2012, ജൂലൈ 5, വ്യാഴാഴ്‌ച

കടല്‍

ആരെയും ശല്യപ്പെടുത്താതിരുന്നിട്ടും 
അവരെന്നെ പുച്ഛിച്ചു.
പൊട്ടനെന്നും പൊട്ടക്കിണറ്റിലെ തവളയെന്നും
അവര്‍ എനിക്കോമനപ്പേരിട്ടു.

ഞാന്‍ കിണറുകള്‍ കണ്ടിട്ടില്ല.
ആഴക്കടലില്‍ ജീവിക്കുന്ന എനിക്കെന്തു കിണര്‍?
അവര്‍ പൊട്ടന്മാര്‍! കടല്‍ കാണാത്തവര്‍.
കടലിനെ പേടിച്ച് കരയുടെ സുരക്ഷയില്‍ കഴിയുന്നവര്‍.

കടലു  കാണാത്ത, എന്നെ അറിയാത്ത 
അവരേയോര്‍ത്ത്  ഞാനെന്തിനു ലജ്ജിക്കണം?
അവരുടെ ഭാരം അവര്‍ തന്നെ ചുമക്കട്ടെ.
ഒപ്പം എന്റെ മാനാപമാനങ്ങളുടെയും....

ഈ അഗാധനീലിമയില്‍ ഒരു മത്സ്യമായി 
എന്റെ ജീവിതം ഞാന്‍ പാടിത്തീര്‍ക്കട്ടെ.
 ഒരു സൂര്യാസ്തമയ വേളയില്‍
നമുക്ക് കടലോരത്തു സന്ധിക്കാം.


--പി. സന്ദീപ്‌ 
ചെന്നൈ.
ജൂണ്‍ 4, 2012.

2012, ജൂലൈ 3, ചൊവ്വാഴ്ച

Salo, or the 120 days of Sodom


Salo, or the 120 days of Sodom: ഒരു ആസ്വാദനം.
------------------------------------------------------------------
ഞാന്‍ കണ്ട സിനിമകളില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ചിട്ടുള്ള ഒരു സിനിമയാണ് Pier Paolo Pasoliniയുടെ Salo, or the 120 days of Sodom. എന്റെ ചിന്തകളെയും ലോക വീക്ഷണത്തെയും തന്നെ അത് മാറ്റി മറിച്ചു. എന്തെന്നാല്‍, ഈ സിനിമ പറയാന്‍ ശ്രമിക്കുന്നത്, അത് ഇറക്കിയ കാലത്തില്‍ മാത്രമല്ല, നാം ജീവിക്കുന്ന ഈ കാലഘട്ടത്തിലും ഒരുപോലെ ശരിയാണ്. 

ഫാസിസ്റ്റ് ഇറ്റലിയുടെ അന്ത്യനാളുകളില്‍ നാല് ഫാസിസ്റ്റ് അരാജകവാദികള്‍ കൗമാരപ്രായക്കാരായ ഒന്പത് ആണ്‍കുട്ടികളെയും ഒന്‍പത് പെണ്‍കുട്ടികളെയും ഒരു കെട്ടിടത്തില്‍ അടിമകളായി പാര്‍പ്പിക്കുകയും അവരെ തങ്ങളുടെ അമര്‍ത്തിവെക്കപ്പെട്ട ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. അവര്‍ക്ക് കൂട്ടായി, അവരെ കാമകേളികള്‍ നിറഞ്ഞ കഥകള്‍ പറഞ്ഞ് രസം കൂട്ടാന്‍ മധ്യവയസ്കരായ രണ്ട് വേശ്യകളും ഉണ്ട്. ഈ വേശ്യകള്‍ ഒരു ഹാളിലിരുന്ന് കഥകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. ഒരു കഥ പോലും പ്രണയമോ സംഭോഗമോ നിറഞ്ഞതല്ലെന്നത് ശ്രദ്ധേയമാണ്. എല്ലാ കഥകളും വൈകൃതങ്ങള്‍ നിറഞ്ഞതാണ്. മനുഷ്യന്റെ പ്രകൃതിദത്തമായ (സ്വവര്ഗ രതി ഉള്‍പ്പെടെ) ലൈംഗിക ചോദനകള്‍ ഈ സിനിമയില്‍ അടിച്ചമര്‍ത്തി വക്കുകയും പകരം വൈകൃതങ്ങളെ കൊണ്ട് നിറക്കുകയും ചെയ്തിരിക്കുന്നു. ഈ രംഗങ്ങള്‍ ആധുനിക കാലത്ത് ടെലിവിഷന്‍ നമ്മെയും നമ്മുടെ പ്രകൃതിദത്തമായ വിവിധ ചോദനകളെയും എങ്ങനെ വികലമാക്കുന്നു, എങ്ങനെ വികൃതമാക്കുന്നു എന്നു കാണിക്കുന്നു. എല്ലാവരുടെയും കണ്ണ് വെട്ടിച്ച് അടുക്കളയില്‍ പാചകക്കാരിയെ സ്നേഹിക്കുകയും പ്രാപിക്കുകയും ചെയ്യുന്ന ഒരുവനെ സംഘം ഉടനെ വെടി വെച്ചു കൊല്ലുന്നു! 

