2014, ഡിസംബർ 7, ഞായറാഴ്‌ച

ഒരു പൈങ്കിളി പോസ്റ്റ് ;)

"ഈ ബൂലോഗത്തിലെ പല പ്രസിദ്ധങ്ങളായ ബ്ലോഗ് പോസ്റ്റുകളും ന്റെ ബ്ലോഗീന്ന് പലരും പലപ്പോഴായി അടിച്ചോണ്ടു പോയതാട്ട്വോ. കോപ്പിയടി കൂട്ണേനെപ്പറ്റി ഞാന്‍ ന്ത് പറയാന്‍! എഴുത്ത് മുഴുവന്‍ ന്റേം പ്രസിദ്ധി മുഴുവന്‍ അവര്‍ക്കും."

ശോകം.

"അല്ലാ, നിന്റെ ബ്ലോഗില്‍ കുറച്ചു പോസ്റ്റു മാത്രമല്ലേ ഉള്ളൂ? മറ്റെവിടെയും വായിച്ചതൊന്നും നിന്റെ ബ്ലോഗില്‍ കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. എന്തോ, ഇനി ഞാന്‍ കാണാഞ്ഞിട്ടായിരിക്കും."

അത്ഭുതം!

"എന്ത് കാണാഞ്ഞിട്ടോ? . . . .  ഇപ്പോ മ്മടെ വീട്ടീന്ന് ഒരു തണ്ണിക്കിണ്ടി കള്ളന്‍ കട്ടോണ്ടുപോയാപ്പിന്നെ അത് അവടെ കാണാന്‍ പറ്റ്വോ?"

ചോദ്യം?

"? . . . . ഇല്ല. "

സംശയം.

"ആ അതുപോലെന്ന്യാ ഇദും."

"ങേ?"

ങേ!

2014, ഡിസംബർ 1, തിങ്കളാഴ്‌ച

കോവിലന്റെ തട്ടകം: എന്റെ വായന



തട്ടകം വായിച്ചു കഴിഞ്ഞു. കോവിലന്റെ ശബ്ദം മനസ്സിന്റെ ആഴങ്ങളില്‍ വിരാജിക്കുന്നു. ഒരു വേറിട്ട ശബ്ദം തന്നെ. വായന ഒരു വേറിട്ട അനുഭവവും.

സത്യതില്‍ കോവിലന്‍ പുതുതായി എനിക്ക് എന്തെങ്കിലും പറഞ്ഞു തന്നോ? ഉണ്ടായിരിക്കാം. എന്നാല്‍ വായിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ മനസ്സിലുണര്‍ന്നത് പൊയ്പ്പോയ ഒരു കാലത്തെ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു. തട്ടകം പറയുന്നത് എന്റെ കാലത്തിനു മുമ്പുള്ള കഥകളായിരിക്കാം. ഞാന്‍ ജനിക്കുന്നതിനും നാലു പതിറ്റാട്ടു മുമ്പേ തട്ടകം വാക്കുകളാല്‍ വരച്ചിട്ട കഥകള്‍ അവസാനിക്കുന്നു. പക്ഷേ, ആ കഥകളും അവയില്‍ വിവരിക്കുന്ന ജീവിതവും എനിക്ക് അന്യമല്ല. എന്റെ കുട്ടിക്കാലവും തട്ടകം പോലെ തന്നെ ആയിരുന്നു. പരസ്പരം അടുത്തറിഞ്ഞു ജീവിച്ചിരുന്ന നാട്ടുകാര്‍, ഉറക്കം വരുന്നതു വരെ കഥകള്‍ പറഞ്ഞു തന്നിരുന്ന അച്ഛന്‍, അച്ഛന്റെ നെഞ്ചിന്റെ ചൂട്, കഞ്ഞി, ചമ്മന്തി തുടങ്ങിയ നാടന്‍ ഭക്ഷണം, നാടിനായി ഒരു വൈദ്യന്‍, തെങ്ങുകയറ്റക്കാര്‍, വീട്ടില്‍ വരാന്‍ തയ്യാറുള്ള ക്ഷുരകന്‍, കണ്ടംകൊത്തുകാര്‍, സിമന്റു പണിക്കാര്‍, മേസ്തിരി, വെള്ളമുണ്ടും ഷര്ട്ടുമണിഞ്ഞ ദൈവതുല്യരായ മാഷുമാര്‍, വീടുകളില്‍ വളര്‍ത്തിയിരുന്ന കാളകള്‍, പശുക്കള്‍, എരുമകള്‍, കോഴികള്‍, നിരത്തിലിറങ്ങിയാല്‍ കണ്ടിരുന്ന ആനകള്‍, കാളവണ്ടികള്‍, പിന്നെ കാവ്, തിറ, ചെണ്ടകൊട്ട്, ഉത്സവം, അങ്ങനെ അങ്ങനെ. ഓര്‍മ്മകള്‍ മരിക്കുന്നില്ല, ഒരു കാലഘട്ടമോ അതിലെ ജീവിതങ്ങളോ പോലും. 

