2012, ഏപ്രിൽ 15, ഞായറാഴ്‌ച

വിഷുസ്മരണകള്‍



ഒരു വിഷുദിനം കൂടെ ഇന്നലെ കടന്നു പോയി. കൃത്യമായി പറഞ്ഞാല്‍ എന്റെ ജീവിതത്തിലെ മുപ്പത്തൊന്നാം വിഷുദിനം! ഇത്തവണ വിഷുവിന് നാട്ടില്‍ പോകാന്‍ പറ്റിയില്ല. എങ്കിലും ഞാന്‍ നാട്ടിലെ അടുത്ത ബന്ധുക്കളെയെല്ലാം ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിക്കുകയും അവിടുത്തെ വിശേഷങ്ങള്‍ ആരായുകയും ചെയ്തു. എല്ലാവരും രാവിലെ രണ്ടരക്കോ മൂന്നരക്കോ ഒക്കെ ഉണരുകയും കണി കാണുകയും ചെയ്തുവത്രെ. രാവിലെ എണീറ്റ് കണിക്കൊന്നയും മറ്റ് ചില ഫലവര്‍ഗ്ഗങ്ങളും ശ്രീകൃഷ്ണവിഗ്രഹത്തിന്റെ സാന്നിധ്യത്തില്‍ കണി കാണുക. ഇതാണ് വിഷുവിന്റെ ഏറ്റവും പ്രധാനമായ ചടങ്ങ്. രാവിലെ എണീക്കാന്‍ എനിക്ക് പൊതുവെ മടിയാണ്. എങ്കിലും വിഷുദിനത്തില്‍ അമ്മ വിളിച്ചുണര്‍ത്തുന്നതും അമ്മയോടും അച്ഛനോടും അനിയത്തിയോടും കൂടി കണി കാണുന്നതും ഒരു രസമാണ്. കഴിഞ്ഞ വിഷുവിന്  അനിയത്തി അവളുടെ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു. പകരം എന്റെ ഭാര്യയുണ്ടായിരുന്നു കൂടെ. കുളിച്ച് വന്ന് കണി കണ്ട് അമ്മയുണ്ടാക്കി വച്ച നെയ്യപ്പവും കട്ടന്‍ ചായയും കഴിക്കും. ഇതാണ് സാധാരണ വിഷുവിന്റെ പുലര്‍ച്ച.

എനിക്ക് ഓണത്തേക്കാള്‍ എന്നും ഇഷ്ടം വിഷു ആയിരുന്നു. ദീര്‍ഘമായ വേനലവധിയുടെ ആരംഭത്തിലാണ് വിഷു എന്നതായിരിക്കാം കാരണം. മറ്റൊരു കാരണം പടക്കങ്ങളും പൂക്കുറ്റികളും പൂത്തിരികളും നിലച്ചക്രങ്ങളും കത്തിക്കാം, അവയുടെ പ്രഭാവലയത്തില്‍ സ്വയം മറന്ന് തിമിര്‍ക്കാം എന്നതായിരിക്കും. കുട്ടിക്കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, പല വിഷുവിനും ആവശ്യത്തിന് പടക്കങ്ങള്‍ പൊട്ടിക്കാനും കത്തിക്കാനും കഴിഞ്ഞില്ല എന്നൊരു തോന്നല്‍ ബാക്കിയാണ്. അച്ഛന് അത്രയേ വാങ്ങാന്‍ പണമുണ്ടായിരുന്നുള്ളൂ. അത് വളരെ വ്യത്യസ്തമായ ഒരു കാലമായിരുന്നു. നവമുതലാളിത്തം പടിക്കലെത്തിയിരുന്നില്ല. അതിസമ്പന്നത എവിടെയും ഉണ്ടായിരുന്നില്ല. ഒരു കുടുംബം പുലര്‍ത്താന്‍, സ്വന്തമായി ഒരു വീടു വക്കാന്‍, ആ ശ്രമത്തിനിടക്ക് മക്കളുടെ വിദ്യാഭ്യാസം താറുമാറാകാതിരിക്കാന്‍, എന്റെ അച്ഛന്‍ എത്ര ബുദ്ധിമുട്ടിയിരുന്നുവെന്ന് എനിക്ക് ഊഹിക്കാനേ കഴിയൂ. അതുപോലൊരു ജീവിതം ജീവിക്കാനുള്ള കരുത്ത് എനിക്കുണ്ടോ എന്ന് അറിയില്ല. അയല്‍വീടുകളിലും ബന്ധുവീടുകളിലും വിഷുവിന് പടക്കം പൊട്ടിക്കുന്നത് ഞാന്‍ കാണാന്‍ പോകുമായിരുന്നു. അങ്ങനെയുള്ള പങ്കുചേരലുകള്‍ ആണ് ഒരു പക്ഷേ വിഷുവിന്റെയും അല്ലെങ്കില്‍ മറ്റേതൊരു ആഘോഷത്തിന്റെയും ധന്യത.

