2014 ജൂലൈ 27, ഞായറാഴ്‌ച

അടിമ, ഉടമ, ലോകം

കടുത്ത വിഷാദം. ഡിപ്രഷന്‍. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.

പിന്നെ ചിന്തിച്ചു. ഇപ്പോഴോ? എന്തിന്? ഒരു ദിവസം കൂടെ കഴിയട്ടെ. നേരമെങ്കിലും ഒന്നു പുലരട്ടെ. നാളെ ഞായറാഴ്ചയല്ലേ. അവധിയല്ലേ. ശൂന്യമായ ഒരു പകല്‍ കൂടെ ആസ്വദിച്ചിട്ട് അവസാനിപ്പിക്കാം ഈ ജീവിതം. എന്തിനിങ്ങനെ ജീവിച്ചിട്ട്? ചിന്തകള്‍ കാടു കയറുന്നു. അപ്പോഴാണ് വേണ്ടാത്ത ചിന്തകള്‍ തോന്നുക. സമയം മൂന്നരയായിരുന്നു. ബ്രാഹ്മമുഹൂര്‍ത്തം കഴിയുന്നു. എപ്പോഴാണ് ഒന്നുറങ്ങുക.

ഒരു സ്മാള്‍ കൂടെ ഒഴിച്ച് ഇരുട്ടത്ത് ജനാലക്കരികില്‍ വന്നിരുന്നു. പുറത്ത് വൃത്തികെട്ട ഒരു നഗരം സുന്ദരമായ സ്വപ്നങ്ങള്‍ കണ്ട് സുഷുപ്തിയിലാണ്. ഒരു ശബ്ദവും കേള്‍ക്കാനില്ല. ഉറങ്ങുന്ന നഗരവും ശ്മശാനവും ഒരു പോലെ മൂകമാണ്. ശാന്തത. അഗാധമായ ശാന്തത. അത് പക്ഷേ എന്നെ ഓര്‍മ്മപ്പെടുത്തിയത് അതിന്റെ തന്നെ ഉണ്മയെയല്ല, മറിച്ച് അശാന്തതയുടെ അഭാവത്തെയാണ്. എനിക്ക് ചുറ്റുമുള്ള ഈ ശാന്തതക്ക്, അത് അശാന്തമായ ഒരു ശാന്തതയാണെങ്കിലും, ഞാന്‍ നന്ദി പറയണം. ദൂരെയുള്ള അജ്ഞാതദേശങ്ങളില്‍ നിന്ന് ഒഴുകി വരുന്ന കാറ്റില്‍ രക്തത്തിന്റെ ഗന്ധം അലിഞ്ഞു ചേര്‍ന്നിരിക്കുന്നത് ഞാനറിയുന്നു. കാരണം ഞാന്‍ മറ്റു പലരെയും പോലെയല്ല. ഈ തൊലിക്കടിയില്‍ ഞാന്‍ ഒരു മൃഗമാകുന്നു. രക്തഗന്ധം തിരിച്ചറിയാന്‍ കഴിയുന്ന ഒരു മൃഗം. രക്തം എന്നില്‍ ഭയമുളവാക്കുന്നു. ഒന്നുകില്‍ പ്രാണനും കൊണ്ട് ഓടണം. അല്ലെങ്കില്‍ മരണം വരെ പൊരുതണം.

മനസ്സില്‍ വല്ലാത്ത ഒരു ഭയം അനുഭവപ്പെട്ടു. മദ്യത്തിന് എന്നെ ഉറക്കാനുള്ള ശക്തി നഷ്ടമായിരിക്കുന്നു. അല്ലെങ്കിലും എങ്ങനെ ഉറക്കം വരാനാണ്? വൈകുന്നേരം നാലുമണിക്ക് ഉറങ്ങിപ്പോയതാണ്. പിന്നെ എഴുന്നേല്‍ക്കുന്നത് രാത്രി പതിനൊന്നു മണിക്ക്. ഉള്ള ഒരു കോഴിമുട്ട പൊട്ടിച്ചുണ്ടാക്കിയ ഓംലെറ്റ് എപ്പോഴേ ദഹിച്ചു പോയിരിക്കുന്നു. വിശപ്പ് എന്നെ ഉള്ളില്‍ നിന്നും പുറത്തേക്ക് കാര്‍ന്നു തിന്നുന്നു. ഇപ്പോള്‍ അവന്‍ വയറു തുളച്ച് പുറത്തു വരും. ഭ്രാന്തുപിടിച്ച് ആദ്യം അവന്‍ എന്നെ ഭക്ഷിക്കും. പിന്നെ ഈ ലോകമാകെ. എല്ലാ നായിന്റെ മക്കളെയും.

വാതിലടച്ചു പുറത്തിറങ്ങി. നടന്നു. ഇനിയും അശുദ്ധമായിട്ടില്ലാത്ത പ്രഭാതവായു. ഇളം കാറ്റ്. മരങ്ങള്‍. ചില്ലകള്‍. ഇലകള്‍. ഒരു കിളി പോലുമില്ല. ഒരു കിളി പോലും. ഇന്നലെ ഒരു കിളിയെ ഞാന്‍ കണ്ടതാണ്. ജനലിലൂടെ. ഒരു മരത്തിന്റെ ഏറ്റവും ഉയര്‍ന്ന കൊമ്പില്‍. അതും ഒരു തത്തയെ. അതിനെ ഞാന്‍ അവള്‍ക്ക് കാണിച്ചു കൊടുത്തു. അതാ, ഒരു തത്ത. അതും ഈ ഊഷരനഗരത്തില്‍. എ പാരറ്റ്? വേര്‍? ഹൌ ലൌലി. പുവര്‍ ബേര്‍ഡ്. ഇറ്റ് ലുക്സ് സോ ലോണ്‍ലി. പാവം.

നീ വായിക്ക് ബാക്കി. കേള്‍ക്കാന്‍ നല്ല രസമുണ്ട്. ഞാന്‍ ഇവിടെ ഇങ്ങനെ കിടക്കാം. അവളുടെ നഗ്നമായ അടിവയറ്റില്‍ തല വച്ച് ഞാന്‍ കിടന്ന് നല്ല ഈണത്തില്‍ വായിച്ചു കൊടുത്തു. വൈറ്റ് കാസില്‍. വെളുത്ത കോട്ട. ഓര്‍ഹാന്‍ പാമുക്. ഓട്ടോമാന്‍ സാമ്രാജ്യം. സുല്‍ത്താന്‍. ഖലീഫ. ഇസ്ലാമിക് സ്റ്റേറ്റ്. ഒരു ഹോജയും അയാളുടെ ഇറ്റാലിയന്‍ അടിമയും. ഇസ്ലാം. കൃസ്ത്യാനിറ്റി. മതം. മത പരിവര്‍ത്തനം. മരണം. സംസ്കാരം. സ്വത്വം. ഒന്നും അവള്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. എന്റെ വായനയുടെ ഈണത്തില്‍ രസം പിടിച്ച്, പാമുക് വാക്കുകളാല്‍ തീര്‍ത്ത ലോകത്ത് അവള്‍ പാറി നടക്കുകയായിരുന്നു. ഇടക്കെപ്പോഴോ ഞാന്‍ പറഞ്ഞു. ഈ മാസ്റ്റര്‍-സ്‌ലേവ് ഡയാലെക്ടിക്സ്. ഒരു സംഭവാല്ലേ? മാസ്റ്റര്‍ ആന്റ് സ്‌ലേവ്? യു മീന്‍ ഐ ആന്റ് യൂ? ഞാനും നീയും? അവളും ഞാനും? പോടി പട്ടിക്കഴുവേറി ഫെമിനിസ്റ്റ് മോളേ. വിളിച്ചില്ല. നീരസം തോന്നിയാലോ? ആധുനിക ലോകത്ത് ജോലിയില്ലാതെ ജീവിക്കാനൊക്കുമോ?