തട്ടകം എപ്പോഴാണ് തുടങ്ങുന്നത്? ഏതുകാലം? ഏതു വര്‍ഷം? അങ്ങനെ ഒന്നും ചോദിക്കരുത്. തട്ടകം കാലങ്ങള്‍ക്കതീതമാകുന്നു. പണ്ടു പണ്ടു പണ്ടൊരു പുരാതനകാലത്ത് തട്ടകം ആരംഭിക്കുന്നു. തുടക്കത്തിലെ ഭാഷ മനസ്സിലാക്കുവാന്‍ ഇത്തിരി ബുദ്ധിമുട്ടി. പിന്നെ കാലം പരിണമിക്കുന്നു. കഥാപാത്രങ്ങളും. അതിനനുസരിച്ച് തട്ടകത്തിന്റെ എഴുത്തും മാറുന്നു. ഭാഷമാറുന്നു. വാക്കുകള്‍ കൂടുതല്‍ കൂടുതല്‍ പരിചിതങ്ങളാകുന്നു. പതിയെ ഇംഗ്ലീഷും കടന്നു വരുന്നു. നാട്ടുഭരണം, പ്രമാണിമാര്‍, നാട്ടുയുദ്ധങ്ങള്‍, രാജഭരണം, ദിവാന്‍, പോലീസ്, തോക്ക്, കാറ്, തൊട്ടുകൂടായ്മ, തീണ്ടല്‍, മേലാളര്‍, കീഴാളര്‍, സഹോദരന്‍ അയ്യപ്പന്‍, നാരായണഗുരു, നവോത്ഥാനം, സ്ത്രീകളുടെ സ്വത്തവകാശം, ഗുരുവായൂര്‍ സത്യാഗ്രഹം, എഴുത്തുപള്ളി, എഴുത്താശാന്‍, പിന്നെ സ്കൂള്‍, ഗാന്ധിജി, സ്വാതന്ത്ര്യസമരം അങ്ങനെ അങ്ങനെ തട്ടകം പുരോഗമിക്കുന്നു. അതിനിടെ യാഥാര്‍ത്ഥ്യവും നാട്ടുകഥകളും ചരിത്രവും ഇതിഹാസങ്ങളും കെട്ടുകഥകളും എല്ലാം എല്ലാം ഏതേതെന്നറിയാതെ കൂടിക്കലര്‍ന്ന് ഒരു ഗ്രാമത്തിന്റെ, മൂപ്പിലശ്ശേരിയുടെ, അവിടെ ജീവിച്ച മനുഷ്യരുടെ, അവരുടെ ലോകത്തിന്റെ, ലോകബോധത്തിന്റെ, ജീവിതബോധത്തിന്റെ വ്യക്തമാര്‍ന്ന ഒരു ചിത്രം നമുക്കു മുമ്പില്‍ വിരിയുന്നു.