ദിവസം ചെല്ലും തോറും ഫാസിസ്റ്റ് സംഘത്തിന്റെ വൈകൃതങ്ങളോടുള്ള ആസക്തി പെരുകുകയും അവസാനം അത് മലം തിന്നുന്ന അവസ്ഥ വരെ ചെന്നെത്തുകയും ചെയ്യുന്നു. ലൈംഗിക അവയവങ്ങളോടല്ല, മറിച്ച് ഗുദത്തിനോടാണ് അവര്‍ക്ക് പ്രിയം. ഗുദത്തില്‍ നിന്നു വരുന്നതിനാല്‍, ഗുദത്തിന്റെ ഗന്ധം പേറുന്നതിനാല്‍, മലം തിന്നുന്നതും, അതെ കുറിച്ച് സംസാരിക്കുന്നതും സംഘത്തെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നു. ഇത് എന്നെ ഓര്‍മ്മിപ്പിച്ചത് ഇന്നത്തെ യുവാക്കള്‍ സ്ത്രീ ശരീരത്തിലെ അവയവങ്ങളെ അടര്‍ത്തിമാറ്റി പ്രണയിക്കുന്നതാണ്. പിന്നെ കാറും ബൈക്കും ഒരു ഉത്തേജന വസ്തുവായി മാറുന്നതും! ഒരു സ്ത്രീയില്‍ ഇത് ഏതു തരത്തിലുള്ള പ്രതികരണമാണ് ഉളവാക്കുക എന്ന് അറിയാന്‍ ഞാന്‍ ജിജ്ഞാസുവാണ്.

മലം ചൂടോടെ ഭക്ഷിക്കുന്നതിനായി, കുട്ടികള്‍ ഒരു നിശ്ചിത സമയത്തേ മലവിസര്‍ജനം നടത്താവൂ എന്നാണ് കല്പന. ഇത് തെറ്റിക്കുന്ന ഒരു പെണ്‍കുട്ടിയുടെ തെറ്റ് പൊറുക്കപ്പെടുന്നില്ല. മനുഷ്യന് ഒരിക്കലും പൊരുത്തപ്പെടാനാകാത്ത നിയമങ്ങള്‍ അവനില്‍ അടിച്ചേല്‍പ്പിക്കപെടുന്ന അധികാരികളുടെ കാര്‍ക്കശ്യം ഈ രംഗത്തിലൂടെ വ്യക്തമായി വരച്ചു ചേര്‍ക്കുന്നു. മറിച്ച്, മനുഷ്യരാകട്ടെ, ഈ നിയമങ്ങളെ കൃത്യമായി അനുസരിച്ച് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയില്‍ ജീവിക്കുന്നു.

തങ്ങളുടെ പതിനെട്ട് അടിമകളില്‍ ആര്‍ക്കാണ് ഏറ്റവും വശ്യമായ പൃഷ്ഠം എന്നത് കണ്ടു പിടിക്കാന്‍ നടത്തുന്ന മത്സരവും ആ മത്സരം നിഷ്പക്ഷ്മായി നടത്താന്‍ അവരെടുക്കുന്ന ശ്രദ്ധയും ആധുനിക കാലഘട്ടത്തിലെ സൗന്ദര്യമത്സരങ്ങളെ മാത്രമല്ല, ഒരു കരിയര്‍ പടുത്തുയര്‍ത്തുന്നതിനായി ആധുനിക മനുഷ്യന്‍ നേരിടേണ്ട മറ്റ് മത്സര പരീക്ഷകളെയും ഓര്‍മ്മിപ്പിക്കുന്നു. മത്സരത്തില്‍ ജയിച്ചത് ഒരു ആണ്‍കുട്ടിയാണ്! അവനോട് നിന്നെ ആയിരം തവണ ഞങ്ങള്‍ കൊല്ലും എന്നാണ് സംഘം പറയുന്നത്. സൗന്ദര്യമത്സരത്തിലും മറ്റ് മത്സരപരീക്ഷകളിലും ജയിക്കുന്ന നമ്മള്‍ (നമ്മിലെ സര്‍ഗ ചോദന) ആയിരം തവണ കൊല്ലപ്പെടുന്നു എന്ന ശക്തമായ തിരിച്ചറിയലാണ് ഈ രംഗം എനിക്ക് നല്‍കിയത്.