ഇന്നലെ അവളുണ്ടായിരുന്നു കൂടെ. രാവിലെ മുതല്‍ വൈകുന്നേരം വരെ. വിഷാദവും ഏകാന്തതയും ഒന്നും എന്നെ അലട്ടിയിരുന്നില്ല. രക്തഗന്ധവും അന്യമായിരുന്നു. മുറി നിറയെ തങ്ങി നിന്നത് ശുക്ലത്തിന്റെയും യോനിയുടെയും അവളുടെ ഉമിനീരിന്റെയും ഞങ്ങളുടെ വിയര്‍പ്പിന്റെയും ഒക്കെ മണങ്ങള്‍ മാത്രം. ശരീരവും അതിലെ സ്രവങ്ങളും പങ്കുവെയ്ക്കാനുള്ളതാണ്. പങ്കുവെക്കുമ്പോഴാണ് അവക്ക് വിലയുണ്ടാകുന്നത്. അല്ലാതെ പൊതിഞ്ഞുകെട്ടി വ്യായാമം ചെയ്ത് കൊഴുപ്പിച്ച് ബിഎംഐ കൃത്യമായി ക്രമീകരിച്ച് കൊണ്ടുനടക്കുമ്പോഴല്ല. മാംസത്തില്‍ തലോടുമ്പോഴാണ് മനുഷ്യന്‍ ഏറ്റവും സമാധാനം അനുഭവിക്കുന്നത്. കേട്ടിട്ടില്ലേ ചിമ്പാന്‍സിയുടെയും ബോനൊബൊയുടെയും കഥ? മനുഷ്യനോട് ജനിതകമായി ഏറ്റവും സാമ്യമുള്ള രണ്ട് മൃഗങ്ങളാണ് ഇവര്‍. ചിമ്പാന്‍സി വെറും വയലന്റും ബോനൊബോ അതിശാന്തരും. ചിമ്പാന്‍സി സംഭോഗത്തിലേര്‍പ്പെടുന്നത് യുദ്ധത്തിലൂടെ എതിരാളികളെ എല്ലാം വകവരുത്തിയതിനു ശേഷം മാത്രമാണ്. ബോനൊബോക്ക് സംഭോഗമൊഴിഞ്ഞ് നേരമില്ല. ഫ്രീ സെക്സ് കമ്മ്യൂണിറ്റി. ലോകത്ത് കോംഗോയില്‍ മാത്രമേ ഇപ്പോ ബോനൊബോ അവശേഷിക്കുന്നുള്ളൂ. അവിടെ എത്ര മനുഷ്യര്‍ ഇപ്പോള്‍ അവശേഷിക്കുന്നുണ്ടാവോ? എന്നോട് നീ ഇതൊന്നും ചോദിക്കരുത്. ഹുതുകളോ തുത്സികളോ ബോനൊബൊകളോ ചിമ്പാന്‍സികളോ ലോകത്തില്‍ അധികം? ആര്‍ക്കറിയാം.

അവളുടെ പാദങ്ങളില്‍ ഞാന്‍ ഇന്നലെ എത്ര തവണ ചുംബിച്ചു എന്നോര്‍മ്മയില്ല. മൃദുവായ അവളുടെ പാദങ്ങള്‍, അവയിലെ വിയര്‍പ്പിന്റെ ഗന്ധം, അവളെ അധികം ആകര്‍ഷവതിയാക്കുന്നു. ഇക്കിളിയാകുന്നെടാ പൊട്ടാ. നിന്റെ കാല്‍വിരലുകള്‍ക്കിടയിലൂടെ തലോടുമ്പോള്‍ എനിക്ക് ആനന്ദം ഉളവാകുന്നതെന്തുകൊണ്ടാണെടീ? എടീന്ന് എന്നെ ഇനി വിളിച്ചാല്‍ നിന്നെ ഞാന്‍ ചവിട്ടിക്കൊല്ലും. കൊല്ല്. എന്നെ കൊല്ല്. നിന്റെ കൈകളാല്‍ അല്ല കാലുകളാല്‍ മരിക്കാന്‍ ഞാന്‍ എന്തു ഭാഗ്യം ചെയ്തവനാണ്? ഒരു വേള ഞാനവളുടെ അടിമയും അവള്‍ എന്റെ മാസ്റ്ററുമായിരിക്കുമോ? ഈ അബോധമനസ്സ് എന്നൊക്കെയുണ്ടല്ലോ? അതിന്റെ സത്യങ്ങള്‍ ആര്‍ക്കറിയാം. മാഡം ഒരു സാഡിസ്റ്റ്. ഞാന്‍ ഒരു മാസോക്കിസ്റ്റ്. നമ്മള്‍ ഒരു പെര്‍ഫെക്ട് കപ്പിള്‍ അല്ലേ? സോറി. പെര്‍ഫെക്ട് പാര്‍ട്ട്ണേഴ്സ്? പോട. നീ തിങ്കളാഴ്ച ഓഫീസില്‍ വരുമ്പോള്‍ ഞാന്‍ അറിയിച്ചു തരാം മാസ്റ്റര്‍ ആര് സ്‌ലേവ് ആര് എന്നൊക്കെ. ചതിക്കല്ലെ മാഡം. കഞ്ഞികുടി മുട്ടിക്കരുത്. അവള്‍ ചിരിച്ചു. പ്രായം അവളുടെ അഴകിനെ അല്പം പോലും ക്ഷയിപ്പിച്ചിരുന്നില്ല. സുന്ദരി. മാദകസുന്ദരി. സര്‍വോപരി മൃദുവായ പാദങ്ങളുള്ളവള്‍. അവള്‍ എനിക്ക് ഈ ലോകത്തിലെ ഏറ്റവും വലിയ ലഹരിയാകുന്നു. മദ്യവും സിഗരറ്റും അവള്‍ക്കു മുമ്പില്‍ എന്താണ്. ഇന്നു കൂടെ അവള്‍ അടുത്തുണ്ടായാല്‍ മതിയായിരുന്നു. അവളുടെ ഹബ്ബിയും കുട്ടികളുമൊത്ത് ഔട്ടിങ്ങിന് പോയിരിക്കുകയാണ്. സ്‌ലേവിനെ ഒറ്റക്കാക്കിയിട്ടു പോയ മാസ്റ്റര്‍. നീ എന്റെ അടുത്ത് ഇനിയും വരും. എനിക്ക് നിന്നെ വേണ്ടതിനേക്കാള്‍ നിനക്ക് എന്നെ വേണമെന്നെനിക്കറിയാം. എന്തെന്നാല്‍ സ്‌ലേവില്ലാതെ നീ മാസ്റ്ററാവുന്നതെങ്ങിനെ?

