2011, ഡിസംബർ 30, വെള്ളിയാഴ്‌ച

സിനിമ: മേല്‍വിലാസം


'മേല്‍വിലാസം' അടുത്ത കാലത്ത് ഇറങ്ങിയ മലയാള സിനിമകളില്‍ വച്ച് വളരെ നിലവാരം പുലര്‍ത്തുന്ന ഒന്നാണ് എന്ന് പലരും പറഞ്ഞു കേട്ടു. അങ്ങനെ ധാരാളം പേര്‍ പറഞ്ഞത് കേള്‍ക്കാനിടയായതിനാലാണ് ഈ സിനിമ ഞാന്‍ കാണുവാന്‍ തീരുമാനിച്ചത്. നല്ല സിനിമയായിട്ടും ജനം സ്വീകരിച്ചില്ല, നാലു ദിവസത്തിനുള്ളില്‍ തിയേറ്റര്‍ വിടേണ്ടി വന്നു എന്നും പറഞ്ഞു കേട്ടു. സന്തോഷ് പണ്ഡിറ്റിന്റെ ആത്മരതി, അതിനു കിട്ടിയ പഴികളിലൂടെ പ്രശസ്തമാകുകയും, താന്‍ ഒരു സൂപ്പര്‍താരമാണെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിക്കുകയും ചെയ്ത ഈ സമയത്ത് നല്ല സിനിമകള്‍ തഴയപ്പെടുന്നത് ഖേദകരം തന്നെ.

'മേല്‍വിലാസം' എന്ന സിനിമയുടെ ഏറ്റവും വലിയ ശക്തി സംവിധാനത്തിലെ അച്ചടക്കമാണ്. ചില അപൂര്‍വ്വം സന്ദര്‍ഭങ്ങളിലൊഴിച്ചാല്‍ ആദ്യന്തം സിനിമയുടെ ഗതി മുറുകിയതാണ്. അനാവശ്യമായ ഒരു ഘടകവും ഇല്ലെന്ന് തന്നെ പറയാം.

സിനിമയുടെ ഏറ്റവും വലിയ പരാജയം അതിവൈകാരികതയും സംഭാഷണത്തിലെ കൃത്രിമത്വവും അമിതനാടകീയതയും ആണ്. നാടകം സിനിമയാക്കിയതാണെങ്കിലും ഇത്രയും നാടകീയത വേണ്ടായിരുന്നു. സംഭാഷണങ്ങള്‍ അല്പം കൂടെ സാധാരണമാക്കാമായിരുന്നു.