സിനിമയുടെ അവസാനമാവുമ്പോഴേക്കും ഒരു ആണ്‍കുട്ടി മാനസികമായി സംഘത്തിന്റെ അഭിരുചികളുമായി താദാത്മ്യം പ്രാപിക്കുന്നു. അവനെ സംഘം കൂടെ ചേര്‍ക്കുന്നു. ഓരോ സ്ഥാനമാനങ്ങളിലെത്തി വന്ന വഴി മറന്ന് മര്‍ദ്ദകവര്‍ഗത്തിന്റെ കൂടെ ചേരുന്നവരെ ഇത് ഓര്‍മിപ്പിക്കുന്നു.  ബാക്കിയെല്ലാവരെയും സംഘം അതിദാരുണമയി പീഡിപ്പിച്ച് കൊല്ലുകയാണ്. 





അധികാരവര്‍ഗത്തിന്റെ, മുതലാളിത്ത വര്‍ഗത്തിന്റെ, ഷണ്‍ഡത്വവും, ഭീകരതയും ഈ ചിത്രം വളരെ വ്യത്യസ്തമായ (ഒരു പക്ഷേ, വളരെ ഭീഭത്സമായ) ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. ടെലിവിഷനില്‍ മനം മയക്കുന്ന ഓരോ പരസ്യം കാണുമ്പോഴും, വല്യ കോര്‍പറേറ്റ് കമ്പനികളിലാണ് ഞാനിപ്പോ (എന്റെ മകനിപ്പോള്‍) ജോലി ചെയ്യുന്നത് എന്ന് അഭിമാനത്തോടെ പറയുന്നവരെ കാണുമ്പോഴും, മറ്റ് പല സമാന സന്ദര്‍ഭങ്ങളിലും, ഈ സിനിമ ഒരു വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമായി എന്റെ മനസ്സില്‍ ഉയര്‍ന്നു വരാറുണ്ട്.

ഈ സിനിമ റിലീസ് ആകുന്നതിനു മുമ്പേ പസോളിനി കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ കൊലയും ഈ സിനിമയുമായി ബന്ധമുണ്ടെന്നാണ് ഊഹം. ദീര്‍ഘകാലം അനേകം രാജ്യങ്ങളില്‍ ഈ സിനിമ നിരോധിക്കപ്പെട്ടതായി നിന്നു. Marquis de Sadeയുടെ The 120 days of Sodom എന്ന 1785ലെ നോവലിനെ ആസ്പദമാക്കിയാണ് പസോളിനി ഈ ചിത്രം എടുത്തിരിക്കുന്നത്. Salo എന്നത് ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണ പ്രദേശമായിരുന്നു. Sadeയുടെ നോവലിനെ 1944ലെ യൂറോപ്യന്‍ സാഹചര്യവുമായി വളരെ മനോഹരമായി ബന്ധപ്പെടുത്താന്‍ സാധിച്ചു എന്നതാണ് പസോളിനിയുടെ കഴിവ്. സര്‍വ്വോപരി, ഞാന്‍ മുകളില്‍ വിശദമാക്കിയ പോലെ, ഇന്നത്തെ ഉത്തരാധുനിക, നവമുതലാളിത്ത കാലഘട്ടവുമായും Saloക്ക് അഭേദഭേദ്യമായ ബന്ധം കാണാന്‍ സാധിക്കുന്നു എന്നത്, ഒരു ചലചിത്രമെന്ന നിലയില്‍ Saloയെയും സംവിധായകന്‍ എന്ന നിലയില്‍ പസോളിനിയെയും മഹത്തരമാക്കുന്നു.