ഓരോ മാസ്റ്ററിനും ഈ ലോകത്ത് മാസ്റ്ററായി വിരാജിക്കാന്‍ ഒരു സ്‌ലേവെങ്കിലും വേണം. അപ്പോഴേ മാസ്റ്റര്‍ മാസ്റ്റര്‍ ആകുന്നുള്ളു. ഓരോ പാദങ്ങളെയും തഴുകാന്‍, ചുംബിക്കാന്‍ ഒരു ഞാനെങ്കിലും വേണം. ഒരു ഞാനെങ്കിലും. അതിര്‍ത്തി കടന്ന് പോയി കൊല്ലാന് നമുക്ക് ഒരു ശത്രുവെങ്കിലും വേണം. അവര്‍ക്ക് ആയുധമുണ്ടോ എന്നൊന്നും പ്രശ്നമല്ല. എനിക്ക് കൊല്ലണം. എനിക്ക് മാസ്റ്ററാവണം എന്നും. രക്തഗന്ധം വീണ്ടും എന്നെ പിന്തുടരുന്നുവോ? നേരം വെളുക്കാനാകുന്നു. എന്നാലും ഇരുട്ട് പൂര്‍ണ്ണമായും മാഞ്ഞിട്ടില്ല. തിരിഞ്ഞു നോക്കാന്‍ ഭയം തോന്നി. ഒരു വേള ആയുധങ്ങളുമായി ഏതെങ്കിലും ഒരു പിശാച് എന്റെ പുറകിലും ഉണ്ടെങ്കിലോ? വേഗത്തില്‍ നടന്ന് റൂമിലെത്തി. കിടക്കയില്‍ കയറി പുതച്ചു കിടന്നു. ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍, എന്റെ ചിന്തകളൊക്കെ എഴുതിയാല്‍ വെറും മഞ്ഞ സാഹിത്യമായിരിക്കും ലഭിക്കുക. വെറും പോര്‍ണോഗ്രഫി. മാസ്റ്ററും സ്‌ലേവും ഫിനിമിനോളജി ഓഫ് സ്പിരിറ്റിലാണ് ഉള്ളത്. ഹെഗലിനെ വായിക്കണം. ഹെഗലിലേക്ക് പോണം. എന്റെ അസ്തിത്വത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നറിയണം. സ്വത്വവും അസ്തിത്വവും പോരടിക്കുമ്പോള്‍ ഞാന്‍ എവിടെ നില്‍ക്കണം?

വായിക്കണം. അറിയണം. അതിന് ശേഷം മതി ആത്മഹത്യ. ഞാന്‍ ഉറങ്ങുമ്പോള്‍ ഉദിക്കാന്‍ പോകുന്ന സൂര്യാ, എന്റെ ആത്മഹത്യ ഞാന്‍ വീണ്ടും മാറ്റി വച്ചിരിക്കുന്നു. ഉണരുമ്പോഴേക്കും നീ പോയിക്കളയരുത്. എന്നെ കാണാതെ നീ എങ്ങനെ പോകും?

2014 ജൂലൈ 8, ചൊവ്വാഴ്ച

ജൈവലോകം (കഥ)

 "മച്ചാ, ബിയര്‍ അടിച്ചു വണ്ടി ഓടിച്ചാ പോലീസ് പിടിക്കുമോ?”

“അറിയില്ല.”

“അല്ല, അവരുടെ കൈയിലുള്ള ആ സാധനത്തില്‍ ഊതിച്ചാല്‍ അതില്‍ അറിയുമോ? ബിയറിനെ അതു പിടിക്കുമോ?”

“എനിക്കറിഞ്ഞുകൂട മച്ചാ.”

“ഏതായാലും ഈ പാതിരാത്രിക്ക് റിസ്ക് വേണ്ടടേയ്. നീ വണ്ടി ഓടിക്കണ്ട. വണ്ടി ഇവന്‍ ഓടിക്കട്ടെ.”

“ശരി. ഇതാ, കീ പിടി മച്ചാ.”

“ഓകെ, മച്ചാ. റൈറ്റ്. കേറ്.”

അങ്ങനെയാണ് ആദ്യമായി ഞാന്‍ ചെന്നൈയില്‍ ബൈക്ക് ഓടിക്കുന്നത്. മദ്യം നിമിത്തം! ബൈക്ക് ഓടിക്കാനറിഞ്ഞുകൂടാഞ്ഞിട്ടല്ല. എങ്കിലും ചെന്നൈയിലെ വിശാലമായ റോഡുകളിലൂടെ കണ്ണും മൂക്കും നോക്കാതെ ചീറി പായുന്ന വണ്ടികള്‍ക്കിടയിലൂടെ മര്യാദക്ക് ബ്രേക്കോ ഹോണോ ഇല്ലാത്ത ഇവന്റെ ബൈക്ക് ഓടിക്കാന്‍ തുടങ്ങുമ്പോള്‍ ഉള്ളില്‍ ഒരാന്തലില്ലാതിരുന്നില്ല.

“മച്ചാ, വണ്ടി ഓടിക്കാനറിയാമല്ലോ?”

“എന്താ മച്ചാ ചോദിക്കണത്? നാട്ടില്‍ കാറ് നൂറില്‍ പറത്തിയതിന് മൂന്നു തവണ ഫൈന്‍ അടിച്ചവനാണ് ഞാന്‍. പിന്നല്ലേ ബൈക്ക്!”

അവനെ സമാധാനിപ്പിച്ചു. എന്റെ ഭയം അവനെന്തിന് അറിയണം? ഫസ്റ്റ് ഗിയര്‍ പൊതുവെ ഒരു വൃത്തി കെട്ട ഗിയറാണ്. പ്രത്യേകിച്ചും കയറ്റമൊന്നുമില്ലെങ്കില്‍. വണ്ടി വെറുതേ ചാടും, പുളയും. സെക്കന്റ് ഗിയറു കൊള്ളാം. ഒരു കണ്‍ട്രോളൊക്കെയുണ്ട്. പീസ്‌ഫുള്‍. അങ്ങനെ അങ്ങു പോകാനൊക്കുമോ? തേര്‍ഡിലേക്ക് പോണം. സ്പീഡ് കൂട്ടണം. തേര്‍ഡ് ഗിയര്‍ എനിക്ക് പൊതുവെ പേടിയാണ്. ആക്സിലറേഷന്‍ തന്നെ കാരണം. ഫോര്‍ത്തിലെത്തുമ്പോള്‍ ആശ്വാസമാണ്. പൊടുന്നനെ ടെന്‍ഷനെല്ലാം ഒന്നയഞ്ഞ പോലെയാണ്. വണ്ടിക്ക് സ്പീഡുണ്ട്. അതങ്ങനെ പൊയ്ക്കൊള്ളും. നമ്മള്‍ ഇങ്ങനെ പിടിച്ച് ഇരുന്നു കൊടുത്താല്‍ മതി. വല്ല വണ്ടിയും കുറുകെ ചാടുകയോ, ഒരു ഹമ്പ് ഇടങ്കോലിടുകയോ, ഒരു ഗട്ടര്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍ തീര്‍ന്നു. പിന്നെ ആശങ്കയുടെ നിമിഷങ്ങളാണ്. ബ്രേക്കിടണം, ക്ലച്ച് പിടിക്കണം, ഗിയറു താഴ്‌ത്തണം, പുറകില്‍ നിന്നാരെങ്കിലും വന്നിടിക്കുമോ എന്നു നോക്കണം. പണ്ടാരം. ഇവന്റെ ബൈക്കിന് പിന്നെ റിയര്‍വ്യൂ മിറര്‍ ഇല്ല. പുറകിലെ ട്രാഫിക്കെല്ലാം ഒരു ഊഹം മാത്രം. ജീവിതം പോലെ തന്നെ.

“മച്ചാ... ഭയങ്കര ദാഹം, മച്ചാ. ബിയറടിക്കുന്നതിനിടയില്‍ വെള്ളം കുടിക്കാന്‍ മറന്നു പോയി. ചിക്കന്‍ വയറ്റില്‍ കിടന്നു പുളയുന്നു.”