ഈ സിനിമ നമ്മോട് ചില കാര്യങ്ങള്‍ സംവദിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതില്‍ സിനിമ വിജയിച്ചോ എന്നു ചോദിച്ചാല്‍ അതെ എന്നാണ് എന്റെ ഉത്തരം. എന്നാല്‍, ഈ ഉത്തരം അപൂര്‍ണ്ണമാണ്. എനിക്ക് കൂടുതല്‍ അഭിപ്രായങ്ങള്‍ പറയുവാനുണ്ട്. ആദ്യം ഈ സിനിമ എന്നോടെ സംവദിച്ചത് എന്താണ് അഥവാ ഞാന്‍ മനസ്സിലാക്കിയത് എന്താണ് എന്ന് പറയാം.
  1. സ്വാതന്ത്ര്യം കിട്ടി ഇത്ര നാളായിട്ടും ഇന്ത്യക്കാരില്‍ അവശേഷിക്കുന്ന ജാതിഭേദവും ജാതിബോധവും ഈ സിനിമ തുറന്നു കാട്ടാന്‍ ശ്രമിക്കുന്നു.
  2. ദളിതന് പലപ്പോഴും അര്‍ഹമായ നീതി ഉറപ്പാക്കാന്‍ ഇന്തന്‍ നിയമ വ്യവസ്ഥക്ക് സാധിക്കുന്നില്ല എന്ന് ഈ സിനിമ പറയുന്നു.
  3. ദളിതന്റെ മനസ്സില്‍ അടിമത്തം ഇപ്പോഴും അവശേഷിക്കുന്നു. അതുകൊണ്ടാണ് ക്രൂരമായ പ്രകോപനങ്ങളില്‍ മന:സ്സാന്നിദ്ധ്യം വിട്ടു ചെയ്തു പോയ കുറ്റം ന്യായീകരിക്കാനോ പ്രതിരോധിക്കാനോ ഒട്ടും ശ്രമിക്കാതെ ഏറ്റെടുക്കുകയും, സ്വന്തം നിസ്സഹായത അധികാരികളെ ബോധ്യപ്പെടുത്താന്‍ അല്പം പോലും തയ്യാറാവാതെ ഏതു ശിക്ഷയും സ്വീകരിക്കാന്‍ പാര്‍ഥിപന്‍ അവതരിപ്പിക്കുന്ന ദളിത് കഥാപാത്രം തയ്യാറാകുകയും ചെയ്യുന്നത്. താന്‍ ഇനി എന്തു പറഞ്ഞാലും കാര്യമില്ല എന്ന് അയാള്‍ സ്വയം വിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. ഇതൊരു പക്ഷേ ഒരു സാമൂഹ്യയാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ടാവാം.
  4. അധികാരം മനുഷ്യനെ ഉന്മാദത്തിലെത്തിക്കുന്നു. അധികാരം തന്റെ കടമകളെ നിറവേറ്റാന്‍ സമൂഹം കല്പിച്ചു തന്ന ഒന്നായി കാണാതെ, പകരം ഒരു സ്ഥാനമായും, പിന്നെ തന്റെ എന്തോ ഒരു ജന്മാവകാശമായും മനുഷ്യന്‍ കാണുന്നു. ഇതിന്റെ ദൃഷ്ടാന്തങ്ങളാണ് കൃഷ്ണകുമാര്‍ അവതരിപ്പിക്കുന്ന ബി. ഡി. വര്‍മ്മയും, അശോകന്‍ അവതരിപ്പിക്കുന്ന ഡോ. ഗുപ്തയും.
  5. തന്റെ അധികാരം താഴെയുള്ളവനെ ചവിട്ടി മെതിക്കാന്‍ മനുഷ്യന്‍ നിരന്തരം ഉപയോഗിക്കുന്നു. അധികാരം കുറഞ്ഞവന്‍ താന്‍ ചവിട്ടിയരക്കപ്പെടാന്‍ ബാധ്യസ്ഥനാണ് എന്ന്, ഞാന്‍ നേരത്തെ പറഞ്ഞ പ്രകാരം, വിശ്വസിച്ചു പോരുന്നു.
  6. പ്രത്യക്ഷത്തില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമായിട്ടുള്ളതല്ല പലപ്പോഴും സത്യം. സത്യം എപ്പോഴും മറഞ്ഞിരിക്കുന്നു. സത്യത്തെ അറിയാന്‍, മനസ്സിലാക്കാന്‍, വസ്തുനിഷ്ഠമായ അപഗ്രഥനം ആവശ്യമാണ്. അനുബന്ധിതമായ പല കാര്യങ്ങളും, സാഹചര്യവും, പ്രത്യക്ഷത്തില്‍ വ്യക്തമായി അറിയാന്‍ സാധിക്കുന്ന പലതിന്റെയും മൂലകാരണങ്ങളും, വിശകലനം ചെയ്യേണ്ടി വരും. സുരേഷ് ഗോപി അവതരിപ്പിക്കുന്ന പട്ടാള വക്കീല്‍ പറയുന്ന ഉദാഹരണം, പറഞ്ഞും കേട്ടും പഴകിയതാണെങ്കിലും, വളരെ പ്രധാനപ്പെട്ട ഒന്നാണ്: "ഭൂമി കറങ്ങുന്നുവെന്നതാണ് സത്യം, പക്ഷേ ആ ചലനം പ്രത്യക്ഷത്തില്‍ നാം അറിയുന്നുല്ല".
  7. പാര്‍ഥിപന്റെ കഥാപാത്രം അനുഭവിച്ച പ്രശ്നങ്ങളും അയാളുടെ നിസ്സഹായാവസ്ഥയും മനസ്സിലായിട്ടും തലൈവാസല്‍ വിജയ് അവതരിപ്പിക്കുന്ന ജഡ്ജിക്ക് ചെയ്യാന്‍ സാധിക്കുന്നത് ഒരു സല്യൂട്ട് നല്‍കുക എന്നത് മാത്രമാണ്. വധശിക്ഷ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. പാര്‍ഥിപന്റെ വളര്ത്തുപുത്രിയെ ജഡ്ജി പിന്നീട് സംരക്ഷിക്കും എന്ന  ഒരു പ്രതീക്ഷ പ്രേക്ഷകന് സിനിമ നല്‍കുന്നുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.
  8. സ്വാതന്ത്ര്യം കിട്ടിയിട്ടും, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോയിട്ടും, അവരോടും അവരുടെ ഭാഷയോടുമുള്ള ഭയഭക്തി ബഹുമാനം നമ്മളില്‍ ഇപ്പോഴും ആഴത്തില്‍ വേരോടി നില്‍ക്കുന്നു.
ഇനി എന്റെ പഴയ ചോദ്യത്തിനുള്ള പൂര്‍ണ്ണമായ മറുപടി നല്‍കാം. ഈ സിനിമ അതിന്റെ സന്ദേശം വ്യക്തമായി കാഴ്ചക്കാരനിലെത്തിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. ഉത്തരം അല്പം അമിതമായ വ്യക്തതയോടെ എന്നാണ്. ഈ സിനിമ പറയാനുള്ളതെല്ലാം പ്രേക്ഷകന്റെ മുഖത്ത് നോക്കി വെട്ടിത്തുറന്ന് വിളിച്ചു പറയുന്നു. ഓരോ കഥാപാത്രങ്ങളെയും അല്പം അമിതമായ പൂര്‍ണ്ണതയോടെയാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന് കൃഷ്ണകുമാര്‍ കോടതിയുടെ മുമ്പില്‍ പോലും തന്റെ അഹന്തയും, ദളിതനോടുള്ള പുച്‌ഛവും പ്രകടിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ദളിതരെകുറിച്ച് പല പുലഭ്യവും പറഞ്ഞു കൊണ്ടേയിരിക്കുന്നു. സ്വയം നിയന്ത്രണം വിട്ട് അക്രമാസക്തനാകുകയും ആയുധം പോലുമെടുക്കുകയും ചെയ്യുന്നു. ഇതെല്ലാം തനിക്കെതിരാകാമെന്ന് അയാള്‍ ചിന്തിക്കാത്തതെന്താണ്? വലിയൊരു വൈരുദ്ധ്യം അശോകനും മറ്റും തനിക്ക് വിഘാതമായേക്കാവുന്ന ചില സത്യങ്ങള്‍ സുരേഷ് ഗോപിയുടെ കൗശല്യത്തിന് മുമ്പില്‍ വെളിപ്പെടുത്തുമ്പോള്‍, കൃഷ്ണകുമാര്‍ ഭയം ഭാവിക്കുന്നു എന്നതാണ്. അപ്പോള്‍ കോടതിയില്‍ എന്തൊക്കെ പറയാം പറയരുത് എന്ന് അയാള്‍ക്ക് നിശ്ചയമുണ്ട്. ഈ വൈരുദ്ധ്യം, ഈ കഥാപാത്രത്തെ ഒരുക്കുന്നതിലോ അല്ലെങ്കില്‍ അഭിനയിച്ച് ഫലിപ്പിക്കുന്നതിലോ ഒക്കെ വന്ന ഒരു പാകപ്പിഴയായി ഞാന്‍ കാണുന്നു.