2012, ഏപ്രിൽ 17, ചൊവ്വാഴ്ച

ഐഡിയോളജി

ചെന്നൈ മഹാനഗരത്തിലൂടെ ഞാനിങ്ങനെ നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു സ്കൂളിന്റെ മതിലില്‍ മുഴുവന്‍ കുറേ മഹദ് വചനങ്ങള്‍ എഴുതി വച്ചിരിക്കുന്നത് കണ്ടത്. ആദ്യം കണ്ടത്:

"Be loyal and faithful" -- "വിശ്വസ്തനും വിശ്വാസമുള്ളവനും ആയിരിക്കുക."

കുറ്ച്ചു കൂടി മുമ്പോട്ടു ചെന്നപ്പോള്‍ കണ്ടത്:

"Pride always leads to destruction" -- "അഭിമാനം എപ്പോഴും നാശത്തിലേക്ക് നയിക്കുന്നു."

ഇതാണ് ഒരു പക്ഷേ ഐഡിയോളജി എന്നു പറയുന്നത്. സ്ലോവേനിയന്‍ ഫിലോസഫറായ സ്ലാവോയ് സിസക് ഐഡിയോളജിയെ (അദ്ദേഹത്തിന്റെ ഉച്ചാരണപ്രകാരം ഇഡിയോളജി) ലളിതമായി നിര്‍വചിക്കുന്നത് "unkown kowns" (അറിയാത്ത അറിവുകള്‍) എന്നാണ്. അതായത് നമ്മള്‍ക്ക് അറിയാം, എന്നാല്‍ നമ്മള്‍ അറിയുന്നില്ല നമുക്ക് അറിയാം എന്ന്. ഇത്തരം അറിവാണ് ഐഡിയോളജി. ഐഡിയോളജി ഇല്ലാത്ത മനുഷ്യരില്ല. മനുഷ്യന്റെ അബോധമനസ്സില്‍ ഇരുന്നു കൊണ്ട് അവന്റെ ചിന്തകളെയും പ്രവര്ത്തികളെയും നിയന്ത്രിക്കുന്ന അറിവാണ് ഐഡിയോളജി. ഈ അറിവ് ഒരിക്കലും യാഥാര്‍ത്ഥ്യബോധത്തില്‍ അധിഷ്ഠിതമായിരിക്കില്ലെന്ന് (rational) പറയേണ്ട കാര്യമില്ലല്ലോ? പലപ്പോഴും മനുഷ്യനെ തന്റെ ആഗ്രഹപ്രകാരം പ്രവര്‍ത്തിക്കാന്‍ കഴിവില്ലാത്തവനാക്കി മാറ്റാന്‍ അവന്റെ ഐഡിയോളജിക്ക് വലിയ പങ്കുണ്ട്. അബോധമനസ്സ് എന്ത് പറയുന്നോ അത് പാലിക്കാന്‍ അവന്‍ നിര്‍ബന്ധിതനാകുന്നു. പലപ്പോഴും മനസ്സില്‍ സത്യം, ധര്‍മ്മം, സദാചാരം എന്നീ വിവിധ രൂപഭാവങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് ഐഡിയോളജി ആണ്. ഈ ഐഡിയോളജി ബാഹ്യലോകം മനുഷ്യനില്‍ ഉണ്ടാക്കുന്നതോ അല്ലെങ്കില്‍ മനുഷ്യന്‍ സ്വയം തന്റെ സ്വഭാവത്തില്‍ സഞ്ചയിക്കുന്നതോ ആണ്. രണ്ട് വിധത്തിലായാലും ബാഹ്യലോകമാണ്` ഐഡിയോളജിയുടെ ഉറവിടം.