ഇത് ആരുടെ കഥയാണ്? ആരാണ് മുഖ്യകഥാപാത്രം? അങ്ങനെയും ചോദിക്കരുത്. ഇത് കഥയല്ല, ചരിത്രമാകുന്നു. ഒരു ജനതയുടെ ചരിത്രം. പ്രാകൃതത്തില്‍ നിന്നും നാഗരികതയിലേക്ക് മെല്ലെ മെല്ലെ പരിണമിച്ച മലയാളിയുടെ ചരിത്രം. ഒരിക്കല്‍ കോവിലന്‍ പറഞ്ഞത്രെ, "തട്ടകം എന്നാല്‍ ഇന്ത്യ തന്നെ‌!" ആയിരിക്കാം. ഇന്ത്യയെ ഇനിയും അറിയാത്ത ഒരുവന്‍ എന്ന നിലക്ക് തട്ടകം മലയാളം തന്നെ എന്നു പറയാനേ എനിക്കു കഴിയൂ. അതുപോലെ കോവിലന്‍ മലയാളത്തിന്റെ ജയിംസ് ജോയ്സ് എന്നും. എന്തെന്നാല്‍ ജോയ്സിന്റെ 'എ പോര്‍ട്രയിറ്റ് ഓഫ് ദി ആര്‍ട്ടിസ്റ്റ് ഏസ് എ യങ്ങ് മാന്‍' എന്ന നോവലുമായി വല്ലാത്തൊരു ബന്ധം തട്ടകത്തിന് ഉണ്ട് എന്നു എനിക്ക് തോന്നുന്നു. അത് മറ്റൊന്നിലും അല്ല, തന്നെ താനാക്കിയത്, ഒരു എഴുത്തുകാരനാക്കിയത്, എന്താണ് എന്ന് ഒരു കഥാകാരന്‍ സ്വയം കഥയിലൂടെ വിലയിരുത്തുന്നു എന്നതിലാണ്. ഏറ്റവും അവസാനം "ഗാന്ധിജി ജയിലില്‍ കിടക്കുമ്പോള്‍ ഞാന്‍ പഠിക്കുന്നതെങ്ങിനെ" എന്നു ചോദിച്ച് സ്കൂള്‍ പഠനം ബഹിഷ്ക്കരിച്ച അപ്പുക്കുട്ടന്‍ സ്വയം കവിയാവാന്‍ പ്രതിജ്ഞ എടുക്കുന്നിടത്ത് തട്ടകം അവസാനിക്കുകയാണ്. അച്ഛന്റെ ആഗ്രഹത്തിനനുസരിച്ച് പഠിപ്പ് പൂര്‍ത്തീകരിച്ച് ഒരു 'വിദ്വാന്‍' ആവാന്‍ തനിക്കു കഴിഞ്ഞില്ല. എന്നാല്‍ വിദ്വാന്‍ ആവാതെ തന്നെ വിദ്വാന്‍ ജി ശങ്കരക്കുറുപ്പിനെ പോലെ കവിയായി താന്‍ മാറും എന്നു അപ്പുക്കുട്ടന്‍ വിചാരിക്കുകയാണ്. കഥ പെട്ടെന്നു നിര്‍ത്തിയപോലെ! ഇത് അവസാനിക്കാറായോ? അപ്പുക്കുട്ടന്‍ കോവിലന്‍ തന്നെയാകുന്നു. തുടര്‍ന്നുള്ള കഥ കോവിലന്റെ ജീവിതം ആകുന്നു! ജോയ്സിന്റെ പോര്‍ട്രയിറ്റും ഇങ്ങനെ തന്നെയാണ് അവസാനിക്കുന്നത്. അത് ജോയ്സിനെ തുടര്‍ന്ന് വായിക്കാന്‍ എനിക്കു പ്രചോദനം നല്‍കിയപോലെ തട്ടകം കോവിലനെ തുടര്‍ന്നു വായിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