കൃഷ്ണകുമാറിന്റെ കഥാപാത്രത്തിനു പുറമെ, അശോകന്‍ അവതരിപ്പിക്കുന്ന ഡോക്ടറും, സുരേഷ്ഗോപിയുടെ പട്ടാള വക്കീലും, തലൈവാസല്‍ വിജയിന്റെ ജഡ്ജിയും, പാര്‍ഥിപന്റെ ദളിതനും എല്ലാം വളരെ വ്യക്തമായി വരക്കപ്പെട്ടിരിക്കുന്നു. അവര്‍ അവരുടെ സ്വഭാവവും രീതിയും ജീവിതപശ്ചാത്തലങ്ങളും അമിത വ്യക്തതയോടെ പ്രകടിപ്പിക്കുന്നു. സംവിധായകന്‍ എന്താണോ സിനിമയിലൂടെ പറയാനുദ്ദേശിക്കുന്നത് അത് ഈ കഥാപാത്രങ്ങള്‍ അമിത പൂര്‍ണ്ണതയോടും അമിത തീവ്രതയോടും കൂടി പറയുന്നു.

ഈ അമിത പൂര്‍ണ്ണത സിനിമയുടെ element of surprise നഷ്ടപ്പെടുത്തുന്നില്ലേ? അത് സിനിമയുടെ സ്വതന്ത്രമായ ആസ്വാദനത്തിന് ഹാനിയാകുന്നില്ലേ?