അധികാരവര്‍ഗ്ഗം പലപ്പോഴും ബോധപൂര്‍വമോ അബോധപൂര്‍വമോ സാധാരണ മനുഷ്യരില്‍ ഉണ്ടാക്കിയെടുത്തിട്ടുള്ള ഐഡിയോളജിയാണ് വിശ്വസ്തനാകുക, വിശ്വസിക്കുക, അനുസരിക്കുക, എന്നിവ. രാജാവിനോട് (അധികാരിയോട്) വിശ്വസ്തനാകുക, രാജാവിനെ വിശ്വസിക്കുക, രാജാവിനെ അനുസരിക്കുക എന്നതാണ് യഥാര്‍ത്ഥ അര്‍ത്ഥം. മേല്‍പറഞ്ഞ മഹദ് വചനങ്ങളും വിദ്യാര്‍ത്ഥികളോട് യഥാര്‍ത്ഥത്തില്‍ സംവേദിക്കുന്നത് ഇതു തന്നെയാണ്. ഇതില്‍ ഏറ്റവും രസകരമായത് രണ്ടാമത്തേതാണ്: "അഭിമാനം എപ്പോഴും നാശത്തിലേക്ക് നയിക്കുന്നു." ഒന്നിരുന്ന് ചിന്തിച്ചാല്‍ പൊരുള്‍ മനസ്സിലാകും: സാധാരണ്ക്കാരന്റെ അഭിമാനം രാജാവിന്റെ നാശത്തിന് കാരണമായേക്കും; അതുകൊണ്ട് സാധാരണക്കാരന്‍ എപ്പോഴും അഭിമാനമില്ലാത്തവനായി ജീവിക്കണം! എങ്ങനെയുണ്ട്, കൊള്ളാമോ?

2012, ഏപ്രിൽ 15, ഞായറാഴ്‌ച

വിഷുസ്മരണകള്‍



ഒരു വിഷുദിനം കൂടെ ഇന്നലെ കടന്നു പോയി. കൃത്യമായി പറഞ്ഞാല്‍ എന്റെ ജീവിതത്തിലെ മുപ്പത്തൊന്നാം വിഷുദിനം! ഇത്തവണ വിഷുവിന് നാട്ടില്‍ പോകാന്‍ പറ്റിയില്ല. എങ്കിലും ഞാന്‍ നാട്ടിലെ അടുത്ത ബന്ധുക്കളെയെല്ലാം ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിക്കുകയും അവിടുത്തെ വിശേഷങ്ങള്‍ ആരായുകയും ചെയ്തു. എല്ലാവരും രാവിലെ രണ്ടരക്കോ മൂന്നരക്കോ ഒക്കെ ഉണരുകയും കണി കാണുകയും ചെയ്തുവത്രെ. രാവിലെ എണീറ്റ് കണിക്കൊന്നയും മറ്റ് ചില ഫലവര്‍ഗ്ഗങ്ങളും ശ്രീകൃഷ്ണവിഗ്രഹത്തിന്റെ സാന്നിധ്യത്തില്‍ കണി കാണുക. ഇതാണ് വിഷുവിന്റെ ഏറ്റവും പ്രധാനമായ ചടങ്ങ്. രാവിലെ എണീക്കാന്‍ എനിക്ക് പൊതുവെ മടിയാണ്. എങ്കിലും വിഷുദിനത്തില്‍ അമ്മ വിളിച്ചുണര്‍ത്തുന്നതും അമ്മയോടും അച്ഛനോടും അനിയത്തിയോടും കൂടി കണി കാണുന്നതും ഒരു രസമാണ്. കഴിഞ്ഞ വിഷുവിന്  അനിയത്തി അവളുടെ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു. പകരം എന്റെ ഭാര്യയുണ്ടായിരുന്നു കൂടെ. കുളിച്ച് വന്ന് കണി കണ്ട് അമ്മയുണ്ടാക്കി വച്ച നെയ്യപ്പവും കട്ടന്‍ ചായയും കഴിക്കും. ഇതാണ് സാധാരണ വിഷുവിന്റെ പുലര്‍ച്ച.