വിഷുദിനത്തില്‍ ഊണ് കഴിക്കാനായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു. കാരണം ഊണിന് മുമ്പായി ഒരു നീളന്‍ കോമ്പല പടക്കത്തിന് തീ കൊളുത്തും. ഭക്ഷണത്തേക്കാള്‍ ഞങ്ങള്‍ക്ക് പ്രധാനം ആ പടക്കം പൊട്ടിക്കലായിരുന്നു. വിഭവസമൃദ്ധമായ സദ്യക്ക് മുമ്പായി അച്ഛന്‍ അല്പം ചോറില്‍ പഴവും പപ്പടവും പായസവും കൂട്ടിക്കുഴച്ച് ഗണപതിക്ക് എന്നു പറഞ്ഞ് മാറ്റി വക്കും. അതിലൊരു ഉരുള ഞങ്ങള്‍ കുട്ടികള്‍ക്കും കിട്ടും. സദ്യക്ക് ശേഷം ആ ചോറ് എലിക്ക് കിട്ടാന്‍ പാകത്തില്‍ പറമ്പിന്റെ മൂലയില്‍ കൊണ്ട് വക്കും. ഗണപതിയുടെ വാഹനം എലിയാണ് എന്നാണല്ലോ സങ്കല്പം? ഊണ് കഴിയുന്നതോടെ സങ്കടമായി. വിഷു വിട പറയുകയാണ്. പടക്കങ്ങള്‍ വിട പറയുകയാണ്. നെഞ്ചില്‍ ഒരു ഭാരം പോലെ തോന്നും.

വിഷുവിന്റെ തലേദിവസം വൈകുന്നേരമാണ് ഞങ്ങള്‍ പടക്കങ്ങള്‍ക്ക് തീ കൊളുത്തി തുടങ്ങുക. പടക്കം പൊട്ടുന്ന ശബ്ദവും പൂക്കുറ്റിയുടെയും പൂത്തിരികളുടെയും വര്‍ണ്ണങ്ങളും നിലച്ചക്രം മനസ്സിലുയര്‍ത്തിയിരുന്ന വിസ്മയവും എന്റെ മനസ്സില്‍ മധുരസ്മരണകളായി എന്നും നില നില്‍ക്കും. കാരണം അവ എന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. ഒരു പക്ഷേ ഇന്ന് നാം വിഷു ആഘോഷിക്കുന്നില്ല. മുതലാളിത്തം നമ്മെക്കൊണ്ട് ആഘോഷിപ്പിക്കുകയാണ് ചെയ്യുന്നത്. അതിസമ്പന്നതയില്‍ മതി മറന്ന് നാം ആവശ്യത്തിലധികം പടക്കം പൊട്ടിക്കുന്നുണ്ടാകാം. എങ്കിലും ആ പടക്കങ്ങള്‍ പൊട്ടിക്കൊണ്ടിരിക്കട്ടെ. പൂത്തിരികളും പൂക്കുറ്റികളും മത്താപ്പൂക്കളും കത്തിക്കൊണ്ടിരിക്കട്ടെ. നമ്മുടെ സമ്പാദ്യത്തിന്റെ ഒരു പങ്ക് അങ്ങനെ കത്തട്ടെ. കാരണം, ആ പ്രഭാവലയം ആസ്വദിക്കുന്ന കുരുന്നു മനസ്സുകളെ എനിക്കറിയാം. അവരെ എനിക്ക് മനസ്സിലാകും. ശരീരം വളര്‍ന്നത് കൊണ്ട് മനസ്സ് മരവിച്ച ചിലര്‍ക്ക് അത് മനസ്സിലാവില്ലെങ്കിലും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍ സ്വാഗതാര്‍ഹം