പാസഞ്ചേഴ്സ്, പ്ലീസ് വെയര്‍ യുവര്‍ സീറ്റ് ബെല്‍റ്റ്. വീ ആര്‍ ഗോയിംഗ് ടു ലാന്റ് ഇന്‍ എ ഫ്യൂ മിനുറ്റ്സ്. ടിങ്ങ് ടോങ്ങ്. ലെഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ ഇട്ടു വണ്ടി ഒതുക്കി. പുറകില്‍ നിന്ന് വല്ലവനും വന്നിടിക്കുമോ എന്ന ഭയം സൈഡ് സ്റ്റാന്‍ഡ് ഇടുമ്പോഴും എന്നെ അലട്ടിക്കൊണ്ടിരുന്നു.

ഒരു ചെറിയ ബേക്കറി. ഒരു ബോട്ടില്‍ മിനറല്‍ വാട്ടര്‍ വാങ്ങി. അവനു കൊടുത്തു. കുടിക്ക്. ജയാ ടീവിയില്‍ 'അമ്മ' മോദിയെ കാണാന്‍ വിമാനത്തില്‍ ചെന്നതും, അദ്ദേഹത്തെ കണ്ടതും, തമിഴന്റെ സങ്കടങ്ങളെല്ലാം ഒരു കടലാസിലാക്കി കവറിലിട്ട് ഒട്ടിച്ച് മൂപ്പര്‍ക്ക് കൊടുത്തതും വീണ്ടും വീണ്ടും കാണിച്ചു കൊണ്ടിരുന്നു. എടുത്തെടുത്തു പറയുകയും ചെയ്യുന്നുണ്ടായിരുന്നു. 'മക്കള്‍' കാണണം. അറിയണം. ഓര്‍ത്തിരിക്കണം. അവരുടെ മനസ്സുകളില്‍ എല്ലാം പതിയണം.

എന്തുവാടേ ഇത്. ആക്രാന്തം. കുറച്ച് വെള്ളം എനിക്കു കൂടെ താടേ. ഓന്റെ ഒരു വെള്ളം കുടി. ബാക്കി വന്ന രണ്ടിറക്ക് വെള്ളം വായിലോട്ടു കമഴ്‌ത്തി കുപ്പി കുപ്പയില്‍ തള്ളിയ ശേഷം ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി. പുറകില്‍ അവനും. ചൂടുള്ള കാറ്റ് മുഖത്തും കണ്ണുകളിലും വന്നടിച്ചു കൊണ്ടിരുന്നു. പൊടിയും പുകയും നിറഞ്ഞു വായു എന്റെ ശ്വാസകോശവുമായി നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. ഹമ്പുകള്‍; ഡിവൈഡറുകള്; ഹെഡ്‌ലൈറ്റ് ഡിം ചെയ്യാതെ എതിര്‍ദിശയില്‍ നിന്നു പാഞ്ഞു വന്നു കൊണ്ടിരുക്കുന്ന വാഹനങ്ങള്‍; ചുവപ്പ്, മഞ്ഞ, പച്ച (കാര്യമില്ല. ഇതൊക്കെ ആരു നോക്കാന്‍. ജംഗ്ഷനുകള്‍ മരണക്കെണികളെ പോലെ തോന്നിച്ചു.); ഓവര്‍ ബ്രിഡ്ജുകള്‍; അണ്ടര്‍ പാസുകള്‍; ഇടതുവശത്തുകൂടെയും വലതുവശത്തുകൂടെയും ഒരു പോലെ ഓവര്‍ടേക്കു ചെയ്തു കടന്നു പോകുന്ന വണ്ടികള്‍. റോഡുകള്‍ കാടുകള്‍ പോലെ തന്നെയാണ്. ഏതു നിമിഷവും ജാഗരൂകരായിരിക്കണം. ഇല്ലെങ്കില്‍....

“മച്ചാ, വണ്ടി നിര്‍ത്ത്. മൂത്രം ഒഴിക്കണം.”

വീണ്ടും പാസഞ്ചേഴ്‌സ് വെയര്‍ സീറ്റ്ബെല്‍റ്റ്. സിഗ്നല്‍ ഇട്ടു. വണ്ടി നിര്‍ത്തി, ഇരുട്ടത്ത്, ഓരമായി. ശൂന്യമായ ആകാശം. തിങ്കളുമില്ല താരങ്ങളുമില്ല. എന്റെ മനസ്സു പോലെ തന്നെ. സര്‍വത്ര പുക മാത്രം. സുവര്‍ണ്ണ നിറമുള്ള പുക. നിര്‍ത്താതെ ഹോണടിച്ചുകൊണ്ട് ഒരു ട്രക്കര്‍ കടന്നുപോയി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു ഞങ്ങളും യാത്ര തുടര്‍ന്നു. മനസ്സ് ഇങ്ങനെ ഓരോന്നിലായി വ്യാപരിക്കാന്‍ തുടങ്ങി. വേലാച്ചേരി, ഗവ‌ര്‍ണേഴ്‌സ് ഹൗസ്, അണ്ണാ യൂണിവേഴ്‌സിറ്റി, പാലം, ക്യാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂ‌ട്ട്, ഐഐടി, അണ്ണാ സെന്‍റിനറി ലൈബ്രറി, ഓക്സ്ഫോര്‍ഡ് പ്രെസ്സ്, എട്ടാം നില, പുസ്തകങ്ങള്‍, ലോകത്തിലെ ഏറ്റവും വലിയ പുസ്തകശാല, വിക്കീപീഡിയ, ബ്യൂണോ എയറസ്, ജോര്‍ജ്ജ് ബോര്‍ജസ്, ലാബിരിന്ത്, ഇമ്മോര്‍ട്ടാലിറ്റി, ഹോമര്‍, ഇലിയഡ്, രാമായണം, ഇതിഹാസങ്ങള്‍, കഥകള്‍, നോവലുകള്‍, വായന, പുസ്തകങ്ങള്‍, ലൈബ്രറി, അണ്ണാ സെന്റിനറി ലൈബ്രറി, തായ് കോണ്‍സുലേറ്റ്, അമേരിക്കന്‍ കോണ്‍സുലേറ്റ്, ഹിലരി ക്ലിന്റണ്‍, 'അമ്മ', പീഡിയാട്രിക് ഹോസ്പിറ്റല്‍, ഗവേഷണം, ബൗദ്ധികചിന്ത, കാപ്പിക്കട, മത്സരം, രാഷ്ട്രീയം, വൈരാഗ്യം, കൊല, അറസ്റ്റ്, അമ്പത്തൊന്ന്, അയക്കൂറ, പൈശാചികം, കൊലപാതകം, രാഷ്ട്രീയം, ഇടത്, വലത്, ഫാസിസം, മോദി, വികസനം, ഗുജറാത്ത്, ഹോറിങ്ക്യ, മുസഫര്‍ബാദ്, മുംബൈ, മാറാട്, പുറങ്കടല്‍, തീവ്രവാദം, മതം, ദേശീയത, പതാക, ത്രിവര്‍ണ്ണപ്പതാക, തൃപ്പതാക, ‌തൃക്കണ്ണന്‍, ശിവന്‍, ഓങ്കാരം, ഓം, ശിവോഹം, ശിവോഹം, ശിവോഹം, രുദ്രനാമം ഭജേഹം.... ഛെ. എന്താ?

“സിഗരറ്റ്.?”

“വേണ്ട മച്ചാ. ഞാന്‍ ഇതൊന്നും പതിവില്ല.”

“എന്നാലും മച്ചാ, നീയെന്നെ ഇത്രയും ദൂരം കൊണ്ടുവന്നാക്കിയില്ലേ?”