എനിക്ക് ഓണത്തേക്കാള്‍ എന്നും ഇഷ്ടം വിഷു ആയിരുന്നു. ദീര്‍ഘമായ വേനലവധിയുടെ ആരംഭത്തിലാണ് വിഷു എന്നതായിരിക്കാം കാരണം. മറ്റൊരു കാരണം പടക്കങ്ങളും പൂക്കുറ്റികളും പൂത്തിരികളും നിലച്ചക്രങ്ങളും കത്തിക്കാം, അവയുടെ പ്രഭാവലയത്തില്‍ സ്വയം മറന്ന് തിമിര്‍ക്കാം എന്നതായിരിക്കും. കുട്ടിക്കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, പല വിഷുവിനും ആവശ്യത്തിന് പടക്കങ്ങള്‍ പൊട്ടിക്കാനും കത്തിക്കാനും കഴിഞ്ഞില്ല എന്നൊരു തോന്നല്‍ ബാക്കിയാണ്. അച്ഛന് അത്രയേ വാങ്ങാന്‍ പണമുണ്ടായിരുന്നുള്ളൂ. അത് വളരെ വ്യത്യസ്തമായ ഒരു കാലമായിരുന്നു. നവമുതലാളിത്തം പടിക്കലെത്തിയിരുന്നില്ല. അതിസമ്പന്നത എവിടെയും ഉണ്ടായിരുന്നില്ല. ഒരു കുടുംബം പുലര്‍ത്താന്‍, സ്വന്തമായി ഒരു വീടു വക്കാന്‍, ആ ശ്രമത്തിനിടക്ക് മക്കളുടെ വിദ്യാഭ്യാസം താറുമാറാകാതിരിക്കാന്‍, എന്റെ അച്ഛന്‍ എത്ര ബുദ്ധിമുട്ടിയിരുന്നുവെന്ന് എനിക്ക് ഊഹിക്കാനേ കഴിയൂ. അതുപോലൊരു ജീവിതം ജീവിക്കാനുള്ള കരുത്ത് എനിക്കുണ്ടോ എന്ന് അറിയില്ല. അയല്‍വീടുകളിലും ബന്ധുവീടുകളിലും വിഷുവിന് പടക്കം പൊട്ടിക്കുന്നത് ഞാന്‍ കാണാന്‍ പോകുമായിരുന്നു. അങ്ങനെയുള്ള പങ്കുചേരലുകള്‍ ആണ് ഒരു പക്ഷേ വിഷുവിന്റെയും അല്ലെങ്കില്‍ മറ്റേതൊരു ആഘോഷത്തിന്റെയും ധന്യത.

വിഷുദിനത്തില്‍ ഊണ് കഴിക്കാനായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു. കാരണം ഊണിന് മുമ്പായി ഒരു നീളന്‍ കോമ്പല പടക്കത്തിന് തീ കൊളുത്തും. ഭക്ഷണത്തേക്കാള്‍ ഞങ്ങള്‍ക്ക് പ്രധാനം ആ പടക്കം പൊട്ടിക്കലായിരുന്നു. വിഭവസമൃദ്ധമായ സദ്യക്ക് മുമ്പായി അച്ഛന്‍ അല്പം ചോറില്‍ പഴവും പപ്പടവും പായസവും കൂട്ടിക്കുഴച്ച് ഗണപതിക്ക് എന്നു പറഞ്ഞ് മാറ്റി വക്കും. അതിലൊരു ഉരുള ഞങ്ങള്‍ കുട്ടികള്‍ക്കും കിട്ടും. സദ്യക്ക് ശേഷം ആ ചോറ് എലിക്ക് കിട്ടാന്‍ പാകത്തില്‍ പറമ്പിന്റെ മൂലയില്‍ കൊണ്ട് വക്കും. ഗണപതിയുടെ വാഹനം എലിയാണ് എന്നാണല്ലോ സങ്കല്പം? ഊണ് കഴിയുന്നതോടെ സങ്കടമായി. വിഷു വിട പറയുകയാണ്. പടക്കങ്ങള്‍ വിട പറയുകയാണ്. നെഞ്ചില്‍ ഒരു ഭാരം പോലെ തോന്നും.

വിഷുവിന്റെ തലേദിവസം വൈകുന്നേരമാണ് ഞങ്ങള്‍ പടക്കങ്ങള്‍ക്ക് തീ കൊളുത്തി തുടങ്ങുക. പടക്കം പൊട്ടുന്ന ശബ്ദവും പൂക്കുറ്റിയുടെയും പൂത്തിരികളുടെയും വര്‍ണ്ണങ്ങളും നിലച്ചക്രം മനസ്സിലുയര്‍ത്തിയിരുന്ന വിസ്മയവും എന്റെ മനസ്സില്‍ മധുരസ്മരണകളായി എന്നും നില നില്‍ക്കും. കാരണം അവ എന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. ഒരു പക്ഷേ ഇന്ന് നാം വിഷു ആഘോഷിക്കുന്നില്ല. മുതലാളിത്തം നമ്മെക്കൊണ്ട് ആഘോഷിപ്പിക്കുകയാണ് ചെയ്യുന്നത്. അതിസമ്പന്നതയില്‍ മതി മറന്ന് നാം ആവശ്യത്തിലധികം പടക്കം പൊട്ടിക്കുന്നുണ്ടാകാം. എങ്കിലും ആ പടക്കങ്ങള്‍ പൊട്ടിക്കൊണ്ടിരിക്കട്ടെ. പൂത്തിരികളും പൂക്കുറ്റികളും മത്താപ്പൂക്കളും കത്തിക്കൊണ്ടിരിക്കട്ടെ. നമ്മുടെ സമ്പാദ്യത്തിന്റെ ഒരു പങ്ക് അങ്ങനെ കത്തട്ടെ. കാരണം, ആ പ്രഭാവലയം ആസ്വദിക്കുന്ന കുരുന്നു മനസ്സുകളെ എനിക്കറിയാം. അവരെ എനിക്ക് മനസ്സിലാകും. ശരീരം വളര്‍ന്നത് കൊണ്ട് മനസ്സ് മരവിച്ച ചിലര്‍ക്ക് അത് മനസ്സിലാവില്ലെങ്കിലും.

