2014, ജൂലൈ 27, ഞായറാഴ്‌ച

അടിമ, ഉടമ, ലോകം

കടുത്ത വിഷാദം. ഡിപ്രഷന്‍. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.

പിന്നെ ചിന്തിച്ചു. ഇപ്പോഴോ? എന്തിന്? ഒരു ദിവസം കൂടെ കഴിയട്ടെ. നേരമെങ്കിലും ഒന്നു പുലരട്ടെ. നാളെ ഞായറാഴ്ചയല്ലേ. അവധിയല്ലേ. ശൂന്യമായ ഒരു പകല്‍ കൂടെ ആസ്വദിച്ചിട്ട് അവസാനിപ്പിക്കാം ഈ ജീവിതം. എന്തിനിങ്ങനെ ജീവിച്ചിട്ട്? ചിന്തകള്‍ കാടു കയറുന്നു. അപ്പോഴാണ് വേണ്ടാത്ത ചിന്തകള്‍ തോന്നുക. സമയം മൂന്നരയായിരുന്നു. ബ്രാഹ്മമുഹൂര്‍ത്തം കഴിയുന്നു. എപ്പോഴാണ് ഒന്നുറങ്ങുക.

ഒരു സ്മാള്‍ കൂടെ ഒഴിച്ച് ഇരുട്ടത്ത് ജനാലക്കരികില്‍ വന്നിരുന്നു. പുറത്ത് വൃത്തികെട്ട ഒരു നഗരം സുന്ദരമായ സ്വപ്നങ്ങള്‍ കണ്ട് സുഷുപ്തിയിലാണ്. ഒരു ശബ്ദവും കേള്‍ക്കാനില്ല. ഉറങ്ങുന്ന നഗരവും ശ്മശാനവും ഒരു പോലെ മൂകമാണ്. ശാന്തത. അഗാധമായ ശാന്തത. അത് പക്ഷേ എന്നെ ഓര്‍മ്മപ്പെടുത്തിയത് അതിന്റെ തന്നെ ഉണ്മയെയല്ല, മറിച്ച് അശാന്തതയുടെ അഭാവത്തെയാണ്. എനിക്ക് ചുറ്റുമുള്ള ഈ ശാന്തതക്ക്, അത് അശാന്തമായ ഒരു ശാന്തതയാണെങ്കിലും, ഞാന്‍ നന്ദി പറയണം. ദൂരെയുള്ള അജ്ഞാതദേശങ്ങളില്‍ നിന്ന് ഒഴുകി വരുന്ന കാറ്റില്‍ രക്തത്തിന്റെ ഗന്ധം അലിഞ്ഞു ചേര്‍ന്നിരിക്കുന്നത് ഞാനറിയുന്നു. കാരണം ഞാന്‍ മറ്റു പലരെയും പോലെയല്ല. ഈ തൊലിക്കടിയില്‍ ഞാന്‍ ഒരു മൃഗമാകുന്നു. രക്തഗന്ധം തിരിച്ചറിയാന്‍ കഴിയുന്ന ഒരു മൃഗം. രക്തം എന്നില്‍ ഭയമുളവാക്കുന്നു. ഒന്നുകില്‍ പ്രാണനും കൊണ്ട് ഓടണം. അല്ലെങ്കില്‍ മരണം വരെ പൊരുതണം.

മനസ്സില്‍ വല്ലാത്ത ഒരു ഭയം അനുഭവപ്പെട്ടു. മദ്യത്തിന് എന്നെ ഉറക്കാനുള്ള ശക്തി നഷ്ടമായിരിക്കുന്നു. അല്ലെങ്കിലും എങ്ങനെ ഉറക്കം വരാനാണ്? വൈകുന്നേരം നാലുമണിക്ക് ഉറങ്ങിപ്പോയതാണ്. പിന്നെ എഴുന്നേല്‍ക്കുന്നത് രാത്രി പതിനൊന്നു മണിക്ക്. ഉള്ള ഒരു കോഴിമുട്ട പൊട്ടിച്ചുണ്ടാക്കിയ ഓംലെറ്റ് എപ്പോഴേ ദഹിച്ചു പോയിരിക്കുന്നു. വിശപ്പ് എന്നെ ഉള്ളില്‍ നിന്നും പുറത്തേക്ക് കാര്‍ന്നു തിന്നുന്നു. ഇപ്പോള്‍ അവന്‍ വയറു തുളച്ച് പുറത്തു വരും. ഭ്രാന്തുപിടിച്ച് ആദ്യം അവന്‍ എന്നെ ഭക്ഷിക്കും. പിന്നെ ഈ ലോകമാകെ. എല്ലാ നായിന്റെ മക്കളെയും.