ജീവിതം ജീവിക്കാനുള്ളതാണ്. അപ്രോച്ച് ആന്റ് വിത്ത്ഡ്രോവല്‍ ആര്‍ ഓള്‍ പാര്‍ട്ട് ഓഫ് ദ ഗെയിം. ലൗ ഡസ് നോട്ട് ഹാപ്പന്‍. യു ജസ്റ്റ് ഫാള്‍ ഇന്‍ ലൗ. ജസ്റ്റ് ഫാള്‍! വീഴണം. വിത്ത്ഡ്രോവലല്ല, അപ്രോച്ച്. ഇമോഷനും, അതിന്റെ വാലന്‍സുമൊക്കെ അവിടെ ഇരിക്കട്ടെ. അപ്രോച്ച്. അതാണ് ജീവിതത്തെ മുന്നോട്ടു നയിക്കേണ്ടത്. തല പെരുക്കുന്നുവോ?

“ഇത് പിടി. ഗോള്‍ഡ് ഫ്ലേക്ക്, ഫില്‍ട്ടര്‍.”

ചുണ്ടുകള്‍ക്കിടയില്‍ തിരുകി. അറ്റം കത്തിച്ചു. വലിച്ചു. ഉഷ്‌ണത്തിന്മേല്‍ ഉഷ്‌ണം. വിഴുങ്ങി. അല്പം മാത്രം. ഒട്ടും ചുമയ്‌ക്കാതെ ചാരനിറത്തിലുള്ള പുക പുറത്തേക്ക് വിട്ടു.

“മച്ചാ, നീ ഒരു പ്രോയെ പോലെയാണല്ലോ വലിക്കുന്നത്? ഇതുവരെ വലിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ വയ്യ.”

“വലിച്ചിട്ടുണ്ട്. അഞ്ചില്‍ പഠിക്കുമ്പോള്‍. ദിനേസ്‌ ബീഡി. പക്ഷേ അന്ന് വിഴുങ്ങാനൊന്നും അറിയില്ലായിരുന്നു.”

അവന്റെ 'പ്രോ' പ്രയോഗം എനിക്ക് മുമ്പില്ലാത്ത ഒരു ധൈര്യം പകര്‍ന്നു തന്നു. ആത്മവിശ്വാസവും. കസേരയില്‍ ചാരിയിരുന്ന് ഒരു പുക കൂടെ എടുത്തു. ശ്വാസത്തിന്റെ കൂടെ പതുക്കെ ഉള്ളോട്ടെടുത്തു. ഉഷ്ണം, പുറത്തും അകത്തും. തല ചൂടാകുന്നുവോ? പതിയെ പുക പുറത്തേക്ക് വിട്ടു. അതെ, തല പെരുക്കുന്നു. അല്ല, തല ചുറ്റുന്നു. സിഗരറ്റിന് ഇത്രയും പവറോ? തോല്‍ക്കാന്‍ പാടില്ല. ഒരു പുക കൂടെ എടുക്കണം. വാശിയാണ്. എടുത്തു. മുടിഞ്ഞു. ഇരിക്കുന്ന കസേരയും ഞാനും ഒഴിച്ച് എല്ലാം, അവനടക്കം, അങ്ങോട്ടുമിങ്ങോട്ടും ആടിയുലയാന്‍ തുടങ്ങി. ഒന്നിനും ഒരു സ്ഥിരതയില്ല. ജീവിതം പോലെ തന്നെ. കണ്ണുകള്‍ അടയുന്ന പോലെ. കാലുകള്‍ നിലത്ത് തൊടാത്ത പോലെ. കസേരയില്‍ ചാരിക്കിടന്നു. ഉറങ്ങിയോ? ഇടക്ക് നോക്കുമ്പോള്‍ കൈയില്‍ സിഗരറ്റ് എരിഞ്ഞു കൊണ്ടിരിക്കുന്നു. പുറത്തേക്ക് ഒരേറു കൊടുത്തു.

“വേണ്ട മച്ചാ, ഇതൊന്നും എനിക്ക് പറഞ്ഞിട്ടുള്ളതല്ല. സിഗരറ്റ്, ബിയറ്, വെടി, ഛെ‌!”

ഞാന്‍ എണീറ്റു.

“മച്ചാ, ഞാമ്പോണേണ്.”

“ഹ ഹ, മച്ചാ, നീ ഏതു നാട്ടുകാരനാണ്ട?”

“ഞമ്മക്ക് നാടൂല്ല്യ, കൂടൂല്ല്യ. ഒരു യൂണിവേഴ്‌സല്‍ സിറ്റിസണ്‍ ആണ് ഞമ്മള്‍. സാര്‍വ്വപ്രപഞ്ചികപൗരന്‍.”

അവന്റെ ബൈക്ക് ഞാനെടുത്തു. വീട്ടില്‍ പോകണ്ടേ. പാതിരാത്രിക്ക് മറ്റെന്തു മാര്‍ഗം?
ഓരോ തവണ നിശ്വസിക്കുമ്പോഴും മൂക്കിനുള്ളില്‍ സിഗററ്റിന്റെ ഒരു വൃത്തികെട്ട വാട അടിക്കുന്നതു പോലെ. മനം പിരട്ടിയിട്ടു വയ്യ. പണ്ടാരം. ഇത്രയും വൃത്തികെട്ട സാധനമാണോ ഈ സിഗരറ്റ്. അല്പം ശുദ്ധവായുവിനു വേണ്ടി ദാഹിച്ചു. കിട്ടിയില്ല. പൊടി, പുക, ചൂട്. അല്പം ശുദ്ധമായ തണുത്ത വായു കിട്ടിയിരുന്നെങ്കില്‍!

മനസ്സ് വീണ്ടും പറക്കാന്‍ തുടങ്ങി. വായു, തണുപ്പ്, സുഖം, ഉറക്കം, സ്വപ്നം, കയം, വീഴ്ച്ച, കാലടിയില്‍ തെന്നുന്ന നിലം, പൂഴിമണ്ണ്, തിര, കടല്‍, കടലോരം, അച്ഛന്‍....

അച്ഛന്‍ ഇടക്കൊക്കെ സിഗരറ്റ് വലിക്കുമായിരുന്നു. ഇതൊന്നും ഒരിക്കലും ചെയ്യരുതെന്ന് എന്നോടെ പല തവണ പറയുമായിരുന്നെങ്കിലും. തിരയില്‍ ഇറങ്ങി നില്‍ക്കുമ്പോള്‍ കാലടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയാം. അല്പനേരം നിന്നാല്‍ നിന്നിടം കുഴിയും. അഞ്ചാം ക്ലാസുകാരന്‍ വലുതായില്ലേ. ഇനി തിരയില്‍ ഒറ്റക്കുനില്‍ക്കാം. കടല്‍ അവിടെയാണ്. സൂര്യനും. അസ്തമയം ഇപ്പോള്‍ വരും. തിരയില്‍ നില്‍ക്കുക രസമാണ്. അത് ഒരു ലഹരി നല്‍കുന്നു. മണ്ണ് ഇളകുന്നു. അല്പം കൂടെ ഇറങ്ങാം. കാല്‍വണ്ണ വരെ. മുട്ടുവരെ. വലിയ തിര വന്നു. മണ്ണ് ഇളകി. ശരിക്കും. ഭൂമി ഒലിച്ചുപോയി. ഞാന്‍ മാത്രം നിശ്ചലം. ലോകം കീഴ്മേല്‍ മറിഞ്ഞു. തിര എന്നിലേക്ക് വീണു. ഞാന്‍ തിരയ്ക്കടിയിലായി. തിരിഞ്ഞു നോക്കിയപ്പോള്‍ അച്ഛന്‍ ചാടിയെഴുന്നേല്‍ക്കുന്നു. കൈകൊണ്ട് എന്തോ ആംഗ്യം കാണിക്കാന്‍ ശ്രമിക്കുന്നു. തിരക്കൊപ്പം ഭൂമിയും എന്നിലേക്ക് വീണു. പൂഴി എന്റെ കൈയില്‍ തടഞ്ഞു. വിരലുകള്‍ ആഴ്‌ന്നിറക്കി ഞാന്‍ ഭൂമിയെ പിടിച്ചു നിര്‍ത്തി. ഇളകരുത്. സ്ഥൈര്യം. അചഞ്ചലം.