2012, മാർച്ച് 12, തിങ്കളാഴ്‌ച

നിഷ്ഠ

ഒരിക്കല്‍ ധര്‍മ്മനിഷ്ഠയായ ധര്‍മ്മപത്നി സത്യനിഷ്ഠനായ തന്റെ പതിയോട് ചോദിച്ചു. "ഞാന്‍ മരിച്ചു പോയാല്‍ നിങ്ങള്‍ മറ്റൊരു വിവാഹം കഴിക്കുമോ?"


അശ്ശേഷം പോലും സമയമെടുക്കാതെ, ഒട്ടും ചിന്തിക്കാതെ, പതി പറഞ്ഞു: "ഇല്ല".


പത്നിയുടെ മുഖം ആര്‍ദ്രമായി. അവളുടെ മനോമുകുളം സ്നേഹം തൂവിക്കൊണ്ട് കൊണ്ട് വിരിഞ്ഞു.കഥ അവിടെ അവസാനിക്കുമായിരുന്നു. പക്ഷേ, പതിയെ പുണര്‍ന്നു കൊണ്ട് പത്നി ചോദിച്ചു. "അതെന്താ അങ്ങനെ?"


"നിന്നെ എനിക്കത്രക്കിഷ്ടമാണ് ഓമനേ" എന്ന് പറഞ്ഞാല്‍ മതിയായിരുന്നു. സത്യനിഷ്ഠനായ പതി ഇപ്രകാരമാണ് ഉത്തരം നല്‍കിയത്:"ഒരാള്‍ ഒരേ കുഴിയില്‍ രണ്ടു തവണ വീഴുമോ?"


തന്റെ അബോധതലത്തിന്റെ താനറിയാത്ത വിങ്ങലുകള്‍ പുറത്തേക്ക് പ്രസരിപ്പിച്ച സുഖത്തില്‍ പതി തന്റെ സത്യനിഷ്ഠ വെടിഞ്ഞ് ബ്രഹ്മനിഷ്ഠനായി ജീവിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങി. അപ്പോള്‍ "താന്‍ ചത്താലും ഞാന്‍ വേറൊരുത്തനെ കെട്ടും" എന്ന് ആക്രോശിച്ചു കൊണ്ട് ധര്‍മ്മപത്നി പതിയെ കയ്യില്‍ കിട്ടിയ അമ്മിക്കുട്ടി കൊണ്ട് തലക്കടിച്ച് കൊന്നു.


രാഷ്ട്രത്തലവനായ രാജാവ് സിംഹം പതിയെ വധിച്ച പത്നിയാകുന്ന മഹിളയെ തന്റെ സൈന്യത്തെ അയച്ച് ബന്ധിച്ച് കാരാഗൃഹത്തിലടച്ചു. പതിനാലു സംവത്സരത്തെ ജീവപര്യന്തം കാരാഗൃഹത്തിന്റെ ഓണര്‍ എട്ടു വര്‍ഷമാക്കി വെട്ടിച്ചുരുക്കി. മഹിള സ്വതന്ത്രയായി, പുറത്ത് വന്ന് വേറൊരു "മുട്ടാള"നെ വിവാഹം ചെയ്ത്, കുട്ടികളെയും കുക്കുട്ടികളെയും ഉണ്ടാക്കി, ശിഷ്ടകാലം സുഖമായി ജീവിച്ചു.


സ്വപ്നനിഷ്ഠനായ ഒരു കഥാകൃത്ത് ഇതെല്ലാം ഒരു കഥയായെഴുതി.


ശുഭം!