വാതിലടച്ചു പുറത്തിറങ്ങി. നടന്നു. ഇനിയും അശുദ്ധമായിട്ടില്ലാത്ത പ്രഭാതവായു. ഇളം കാറ്റ്. മരങ്ങള്‍. ചില്ലകള്‍. ഇലകള്‍. ഒരു കിളി പോലുമില്ല. ഒരു കിളി പോലും. ഇന്നലെ ഒരു കിളിയെ ഞാന്‍ കണ്ടതാണ്. ജനലിലൂടെ. ഒരു മരത്തിന്റെ ഏറ്റവും ഉയര്‍ന്ന കൊമ്പില്‍. അതും ഒരു തത്തയെ. അതിനെ ഞാന്‍ അവള്‍ക്ക് കാണിച്ചു കൊടുത്തു. അതാ, ഒരു തത്ത. അതും ഈ ഊഷരനഗരത്തില്‍. എ പാരറ്റ്? വേര്‍? ഹൌ ലൌലി. പുവര്‍ ബേര്‍ഡ്. ഇറ്റ് ലുക്സ് സോ ലോണ്‍ലി. പാവം.

നീ വായിക്ക് ബാക്കി. കേള്‍ക്കാന്‍ നല്ല രസമുണ്ട്. ഞാന്‍ ഇവിടെ ഇങ്ങനെ കിടക്കാം. അവളുടെ നഗ്നമായ അടിവയറ്റില്‍ തല വച്ച് ഞാന്‍ കിടന്ന് നല്ല ഈണത്തില്‍ വായിച്ചു കൊടുത്തു. വൈറ്റ് കാസില്‍. വെളുത്ത കോട്ട. ഓര്‍ഹാന്‍ പാമുക്. ഓട്ടോമാന്‍ സാമ്രാജ്യം. സുല്‍ത്താന്‍. ഖലീഫ. ഇസ്ലാമിക് സ്റ്റേറ്റ്. ഒരു ഹോജയും അയാളുടെ ഇറ്റാലിയന്‍ അടിമയും. ഇസ്ലാം. കൃസ്ത്യാനിറ്റി. മതം. മത പരിവര്‍ത്തനം. മരണം. സംസ്കാരം. സ്വത്വം. ഒന്നും അവള്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. എന്റെ വായനയുടെ ഈണത്തില്‍ രസം പിടിച്ച്, പാമുക് വാക്കുകളാല്‍ തീര്‍ത്ത ലോകത്ത് അവള്‍ പാറി നടക്കുകയായിരുന്നു. ഇടക്കെപ്പോഴോ ഞാന്‍ പറഞ്ഞു. ഈ മാസ്റ്റര്‍-സ്‌ലേവ് ഡയാലെക്ടിക്സ്. ഒരു സംഭവാല്ലേ? മാസ്റ്റര്‍ ആന്റ് സ്‌ലേവ്? യു മീന്‍ ഐ ആന്റ് യൂ? ഞാനും നീയും? അവളും ഞാനും? പോടി പട്ടിക്കഴുവേറി ഫെമിനിസ്റ്റ് മോളേ. വിളിച്ചില്ല. നീരസം തോന്നിയാലോ? ആധുനിക ലോകത്ത് ജോലിയില്ലാതെ ജീവിക്കാനൊക്കുമോ?

