര്‍ ഫോര്‍ത്തിലേക്ക് മാറി. ഇരുട്ടിനെ കീറിമുറിച്ച് ഞങ്ങള്‍, ഞാനും ബൈക്കും, ചീറിപ്പാഞ്ഞു.

രാവിലെ പിടിച്ചു വച്ച വെള്ളത്തിനു മാത്രം തണുപ്പുണ്ടായിരുന്നു. എടുത്ത് തലയിലൂടെ കമഴ്‌ത്തി. തണുപ്പ്. തണുപ്പ്. കുളിര്. സുഖം. സൗഖ്യം. ആനന്ദം. മലയാളം. ദേഹം തുടയ്‌ക്കാതെ നനവോടുകൂടി ഫാനിനടിയില്‍ പാ വിരിച്ചു കിടന്നു. ഇരുട്ടില്‍ കണ്ണടച്ച് കിടക്കുമ്പോള്‍ ദയനീയമായ ഒരു മുഖം മനസ്സില്‍ ഉയര്‍ന്നു വന്നു. അടക്കുവാന്‍ എത്ര ശ്രമിച്ചിട്ടും അടങ്ങാതെ എന്തിനെന്നില്ലാത്ത ഒരു കുറ്റാബോധവും. മനസ്സ് സെര്‍ച്ച് ചെയ്തുകൊണ്ടിരുന്നു. ലിങ്കുകളില്‍ നിന്നും പുതിയ ലിങ്കുകളിലേക്ക് അത് പോയ്ക്കൊണ്ടിരുന്നു. ഒന്നും വായിക്കാതെ, ഗ്രഹിക്കാതെ, സേവ് ചെയ്യാതെ. അനസ്യൂതം.

കുറ്റബോധം, കുറ്റം, ബോധം, അറിവ്, ഭയം, യാചന, ദയനീയത, വിശപ്പ്, ഭക്ഷണം, വെള്ളം, ക്ഷീണം, നിരാശ, വെറുപ്പ്, പണ്ടാരം, ലോകം, നാശം, സിസ്‌റ്റം, ഐഡിയോളജി, പരാജയം, സയന്‍സ്, മോഡേണ്‍ സയന്‍സ്, ന്യൂജനറേഷന്‍ സയന്‍സ്, ന്യൂറോ സയന്‍സ്, ആഡ്സെന്‍സ്, നോണ്‍സെന്‍സ്, മനസ്, മറവി, അജ്ഞത, മൃഗം, ചിമ്പാന്‍സി, ബോനെബോ, വെജിറ്റേറിയന്‍, നോണ്‍, സെക്സ്, ശാന്തത, വയലന്‍സ്, രക്തം, വിയര്‍പ്പ്, അദ്ധ്വാനം, ശരീരം, തലച്ചോര്‍, മണ്ണാങ്കട്ട, ക്ഷീണം, ഉറക്കം, മയക്കം, നിദ്ര, ചിന്ത, ഓര്‍മ്മ, സ്വപ്നം, കയം, വീഴ്ച്ച, അമ്മ, അമ്മ, അം അഃ.


സന്ദീപ് പാലക്കല്‍
ചെന്നൈ
ജൂലൈ 8, 2014