സിനിമയില്‍ ഫ്ലാഷ്ബാക്കുകള്‍ക്കുള്ള അനവധി സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലും അവ ഉപയോഗിക്കുന്നില്ല എന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ എടുത്തു പറഞ്ഞിരിക്കുന്ന ഒരു തനിമയാണ്. എന്നാല്‍, ഇതു കൊണ്ട് പ്രേക്ഷകന് പ്രത്യേകിച്ച് എന്തു ഗുണം? ഉണ്ടാകേണ്ടിയിരുന്ന ഒരു ഗുണം scope for imagination ആണ്. പറയാത്ത കാര്യങ്ങള്‍ സ്വയം സങ്കല്‍പ്പിച്ച് നെയ്തെടുക്കാനുള്ള അനുവാചക സ്വാതന്ത്ര്യം. എല്ലാം അമിത സ്പഷ്ടതയോടെ പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ കലാസ്വാദനമെവിടെ? ചില കപട ക്ലാസിക്ക് സംഗീത വിദ്വാന്മാര്‍ പറയുന്നത് ഒരു രാഗം കേട്ടാല്‍ ഒരു പ്രത്യേക വികാരം അത് ഉദ്ദീപിപ്പിക്കണം എന്നാണ്. ഇത് മണ്ടത്തരമാണ്. കലാസ്വാദനം ഒരു സാങ്കല്പിക തലത്തിലാണ് നടക്കുന്നത്. സ്വന്തം സാങ്കല്പിക തലത്തെ സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം ആസ്വാദകനുണ്ടാകണം. തമിഴ് സിനിമകളില്‍ കോമഡി ചെയ്തിട്ട്, അതിലെ കോമഡി എന്താണെന്ന് വടിവേലുവും വിവേകും മറ്റും സിനിമയില്‍ തന്നെ വിശദീകരിക്കാറുണ്ട്. അതോടെ ആ സന്ദര്‍ഭത്തിന്റെ നര്‍മ്മരസം ഇല്ലാതാകുന്നു. അതേ സമയം ജഗതി ശ്രീകുമാറിനെ ശ്രദ്ധിക്കുക. എത്ര ചാതുര്യത്തോടെയാണ് അദ്ദേഹം കോമഡി ചെയ്യുന്നത്! വളരെ ഗൗരവത്തോടുകൂടിയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഓരോന്നും ചെയ്യുന്നത്. അത് ഹാസ്യമാകുന്നത് പലപ്പോഴും അനുവാചകന്റെ മനസ്സിലാണ്, സ്‌ക്രീനിലല്ല. ഇത് വളരെ പ്രധാനമാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍, 'മേല്‍വിലാസം' ഇത് സാദ്ധ്യമാക്കുന്നതില്‍ പരാജയപ്പെടുന്നു.

മറ്റൊരു പ്രശ്നം ഈ സിനിമയിലെ അതിവൈകാരികതയാണ്. കണ്ടും കേട്ടും പഴകിയ ആദര്‍ശവാദവും അത് പ്രകടിപ്പിക്കുമ്പോഴുള്ള പശ്ചാത്തല സംഗീതവും എനിക്ക് വളരെ കൃത്രിമവും വിരസവും ആയി തോന്നി. ഈ സിനിമയില്‍ അഭിനയം മോശമല്ലെങ്കിലും വളരെ നാടകീയമായി പോയി എന്നു എനിക്ക് പറയാതെ വയ്യ. ചിലപ്പോള്‍ വളരെ കൃത്രിമമായും തോന്നി.

എങ്കിലും സിനിമ മൊത്തത്തില്‍ നല്ലതാണ്.  മലയാള സിനിമയില്‍ ഇന്ന് നാം കാണുന്ന ചളിപ്പുകള്‍ക്കിടയില്‍ ഒരു നല്ല ശക്തമായ കഥയും സ്വതന്ത്രമായ സംവിധാനവും ഗൗരവമാര്‍ന്ന സന്ദേശവും ഈ സിനിമ നമുക്ക് കാഴ്ച്ച വക്കുന്നു.