“ഇനി അത്ര താഴേക്ക് പോണ്ട. ഇവിടെ അറ്റത്ത് ഇന്നാല്‍ മതി. കണങ്കാല്‍ വരെയേ തിരയില്‍ മുങ്ങാവൂ.”

കണങ്കാല്‍ വരെ തിര. രസമില്ല. ലഹരിയില്ല. ഇന്‍ഡിക്കേറ്ററിട്ട് ജംഗ്ഷനില്‍ വിരസമായി വണ്ടി തിരിച്ചു. പോലീസ് വാഹനത്തില്‍ നിന്ന് ഒരു അലര്‍ച്ച കേട്ടു.

“അന്ത ഓട്ടോ അങ്കെ നിന്ന് എടുത്ത് മാത്ത്. ഇങ്കെപോട്. അങ്കെ പോട്.”

എന്തരോ എന്തോ. പോലീസ് റൂള്‍സ് നടപ്പിലാക്കേണ്ടവര്‍ ആകുന്നു. അലര്‍ച്ച അതിന്റെ ഭാഗമാകുന്നു. അത് അവരുടെ ധര്‍മ്മം ആകുന്നു. പ്രധാനമന്ത്രി ആറരക്ക് ജോലി ആരംഭിക്കുകയും പാതിരാത്രി വരെ സ്വധര്‍മ്മം പാലിക്കുകയും ചെയ്യുന്നു. പത്രങ്ങള്‍ ഈ കാര്യം നമ്മെ യഥാസമയം അറിയിച്ച് അവരുടെ ധര്‍മ്മം നിറവേറ്റുന്നു. അപ്പോള്‍ പിന്നെ പ്രജകള്‍ അലസരായി ഇരിക്കാമോ? ധര്‍മ്മം, ജോലി, പുരോഗമനം, വികസനം, നാഗരികത, സംസ്കാരം, ദേശീയത, ഭാഷ, രാഷ്ട്രം, സാഹോദര്യം, രാജ്യാന്തര സാഹോദര്യം, രാജ്യാതീത സാഹോദര്യം, രാജ്യാന്തരരാജ്യം, സമൂഹം, ഐക്യം, വ്യക്തി, സ്വത്വം, വൈരുദ്ധ്യം, സ്പര്‍ദ്ധ, കാലുഷ്യം, കലാപം, കല, സാഹിത്യം, അന്തര്‍മുഖത്വം, ഉള്‍വലിച്ചില്‍, നാണം കുണുങ്ങി, കഴിവുകേട്, ഷണ്‍ഡത്വം, നപുംസകം, ഒറ്റപ്പെടല്‍, ഏകാന്തത, മരണം, അത്മാഹുതി, മഞ്ഞ, ചുവപ്പ്, കറുപ്പ്, ഇരുട്ട്....

വളവു വളഞ്ഞതും ഇരുട്ടില്‍ ചെന്നു കേറി. അരണ്ട വെളിച്ചമുണ്ട്.

“നിര്‍ത്തുങ്കോ....”

“ഒരു നിമിഷം. വണ്ടി കൊഞ്ചം നിര്‍ത്തുങ്കോ....”

അരണ്ട വെളിച്ചത്തില്‍ ഇരുട്ടിന് ജീവന്‍ വച്ചതുപോലെ മൂന്നു രൂപങ്ങള്‍ റോഡില്‍ നില്‍ക്കുന്നു. അവര്‍ എന്നെ തടയാന്‍ ശ്രമിക്കുകയാണ്. മുഷിഞ്ഞ വസ്ത്രങ്ങള്‍. പറന്നുലഞ്ഞ മുടി. മെലിഞ്ഞുണങ്ങിയ ശരീരങ്ങള്‍. സ്ത്രീകള്‍. മനസ്സില്‍ പൊടുന്നനെ ഒരാന്തല്‍. വെട്ടേറ്റ് വഴിയില്‍ ചത്തു മലച്ചു രക്തം വാര്‍ന്നു കിടന്ന ഒരു ശരീരം ഓര്‍മ്മകളില്‍ ഒരു മിന്നായമായി തെളിഞ്ഞു വന്നു. എന്നായിരുന്നു അത്! ബൈക്ക് വെട്ടിച്ച് മുന്നോട്ടെടുത്തു. ആരെയും മുട്ടാതെ രക്ഷപ്പെട്ടു. പാതിരാത്രിയില്‍ ഒറ്റക്ക് ഈ വഴികളിലൂടെ സഞ്ചരിക്കുന്നത് തന്നെ അബദ്ധം. ബൈക്ക് തേര്‍ഡ് ഗിയറില്‍ പിടിച്ച് മുന്നോട്ട് കുതിപ്പിക്കുന്നതിനിടെ ഒന്നു തിരിഞ്ഞു നോക്കി. ദയനീയമായ ഒരു മുഖം. ആ മുഖത്ത് നിറയെ യാചന. ദയവു ചെയ്ത് ഒന്നു നിര്‍ത്തൂ. ഞങ്ങളുടെ പ്രശ്നം ഒന്നു കേള്‍ക്കൂ.

ബൈക്ക് നിന്നില്ല. എന്റെ കാല്‍ ബ്രേക്കില്‍ അമര്‍ന്നില്ല. ആക്സിലറേറ്ററില്‍ നിന്ന് കൈ അയഞ്ഞില്ല. തേര്‍ഡ് ഗിയര്‍ ഫോര്‍ത്തിലേക്ക് മാറി. ഇരുട്ടിനെ കീറിമുറിച്ച് ഞങ്ങള്‍, ഞാനും ബൈക്കും, ചീറിപ്പാഞ്ഞു.

രാവിലെ പിടിച്ചു വച്ച വെള്ളത്തിനു മാത്രം തണുപ്പുണ്ടായിരുന്നു. എടുത്ത് തലയിലൂടെ കമഴ്‌ത്തി. തണുപ്പ്. തണുപ്പ്. കുളിര്. സുഖം. സൗഖ്യം. ആനന്ദം. മലയാളം. ദേഹം തുടയ്‌ക്കാതെ നനവോടുകൂടി ഫാനിനടിയില്‍ പാ വിരിച്ചു കിടന്നു. ഇരുട്ടില്‍ കണ്ണടച്ച് കിടക്കുമ്പോള്‍ ദയനീയമായ ഒരു മുഖം മനസ്സില്‍ ഉയര്‍ന്നു വന്നു. അടക്കുവാന്‍ എത്ര ശ്രമിച്ചിട്ടും അടങ്ങാതെ എന്തിനെന്നില്ലാത്ത ഒരു കുറ്റാബോധവും. മനസ്സ് സെര്‍ച്ച് ചെയ്തുകൊണ്ടിരുന്നു. ലിങ്കുകളില്‍ നിന്നും പുതിയ ലിങ്കുകളിലേക്ക് അത് പോയ്ക്കൊണ്ടിരുന്നു. ഒന്നും വായിക്കാതെ, ഗ്രഹിക്കാതെ, സേവ് ചെയ്യാതെ. അനസ്യൂതം.