ഇന്നലെ അവളുണ്ടായിരുന്നു കൂടെ. രാവിലെ മുതല്‍ വൈകുന്നേരം വരെ. വിഷാദവും ഏകാന്തതയും ഒന്നും എന്നെ അലട്ടിയിരുന്നില്ല. രക്തഗന്ധവും അന്യമായിരുന്നു. മുറി നിറയെ തങ്ങി നിന്നത് ശുക്ലത്തിന്റെയും യോനിയുടെയും അവളുടെ ഉമിനീരിന്റെയും ഞങ്ങളുടെ വിയര്‍പ്പിന്റെയും ഒക്കെ മണങ്ങള്‍ മാത്രം. ശരീരവും അതിലെ സ്രവങ്ങളും പങ്കുവെയ്ക്കാനുള്ളതാണ്. പങ്കുവെക്കുമ്പോഴാണ് അവക്ക് വിലയുണ്ടാകുന്നത്. അല്ലാതെ പൊതിഞ്ഞുകെട്ടി വ്യായാമം ചെയ്ത് കൊഴുപ്പിച്ച് ബിഎംഐ കൃത്യമായി ക്രമീകരിച്ച് കൊണ്ടുനടക്കുമ്പോഴല്ല. മാംസത്തില്‍ തലോടുമ്പോഴാണ് മനുഷ്യന്‍ ഏറ്റവും സമാധാനം അനുഭവിക്കുന്നത്. കേട്ടിട്ടില്ലേ ചിമ്പാന്‍സിയുടെയും ബോനൊബൊയുടെയും കഥ? മനുഷ്യനോട് ജനിതകമായി ഏറ്റവും സാമ്യമുള്ള രണ്ട് മൃഗങ്ങളാണ് ഇവര്‍. ചിമ്പാന്‍സി വെറും വയലന്റും ബോനൊബോ അതിശാന്തരും. ചിമ്പാന്‍സി സംഭോഗത്തിലേര്‍പ്പെടുന്നത് യുദ്ധത്തിലൂടെ എതിരാളികളെ എല്ലാം വകവരുത്തിയതിനു ശേഷം മാത്രമാണ്. ബോനൊബോക്ക് സംഭോഗമൊഴിഞ്ഞ് നേരമില്ല. ഫ്രീ സെക്സ് കമ്മ്യൂണിറ്റി. ലോകത്ത് കോംഗോയില്‍ മാത്രമേ ഇപ്പോ ബോനൊബോ അവശേഷിക്കുന്നുള്ളൂ. അവിടെ എത്ര മനുഷ്യര്‍ ഇപ്പോള്‍ അവശേഷിക്കുന്നുണ്ടാവോ? എന്നോട് നീ ഇതൊന്നും ചോദിക്കരുത്. ഹുതുകളോ തുത്സികളോ ബോനൊബൊകളോ ചിമ്പാന്‍സികളോ ലോകത്തില്‍ അധികം? ആര്‍ക്കറിയാം.

അവളുടെ പാദങ്ങളില്‍ ഞാന്‍ ഇന്നലെ എത്ര തവണ ചുംബിച്ചു എന്നോര്‍മ്മയില്ല. മൃദുവായ അവളുടെ പാദങ്ങള്‍, അവയിലെ വിയര്‍പ്പിന്റെ ഗന്ധം, അവളെ അധികം ആകര്‍ഷവതിയാക്കുന്നു. ഇക്കിളിയാകുന്നെടാ പൊട്ടാ. നിന്റെ കാല്‍വിരലുകള്‍ക്കിടയിലൂടെ തലോടുമ്പോള്‍ എനിക്ക് ആനന്ദം ഉളവാകുന്നതെന്തുകൊണ്ടാണെടീ? എടീന്ന് എന്നെ ഇനി വിളിച്ചാല്‍ നിന്നെ ഞാന്‍ ചവിട്ടിക്കൊല്ലും. കൊല്ല്. എന്നെ കൊല്ല്. നിന്റെ കൈകളാല്‍ അല്ല കാലുകളാല്‍ മരിക്കാന്‍ ഞാന്‍ എന്തു ഭാഗ്യം ചെയ്തവനാണ്? ഒരു വേള ഞാനവളുടെ അടിമയും അവള്‍ എന്റെ മാസ്റ്ററുമായിരിക്കുമോ? ഈ അബോധമനസ്സ് എന്നൊക്കെയുണ്ടല്ലോ? അതിന്റെ സത്യങ്ങള്‍ ആര്‍ക്കറിയാം. മാഡം ഒരു സാഡിസ്റ്റ്. ഞാന്‍ ഒരു മാസോക്കിസ്റ്റ്. നമ്മള്‍ ഒരു പെര്‍ഫെക്ട് കപ്പിള്‍ അല്ലേ? സോറി. പെര്‍ഫെക്ട് പാര്‍ട്ട്ണേഴ്സ്? പോട. നീ തിങ്കളാഴ്ച ഓഫീസില്‍ വരുമ്പോള്‍ ഞാന്‍ അറിയിച്ചു തരാം മാസ്റ്റര്‍ ആര് സ്‌ലേവ് ആര് എന്നൊക്കെ. ചതിക്കല്ലെ മാഡം. കഞ്ഞികുടി മുട്ടിക്കരുത്. അവള്‍ ചിരിച്ചു. പ്രായം അവളുടെ അഴകിനെ അല്പം പോലും ക്ഷയിപ്പിച്ചിരുന്നില്ല. സുന്ദരി. മാദകസുന്ദരി. സര്‍വോപരി മൃദുവായ പാദങ്ങളുള്ളവള്‍. അവള്‍ എനിക്ക് ഈ ലോകത്തിലെ ഏറ്റവും വലിയ ലഹരിയാകുന്നു. മദ്യവും സിഗരറ്റും അവള്‍ക്കു മുമ്പില്‍ എന്താണ്. ഇന്നു കൂടെ അവള്‍ അടുത്തുണ്ടായാല്‍ മതിയായിരുന്നു. അവളുടെ ഹബ്ബിയും കുട്ടികളുമൊത്ത് ഔട്ടിങ്ങിന് പോയിരിക്കുകയാണ്. സ്‌ലേവിനെ ഒറ്റക്കാക്കിയിട്ടു പോയ മാസ്റ്റര്‍. നീ എന്റെ അടുത്ത് ഇനിയും വരും. എനിക്ക് നിന്നെ വേണ്ടതിനേക്കാള്‍ നിനക്ക് എന്നെ വേണമെന്നെനിക്കറിയാം. എന്തെന്നാല്‍ സ്‌ലേവില്ലാതെ നീ മാസ്റ്ററാവുന്നതെങ്ങിനെ?