2011, ജൂൺ 16, വ്യാഴാഴ്‌ച

ചലനം


ചലനം പ്രപഞ്ചത്തിലെ സാര്‍വത്രിക പ്രതിഭാസമത്രെ. പ്രപഞ്ചത്തില്‍ മറ്റ് എന്തിനേക്കാളും ചലനം ഒഴിച്ചു കൂടാനാവില്ല എന്നും പറയുന്നു. സൂര്യനു ചുറ്റുമുള്ള ഭൂമിയ്ടെ ഭ്രമണവും എന്റെ ശ്വാസവും ചലനമത്രെ.


രാത്രിയുടെ അജ്ഞാതമായ ഏതോ ഒരു യാമത്തില്‍ തികച്ചും വിചിത്രമായ മനോനിലയുമായി ഞാന്‍ ചലനത്തെ, ആദിമമായ ഒരു ചലനത്തെ, കുറിച്ചു വെറുതെ വാചാലനാകുകയാണ്.  ആദിമമായ ചലനം ആരംഭിക്കുന്നത് നാമറിയാതെയാണ്. അത് ഏതു നിനിഷവുമാകാം. വേണ്ടത് ഒരു ഇന്‍സ്പിരേഷന്‍ ആണ് -- ഒരു സ്പാര്‍ക്ക്. ചലനം തുടങ്ങുകയായി. മന്ദം മന്ദം പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത പോലെ, ഒട്ടും ഉത്സാഹമില്ലാതെ. പിന്നെ, പതുക്കെ പതുക്കെ, ഒരു താളം കണ്ടെത്തുകയായി. താളം മുറുകുന്നു. ചലനം വേഗത്തിലാകുന്നു. ക്രമേണ നാം കരുതുന്നതിനപ്പുറത്തെ തലങ്ങളിലേക്ക് ചലനം നമ്മെ നയിക്കുന്നു. അപ്പോള്‍ നാം നാമല്ലാതായി തീരുന്നു. അവിടെ നാം നില നില്‍ക്കുന്നില്ല. അസ്ഥിത്വം മറന്നു പോകുന്നു. അപ്പോള്‍, പെട്ടെന്ന്, മസ്തിഷ്ക്കത്തില്‍ ഒരു സ്ഫോടനം. എന്തായിരുന്നു അത്? ചലന വേഗത പൊടുന്നനെ കുറയുന്നു. അവസാനിക്കുമ്പോഴുള്ള ആളിക്കത്തലോ?


ഉരുകിത്തീരുന്ന മെഴുകു തിരിയെ പോലെ..................ചലനം നില്‍ക്കുകയായി...........ഒരു ശീല്‍ക്കാരം.......ശാന്തം....പിന്നെ..നിശ്ചലം!

2011, ഏപ്രിൽ 5, ചൊവ്വാഴ്ച

ആഗസ്റ്റ് 15!

ആഗസ്റ്റ് 15
--------------

കൂട്ടരേ നിങ്ങള്‍ കണ്ടുവോ ആഗ്സ്റ്റ് 15?
മുഖ്യന്‍ വില്ലനേയല്ലത്രേ!
പാര്‍ട്ടി സെക്രട്ടറിയും മഹാ നല്ലവന്‍!
പിന്നെയോ വില്ലന്‍ മുഖ്യന്റെ
പാവം പ്രൈവറ്റ്  സെക്രട്ടറിയും!
അവനാണു വില്ലന്‍, അവനാണു പിടിക്കപെടേണ്ടവന്‍.
അവനാണു പുറത്തു പോകേണ്ടവന്‍.

പടം എട്ടു നിലയില്‍ പൊട്ടിയേക്കാം
മമ്മൂട്ടിക്കതൊരു പ്രശ്നമല്ലെങ്കിലും.
പക്ഷേ എനിക്കിഷ്ടമായി,
പല മുഖങ്ങളേയും ഓര്‍മ്മ വന്നു,
സാദൃശ്യങ്ങള്‍ യാദൃശ്ചികമാകാമെന്നു
സംവിധായകന്‍ പറഞ്ഞെങ്കിലും.
മതിയവോളം അസ്വദിച്ചു ഞാനീ നാടകം,
പ്രത്യേകിച്ച്, ചക്രവാളസീമയില്‍ ആസന്നമായ
ഒരു തെരെഞ്ഞെടുപ്പു കാത്തു നില്‍ക്കുമീ വേളയില്‍!

--സന്ദീപ് പാലക്കല്‍
ഏപ്രില്‍ 5, 2011
ചെന്നൈ നഗരം