അപ്പുക്കുട്ടന്‍ തട്ടകത്തില്‍ പ്രത്യക്ഷപ്പെട്ട മുതല്‍ എന്റെ മനസ്സിനെ കീഴടക്കി. കുഞ്ഞായിരിക്കുമ്പോളുള്ള അവന്റെ ചിന്തകള്‍, കാഴ്ചകള്‍, ഭയങ്ങള്‍! ഞാന്‍ തന്നെയല്ലെ അപ്പുക്കുട്ടന്‍ എന്ന് എനിക്കു തോന്നിയിരുന്നു. അതിനു പുറമേ, കുട്ടിയായ അപ്പുക്കുട്ടന്റെ ഓരോ ഭാവവും ഒന്നര വയസ്സുള്ള എന്റെ മകന്റെ മുഖമാണ് എന്റെ മനസ്സിലുണര്‍ത്തിയത് എന്നതും അവനെ എനിക്കു പ്രിയങ്കരനാക്കി. അതുപോലെ മറ്റനേകം കഥാപാത്രങ്ങള്‍, ഉണ്ണികോരന്‍, അയ്യപ്പന്‍, ഗോസ്വാമി, മരിച്ചു ഉറുമ്പു തിന്നു പോയ കറപ്പന്‍, കാളിയമ്മ, നേത്യാരമ്മ, അങ്ങനെ എത്രയെത്ര!

കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍ മമ്മൂട്ടി  പറഞ്ഞതായി ഒരു വാര്‍ത്ത കണ്ടു: മലയാളിക്ക് അപരിചിതരോട് വിരോധമാണ്; നിരത്തുകളില്‍ വണ്ടി ഓടിക്കുന്നവരില്‍ ഇത് പ്രകടമാണ്. ഇങ്ങനെ വരാമോ എന്നു ചോദിച്ചാല്‍ എന്നെ പഠിപ്പിക്കാന്‍ നീ ആര് എന്നു തട്ടിക്കേറുന്നു. തട്ടകത്തില്‍ ഒരു കഥാപാത്രമുണ്ട്. തനിക്ക് ലഭിച്ച പാട്ടഭൂമിയില്‍, താന്‍ കൃഷിചെയ്യുന്ന മണ്ണില്‍, മറ്റൊരാള്‍ ചവിട്ടുന്നത് അയാള്‍ക്ക് സഹിക്കുന്നില്ല. കാലില്‍ മണ്ണ് പറ്റും, അത് അവന്‍ കൊണ്ടുപോകും, അത്രെ! എന്റെ തൊടിയിലൂടെ ആരെടാ വഴിപോകുന്നത് എന്നു ചോദിക്കുന്ന ഇത്തരം കാരണവര്‍മാര്‍ ഒരു കാലത്ത് നമുക്കുണ്ടായിരുന്നില്ലേ? ഒരു പക്ഷേ, അതുകൊണ്ടല്ലേ നാം ഇന്ന് നമ്മുടെ തൊടികള്‍ മതിലുകള്‍ കെട്ടിത്തിരിച്ചു വച്ചിരിക്കുന്നത്? ഈ അന്യരോടുള്ള വിരോധം ഇന്നുണ്ടായതാണോ? അത് ഒരു കാലഘട്ടത്തിന്റെ തന്നെ ബാക്കിപത്രമായിക്കൂടേ? ഏതായാലും മതിലുകള്‍ ഇല്ലാതിരുന്ന മലയാളനാട് എന്റെ ഓര്‍മ്മയില്‍ ഇപ്പോഴും ഉണ്ട്. എന്റെ കൗമാരകാലത്താണ് ഒരു പക്ഷേ ഏറ്റവും കൂടുതല്‍ മതിലുകള്‍ ഉയര്‍ന്നു വന്നത്. അപ്പോഴാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ ഉണ്ടായത്, കൂട്ടുകുടുംബങ്ങള്‍ ഇല്ലാതായത്.