ഓരോ മാസ്റ്ററിനും ഈ ലോകത്ത് മാസ്റ്ററായി വിരാജിക്കാന്‍ ഒരു സ്‌ലേവെങ്കിലും വേണം. അപ്പോഴേ മാസ്റ്റര്‍ മാസ്റ്റര്‍ ആകുന്നുള്ളു. ഓരോ പാദങ്ങളെയും തഴുകാന്‍, ചുംബിക്കാന്‍ ഒരു ഞാനെങ്കിലും വേണം. ഒരു ഞാനെങ്കിലും. അതിര്‍ത്തി കടന്ന് പോയി കൊല്ലാന് നമുക്ക് ഒരു ശത്രുവെങ്കിലും വേണം. അവര്‍ക്ക് ആയുധമുണ്ടോ എന്നൊന്നും പ്രശ്നമല്ല. എനിക്ക് കൊല്ലണം. എനിക്ക് മാസ്റ്ററാവണം എന്നും. രക്തഗന്ധം വീണ്ടും എന്നെ പിന്തുടരുന്നുവോ? നേരം വെളുക്കാനാകുന്നു. എന്നാലും ഇരുട്ട് പൂര്‍ണ്ണമായും മാഞ്ഞിട്ടില്ല. തിരിഞ്ഞു നോക്കാന്‍ ഭയം തോന്നി. ഒരു വേള ആയുധങ്ങളുമായി ഏതെങ്കിലും ഒരു പിശാച് എന്റെ പുറകിലും ഉണ്ടെങ്കിലോ? വേഗത്തില്‍ നടന്ന് റൂമിലെത്തി. കിടക്കയില്‍ കയറി പുതച്ചു കിടന്നു. ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍, എന്റെ ചിന്തകളൊക്കെ എഴുതിയാല്‍ വെറും മഞ്ഞ സാഹിത്യമായിരിക്കും ലഭിക്കുക. വെറും പോര്‍ണോഗ്രഫി. മാസ്റ്ററും സ്‌ലേവും ഫിനിമിനോളജി ഓഫ് സ്പിരിറ്റിലാണ് ഉള്ളത്. ഹെഗലിനെ വായിക്കണം. ഹെഗലിലേക്ക് പോണം. എന്റെ അസ്തിത്വത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നറിയണം. സ്വത്വവും അസ്തിത്വവും പോരടിക്കുമ്പോള്‍ ഞാന്‍ എവിടെ നില്‍ക്കണം?

വായിക്കണം. അറിയണം. അതിന് ശേഷം മതി ആത്മഹത്യ. ഞാന്‍ ഉറങ്ങുമ്പോള്‍ ഉദിക്കാന്‍ പോകുന്ന സൂര്യാ, എന്റെ ആത്മഹത്യ ഞാന്‍ വീണ്ടും മാറ്റി വച്ചിരിക്കുന്നു. ഉണരുമ്പോഴേക്കും നീ പോയിക്കളയരുത്. എന്നെ കാണാതെ നീ എങ്ങനെ പോകും?

8 അഭിപ്രായങ്ങൾ:

  1. നല്ലകഥ. രസകരമായ അവതരണം. ആത്മഹത്യചെയ്യാൻ പോലും സമയമില്ലായെന്ന് പറയുന്നതുപോലെ :)

    മറുപടിഇല്ലാതാക്കൂ
  2. വായിച്ചിട്ട്, സൂര്യന്‍ ഉദിച്ചിട്ട് ആത്മഹത്യ ചെയ്യാം!
    നല്ല കഥ

    മറുപടിഇല്ലാതാക്കൂ
  3. എല്ലാ വായനകള്‍ക്കും നന്ദി:)

    മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍ സ്വാഗതാര്‍ഹം