2014, ഏപ്രിൽ 27, ഞായറാഴ്‌ച

ചില 'ഭയം'കര ചിന്തകള്‍


ഈ പോസ്റ്റ് എന്റെ സുഹൃത്ത് ആനൂപ് വര്‍ഗീസിനുള്ള സമര്‍പ്പണം ആകുന്നു!

നമ്മുടെ രാജ്യത്ത് നരേന്ദ്ര മോഡിക്ക് അനുകൂലമായ തരംഗം നില നില്‍ക്കുന്നില്ല എന്ന ചിലരുടെ അഭിപ്രായം സത്യത്തെ ബോധപൂര്‍വ്വം മറയ്ക്കുന്ന ഒരു നിരാകരണം മാത്രമാണ്. മോഡി തരംഗം അതിശക്തമാണ് എന്ന കാര്യത്തില്‍ ഒരു സംശയവും കാണുന്നില്ല. ഈ തരംഗം ഏറ്റവും ശക്തമായിട്ടുള്ളത് വലിയൊരു വിഭാഗം ഹിന്ദുക്കളിലും, മോഡി എന്നാല്‍ വികസനം ആണ് എന്ന് കരുതുന്ന ചില അന്യമതസ്ഥരിലും ആണ്. എങ്ങനെയാണ് മോഡി ഇത്രക്ക് ശക്തനായത് എന്ന ചോദ്യത്തിന് എനിക്ക് ഉള്ള ഉത്തരം ബിജെപിയുടെ അതിശക്തമായ പ്രചരണങ്ങളിലൂടെ എന്നല്ല. മറിച്ച് മോഡിയെ ഇത്ര കണ്ട് സ്വീകാര്യനാക്കിയത് അദ്ദേഹത്തിനെതിരെ ഗുജറാത്ത് കലാപത്തിനു ശേഷം ഇന്ത്യന്‍ മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളൂം അഴിച്ചുവിട്ട വിമര്‍ശനങ്ങളാണ് എന്നതാണ് ഒരു പക്ഷേ സത്യം. ഈ വിമര്‍ശനങ്ങള്‍ പറഞ്ഞു തന്നത് ആയിരക്കണക്കിന് മുസ്ലീങ്ങളുടെ മരണത്തിലേക്ക് നയിച്ച ഗുജറാത്ത് കലാപങ്ങളുടെ ഉത്തരവാദി മോഡിയാണ് എന്നതാണ്. ശരിയാണെങ്കിലും അല്ലെങ്കിലും ഇവ മോഡിയുടെ തിളക്കം കൂട്ടി, അദ്ദേഹത്തെ ശക്തനാക്കി എന്നതാണ് സത്യം. ഇന്ത്യയിലെ വലിയൊരു വിഭാഗം ഹിന്ദുക്കള്‍ മോഡിയെ പിന്തുണക്കുന്നത് അദ്ദേഹത്തോടുള്ള ആദരവു കൊണ്ടല്ല, മറിച്ച് അദ്ദേഹം നേതൃത്വം കൊടുത്തിട്ടുണ്ട് എന്ന് പറയപ്പെടുന്ന മുസ്ലീം വിരുദ്ധ കലാപങ്ങളെ അവര്‍ അബോധപൂര്‍വ്വമായി ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു എന്നതുകൊണ്ടാണ്. ഈ അര്‍ത്ഥത്തില്‍ ഒരു പക്ഷേ മോഡിയേക്കാളും അപകടം അദ്ദേഹത്തിനു ലഭിക്കുന്ന പിന്തുണയാണ്. ഈ പിന്തുണ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ഭൂരിപക്ഷ മതസ്ഥരില്‍ രൂപം കൊണ്ടു വരുന്ന വലിയൊരു സാമുദായിക ധ്രുവീകരണത്തെയാണ്. ന്യൂനപക്ഷങ്ങളിലുള്ള ഇത്തരം ധ്രുവീകരണങ്ങളും തീവ്രനിലപാടുകളും മറ്റും അപകടകരമല്ല, നിസ്സാരമാണ് എന്നല്ല പറഞ്ഞു വന്നത്.

ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്, ജനങ്ങള്‍ക്ക് ആരെയും പിന്തുണക്കാം അതിനെ അപകടം എന്നു വിളിക്കുന്നത് വിഡ്ഢിത്തമാണ്, ചിലരുടെ അകാരണമായ ഭയമാണ് അത് എന്നുള്ള വാദങ്ങള്‍ എനിക്ക് സുപരിചിതമാണ്. ഈ വാദം പൊള്ളയാണ് എന്ന് നമ്മള്‍ തിരിച്ചറിയുന്നത്, ജനങ്ങളുടെ പിന്തുണ എന്നത് പ്രചരണങ്ങളിലൂടെയും മറ്റും ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ് എന്നു മനസ്സിലാക്കുമ്പോഴാണ്. ഇതു മനസ്സിലാക്കാന്‍ ഇന്നത്തെ പരസ്യങ്ങളെയും അവ മനുഷ്യന്റെ മനസ്സിനെ എങ്ങനെ ആഴത്തില്‍ സ്വാധീനിക്കുന്നു എന്നു ശ്രദ്ധയോടെ ഒന്നു പഠിക്കാന്‍ ശ്രമിച്ചാല്‍ മതി. ജനങ്ങള്‍ പലപ്പോഴും പല രീതിയിലും ചിന്തിക്കും. അതിനനുസരിച്ച് സമൂഹം പല ദിക്കുകളിലേക്കും ആടിയുലയുകയും ചെയ്യും. ബുദ്ധിപരമായി ഈ ആടിയുലച്ചിലുകളെ മനസ്സിലാക്കുകയും അവയെ സമാധാനത്തിലേക്കും തുല്യമായ പുരോഗതിയിലേക്കും തിരിച്ചു വിട്ട് സമൂഹത്തെ മുന്നോട്ട് നയിക്കുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണ്. ബുദ്ധിയുടെ സഹായമില്ലാതെ മനുഷ്യടെ വികാരങ്ങളുടെ വഴിയില്‍ അഴിച്ചു വിട്ടാല്‍ മനുഷ്യന് മനുഷ്യന്റെ മനുഷ്യത്വം നഷ്ടമാകും എന്നത് ഓര്‍ക്കുക.

സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിച്ചപ്പോള്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് മോഡിയെ പിന്തുണക്കുന്നവരില്‍ വിദ്യാഭ്യാസം കുറഞ്ഞ, സാധാരണ തൊഴിലുകള്‍ ചെയ്തു ജീവിക്കുന്നവര്‍ മുതല്‍ അത്യുന്നത വിദ്യാഭ്യാസം നേടി, വലിയ കമ്പനികളില്‍ ജോലിയെടുക്കുന്നവരും സമൂഹത്തില്‍ ഉന്നത സ്ഥനമാനങ്ങള്‍ വഹിക്കുന്നവരും വരെയുണ്ട് എന്നതാണ്. മോഡിതരംഗത്തിലുള്ള അപകടങ്ങള്‍ തിരിച്ചറിയുന്നത് കൂടുതലും വിദ്യാസമ്പന്നരായ ഒരു ന്യൂനപക്ഷമാണ്. ഈ ന്യൂനപക്ഷം ഇന്ന് മോഡിയെയും ഭൂരിപക്ഷ-ന്യൂനപക്ഷ തീവ്രവാദങ്ങളെയും വിമര്‍ശിക്കാനുപയോഗിക്കുന്ന ഭാഷ സാധരണ ജനവിഭാഗങ്ങളിലേക്ക് അവരുടെ ആശയങ്ങള്‍ എത്തിക്കാനുതകുന്നവയല്ല എന്ന് ഖേദപൂര്‍വം ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. അധ്വാനിക്കുന്ന ജനവിഭാഗങ്ങളില്‍ നിന്ന് ഇടതുപക്ഷം എത്രയോ ദൂരെയായിക്കഴിഞ്ഞിരിക്കുന്നു എന്ന സത്യവും ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്. ഒരു പക്ഷേ, ചിന്തിക്കുന്നവര്‍ (ബുദ്ധിജീവികള്‍ എന്നുപയോഗിക്കാന്‍ പേടിച്ചിട്ടാണ്) ഇന്നു ചെയ്യേണ്ടത് ആശയങ്ങളെ സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ പ്രകടിപ്പിക്കുക എന്നതാണ്. ജനങ്ങളുമായുള്ള വിടവു നികത്തുക എന്നതാണ്.