ഇന്ന് മലയാളി കൂടുതല്‍ മാറിയിരിക്കുന്നു. ഗോത്രജീവിതവും ഗോത്രഭാഷയും ഗോത്രസംസ്ക്കാരവും മലയാളിക്ക് ഇന്ന് അന്യമായിരിക്കുന്നു. എന്നാല്‍ ഇന്നും മലയാളക്കരയില്‍ നിലനില്‍ക്കുന്ന പല വിശ്വാസങ്ങളുടെയും നാട്ടാചാരങ്ങളുടെയും ജീവിതരീതിയുടെയും വേര് നമ്മുടെ ഗോത്രചരിത്രത്തിലാണ് എന്ന് തട്ടകം നമുക്ക് കാണിച്ചു തരുന്നു. ഓരോ കാലത്തിനും അതിന്റെതായ ജീവിതരീതികളുണ്ട്. തെറ്റും ശരികളും ഉണ്ട്. അന്നത്തെ മനുഷ്യര്‍ അവയ്ക്കൊക്കെ അനുസരിച്ച് ജീവിച്ചു പോന്നു. ജീവിക്കുന്നതിനൊപ്പം ജീവിതത്തെ അവര്‍ തന്നെ അറിയാതെ മാറ്റുന്നു. പുതിയ തലമുറകള്‍ വരുമ്പോള്‍ തെറ്റും ശരികളും മാറുന്നു. ജീവിതം മാറുന്നു. തൊഴിലുകള്‍ മാറുന്നു. പുതിയ വ്യവസായങ്ങള്‍ വരുന്നു. പൊയ്പ്പോയ കാലത്തിന്റെ ശരികള്‍ നമുക്ക് ഇന്നു തെറ്റുകളായിരിക്കാം. നമ്മുടെ ശരികള്‍ വരുംതലമുറക്ക് തെറ്റുകളായി മാറാം. എന്റേതല്ലാത്ത കാലത്തെ ജീവിതത്തെ വിമര്‍ശിക്കാന്‍ എനിക്ക് എന്തവകാശം! സംസ്കാരം മാറുന്നതാകുന്നു. ഭാഷ മാറ്റത്തിനു വിധേയമാകുന്നു. ജീവിതരീതികള്‍ മാറിയേ തീരു. തട്ടകം ഇതൊക്കെ നമുക്ക് കാണിച്ചു തരുന്നു.

കോവിലന്റെ അവസാന നാളുകളില്‍ അദ്ദേഹം കാലത്തിന്റെ  ഈ മാറ്റത്തെകുറിച്ച് വിലപിച്ചിരുന്നു: ഇന്ന് ജീവിതം മാറിയിരിക്കുന്നു. എല്ലാവര്‍ക്കും ആവശ്യത്തിന് പണം ഇന്നുണ്ട്. മുമ്പത്തെ ഓര്‍മ്മകള്‍ വച്ച് കഥകള്‍ എഴുതിയാല്‍ ഇന്ന് വായിക്കാന്‍ ആളുണ്ടാകില്ല എന്ന് അദ്ദേഹം ഭയപ്പെട്ടു. ഈ മാറിയ കാലഘട്ടത്തില്‍ താന്‍ വളരെ ഒറ്റപ്പെട്ടുപോയതായി തോന്നുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി.

തട്ടകം മലയാളത്തിലേക്കുള്ള എന്റെ തിരിച്ചുപോക്കാകുന്നു. എന്റെ കുട്ടിക്കാലത്തെ വിസ്മരിക്കപ്പെട്ട ഓര്‍മ്മകളെ അത് ഉണര്‍ത്തുന്നു. ജോലിക്കു വേണ്ടി നാട്ടില്‍ നിന്നും വിട്ടു കഴിയുന്ന എനിക്ക് ഒരു ഓര്‍മ്മപ്പെടുത്തലാകുന്നു തട്ടകം. ഞാന്‍ ആരാണ്, ആരായിരുന്നു, എവിടുന്നു വന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍‌!

പി സന്ദീപ്
ചെന്നൈ, നവംബര്‍ 30, 2014.