കുറ്റബോധം, കുറ്റം, ബോധം, അറിവ്, ഭയം, യാചന, ദയനീയത, വിശപ്പ്, ഭക്ഷണം, വെള്ളം, ക്ഷീണം, നിരാശ, വെറുപ്പ്, പണ്ടാരം, ലോകം, നാശം, സിസ്‌റ്റം, ഐഡിയോളജി, പരാജയം, സയന്‍സ്, മോഡേണ്‍ സയന്‍സ്, ന്യൂജനറേഷന്‍ സയന്‍സ്, ന്യൂറോ സയന്‍സ്, ആഡ്സെന്‍സ്, നോണ്‍സെന്‍സ്, മനസ്, മറവി, അജ്ഞത, മൃഗം, ചിമ്പാന്‍സി, ബോനെബോ, വെജിറ്റേറിയന്‍, നോണ്‍, സെക്സ്, ശാന്തത, വയലന്‍സ്, രക്തം, വിയര്‍പ്പ്, അദ്ധ്വാനം, ശരീരം, തലച്ചോര്‍, മണ്ണാങ്കട്ട, ക്ഷീണം, ഉറക്കം, മയക്കം, നിദ്ര, ചിന്ത, ഓര്‍മ്മ, സ്വപ്നം, കയം, വീഴ്ച്ച, അമ്മ, അമ്മ, അം അഃ.


സന്ദീപ് പാലക്കല്‍
ചെന്നൈ
ജൂലൈ 8, 2014

2014 ജൂൺ 17, ചൊവ്വാഴ്ച

എന്തുകൊണ്ട് കേരളം വ്യത്യസ്തം?

പലര്‍ക്കും കലിപ്പടങ്ങുന്നില്ല. പല അന്യസംസ്ഥാനക്കാര്‍ക്കും. എന്തുകൊണ്ട് കേരളം ഇപ്പോഴും ഇങ്ങനെ? അസ്വസ്ഥരായി അവര്‍ ചോദിക്കുന്നു. ഇത് ഇപ്പോള്‍ ഒരു തരം മലയാളി വിരോധത്തിലും എത്തി ചേരുന്നുണ്ട്. 

മലയാളിയില്‍ അന്തര്‍ലീനമായിരിക്കുന്ന ആ വ്യത്യസ്തത എന്ത്? ഒരു പക്ഷേ ഈ ക്ലിപ്പിങ്ങ് അതിന് ഉത്തരം പറഞ്ഞേക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.

(ടി വി ചന്ദ്രന്റെ 'പൊന്തന്‍മാട' എന്ന സിനിമയില്‍ നിന്ന്.)

2014 ഏപ്രിൽ 27, ഞായറാഴ്‌ച

ചില 'ഭയം'കര ചിന്തകള്‍


ഈ പോസ്റ്റ് എന്റെ സുഹൃത്ത് ആനൂപ് വര്‍ഗീസിനുള്ള സമര്‍പ്പണം ആകുന്നു!

നമ്മുടെ രാജ്യത്ത് നരേന്ദ്ര മോഡിക്ക് അനുകൂലമായ തരംഗം നില നില്‍ക്കുന്നില്ല എന്ന ചിലരുടെ അഭിപ്രായം സത്യത്തെ ബോധപൂര്‍വ്വം മറയ്ക്കുന്ന ഒരു നിരാകരണം മാത്രമാണ്. മോഡി തരംഗം അതിശക്തമാണ് എന്ന കാര്യത്തില്‍ ഒരു സംശയവും കാണുന്നില്ല. ഈ തരംഗം ഏറ്റവും ശക്തമായിട്ടുള്ളത് വലിയൊരു വിഭാഗം ഹിന്ദുക്കളിലും, മോഡി എന്നാല്‍ വികസനം ആണ് എന്ന് കരുതുന്ന ചില അന്യമതസ്ഥരിലും ആണ്. എങ്ങനെയാണ് മോഡി ഇത്രക്ക് ശക്തനായത് എന്ന ചോദ്യത്തിന് എനിക്ക് ഉള്ള ഉത്തരം ബിജെപിയുടെ അതിശക്തമായ പ്രചരണങ്ങളിലൂടെ എന്നല്ല. മറിച്ച് മോഡിയെ ഇത്ര കണ്ട് സ്വീകാര്യനാക്കിയത് അദ്ദേഹത്തിനെതിരെ ഗുജറാത്ത് കലാപത്തിനു ശേഷം ഇന്ത്യന്‍ മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളൂം അഴിച്ചുവിട്ട വിമര്‍ശനങ്ങളാണ് എന്നതാണ് ഒരു പക്ഷേ സത്യം. ഈ വിമര്‍ശനങ്ങള്‍ പറഞ്ഞു തന്നത് ആയിരക്കണക്കിന് മുസ്ലീങ്ങളുടെ മരണത്തിലേക്ക് നയിച്ച ഗുജറാത്ത് കലാപങ്ങളുടെ ഉത്തരവാദി മോഡിയാണ് എന്നതാണ്. ശരിയാണെങ്കിലും അല്ലെങ്കിലും ഇവ മോഡിയുടെ തിളക്കം കൂട്ടി, അദ്ദേഹത്തെ ശക്തനാക്കി എന്നതാണ് സത്യം. ഇന്ത്യയിലെ വലിയൊരു വിഭാഗം ഹിന്ദുക്കള്‍ മോഡിയെ പിന്തുണക്കുന്നത് അദ്ദേഹത്തോടുള്ള ആദരവു കൊണ്ടല്ല, മറിച്ച് അദ്ദേഹം നേതൃത്വം കൊടുത്തിട്ടുണ്ട് എന്ന് പറയപ്പെടുന്ന മുസ്ലീം വിരുദ്ധ കലാപങ്ങളെ അവര്‍ അബോധപൂര്‍വ്വമായി ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു എന്നതുകൊണ്ടാണ്. ഈ അര്‍ത്ഥത്തില്‍ ഒരു പക്ഷേ മോഡിയേക്കാളും അപകടം അദ്ദേഹത്തിനു ലഭിക്കുന്ന പിന്തുണയാണ്. ഈ പിന്തുണ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ഭൂരിപക്ഷ മതസ്ഥരില്‍ രൂപം കൊണ്ടു വരുന്ന വലിയൊരു സാമുദായിക ധ്രുവീകരണത്തെയാണ്. ന്യൂനപക്ഷങ്ങളിലുള്ള ഇത്തരം ധ്രുവീകരണങ്ങളും തീവ്രനിലപാടുകളും മറ്റും അപകടകരമല്ല, നിസ്സാരമാണ് എന്നല്ല പറഞ്ഞു വന്നത്.

ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്, ജനങ്ങള്‍ക്ക് ആരെയും പിന്തുണക്കാം അതിനെ അപകടം എന്നു വിളിക്കുന്നത് വിഡ്ഢിത്തമാണ്, ചിലരുടെ അകാരണമായ ഭയമാണ് അത് എന്നുള്ള വാദങ്ങള്‍ എനിക്ക് സുപരിചിതമാണ്. ഈ വാദം പൊള്ളയാണ് എന്ന് നമ്മള്‍ തിരിച്ചറിയുന്നത്, ജനങ്ങളുടെ പിന്തുണ എന്നത് പ്രചരണങ്ങളിലൂടെയും മറ്റും ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ് എന്നു മനസ്സിലാക്കുമ്പോഴാണ്. ഇതു മനസ്സിലാക്കാന്‍ ഇന്നത്തെ പരസ്യങ്ങളെയും അവ മനുഷ്യന്റെ മനസ്സിനെ എങ്ങനെ ആഴത്തില്‍ സ്വാധീനിക്കുന്നു എന്നു ശ്രദ്ധയോടെ ഒന്നു പഠിക്കാന്‍ ശ്രമിച്ചാല്‍ മതി. ജനങ്ങള്‍ പലപ്പോഴും പല രീതിയിലും ചിന്തിക്കും. അതിനനുസരിച്ച് സമൂഹം പല ദിക്കുകളിലേക്കും ആടിയുലയുകയും ചെയ്യും. ബുദ്ധിപരമായി ഈ ആടിയുലച്ചിലുകളെ മനസ്സിലാക്കുകയും അവയെ സമാധാനത്തിലേക്കും തുല്യമായ പുരോഗതിയിലേക്കും തിരിച്ചു വിട്ട് സമൂഹത്തെ മുന്നോട്ട് നയിക്കുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണ്. ബുദ്ധിയുടെ സഹായമില്ലാതെ മനുഷ്യടെ വികാരങ്ങളുടെ വഴിയില്‍ അഴിച്ചു വിട്ടാല്‍ മനുഷ്യന് മനുഷ്യന്റെ മനുഷ്യത്വം നഷ്ടമാകും എന്നത് ഓര്‍ക്കുക.

സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിച്ചപ്പോള്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് മോഡിയെ പിന്തുണക്കുന്നവരില്‍ വിദ്യാഭ്യാസം കുറഞ്ഞ, സാധാരണ തൊഴിലുകള്‍ ചെയ്തു ജീവിക്കുന്നവര്‍ മുതല്‍ അത്യുന്നത വിദ്യാഭ്യാസം നേടി, വലിയ കമ്പനികളില്‍ ജോലിയെടുക്കുന്നവരും സമൂഹത്തില്‍ ഉന്നത സ്ഥനമാനങ്ങള്‍ വഹിക്കുന്നവരും വരെയുണ്ട് എന്നതാണ്. മോഡിതരംഗത്തിലുള്ള അപകടങ്ങള്‍ തിരിച്ചറിയുന്നത് കൂടുതലും വിദ്യാസമ്പന്നരായ ഒരു ന്യൂനപക്ഷമാണ്. ഈ ന്യൂനപക്ഷം ഇന്ന് മോഡിയെയും ഭൂരിപക്ഷ-ന്യൂനപക്ഷ തീവ്രവാദങ്ങളെയും വിമര്‍ശിക്കാനുപയോഗിക്കുന്ന ഭാഷ സാധരണ ജനവിഭാഗങ്ങളിലേക്ക് അവരുടെ ആശയങ്ങള്‍ എത്തിക്കാനുതകുന്നവയല്ല എന്ന് ഖേദപൂര്‍വം ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. അധ്വാനിക്കുന്ന ജനവിഭാഗങ്ങളില്‍ നിന്ന് ഇടതുപക്ഷം എത്രയോ ദൂരെയായിക്കഴിഞ്ഞിരിക്കുന്നു എന്ന സത്യവും ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്. ഒരു പക്ഷേ, ചിന്തിക്കുന്നവര്‍ (ബുദ്ധിജീവികള്‍ എന്നുപയോഗിക്കാന്‍ പേടിച്ചിട്ടാണ്) ഇന്നു ചെയ്യേണ്ടത് ആശയങ്ങളെ സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ പ്രകടിപ്പിക്കുക എന്നതാണ്. ജനങ്ങളുമായുള്ള വിടവു നികത്തുക എന്നതാണ്.

2013 മാർച്ച് 10, ഞായറാഴ്‌ച

കഥാസാക്ഷി


പണ്ട് പണ്ടൊരിക്കല്‍ നടന്ന കഥയാണ്. അന്നൊരിക്കല്‍, ഒരു ദിവസം, ഞാന്‍ ഒരു ഇളം കാറ്റായി ആകാശത്ത് പറന്ന് നടക്കുകയായിരുന്നു. പറന്ന് പറന്ന് സായാഹ്നമായപ്പോള്‍, ഭൂമിയിലേക്ക് ഒരു ചാറ്റല്‍ മഴയായി ഞാന്‍ പെയ്തിറങ്ങി. താഴെ ഭൂമിയില്‍, ധാരാളം മരങ്ങള്‍ നിറഞ്ഞ ഒരു പറമ്പില്‍ ഞാനെത്തിച്ചേര്‍ന്നപ്പോഴാണ്, ഒരു കുട്ടയുമായി തലയില്‍ കൈയ്യും വെച്ച് ആകാശത്തേക്ക് വിഷാദത്തോടെ നോക്കിനില്‍ക്കുന്ന ഒരു ആറു വയസ്സുകാരി പെണ്‍കുട്ടിയെ ഞാന്‍ കണ്ടത്. അവള്‍ ഭയന്നത് മഴയെയായിരുന്നു. ആ കരിമഷിക്കണ്ണുകളിലെ നൊമ്പരം എന്നെ വേദനിപ്പിച്ചെങ്കിലും ഞാന്‍ കരഞ്ഞില്ല. ഞാന്‍ കരഞ്ഞാല്‍, ചാറ്റല്‍ മഴ പെരുമഴയാകും എന്ന് ഞാന്‍ ഭയന്നു. ചിരിച്ചു. ഇല്ല. ഒന്ന് മന്ദഹസിച്ചു. അങ്ങനെ ഞാന്‍ വീണ്ടും കാറ്റായി മാറി. ഒരു മൂളിപ്പാട്ടു പാടിക്കൊണ്ട് ഞാന്‍ അവള്‍ക്ക് ചുറ്റും പറന്നു. ആ കണ്ണുകളിലെ ഈര്‍പ്പം ബാഷ്പകണങ്ങളായി ഞാന്‍ ഏറ്റുവാങ്ങി.

ഒരു നിശ്വാസത്തോടെ നിലത്ത് നിന്ന് ഒരു പഴുത്ത പ്ലാവില പെറുക്കി അവള്‍ കുട്ടയിലിട്ടു. പിന്നെ താഴേക്ക് നോക്കി പരതിക്കൊണ്ട് അവള്‍ നടന്നു. അപ്പോള്‍, ഒരു പൂമ്പാറ്റയായി ഞാനവളെ പിന്‍തുടര്‍ന്നു. കാറ്റിന് ഒരു സ്ഥലത്ത് കുറേനേരം നില്‍ക്കാന്‍ സാധിക്കില്ലല്ലോ?

എണ്ണമയം നിറഞ്ഞ അവളുടെ മുടി തലക്കിരുവശങ്ങളിലുമായി മഞ്ഞ റിബണ്‍ കൊണ്ട് പിന്നിക്കെട്ടി വച്ചിരുന്നു. മഞ്ഞ നിറമുള്ള അവളുടെ ഫ്രോക്കില്‍ ചുവന്ന പൂക്കള്‍ കാണാമായിരുന്നു. കറുത്ത് മെലിഞ്ഞ അവളുടെ കാലടികളില്‍ നിന്നും ചാണകഗന്ധം വമിച്ചിരുന്നു. അവളുടെ തലക്കു ചുറ്റും വട്ടമിട്ടു പറന്നിട്ടും അവള്‍ എന്നെ ശ്രദ്ധിച്ചില്ല. അവളുടെ കണ്ണുകള്‍ പഴുത്ത പ്ലാവിലകള്‍ പരതിക്കൊണ്ടിരുന്നു. പറമ്പ് നിറയെ ഉണ്ടായിരുന്നതാകട്ടെ ഉണങ്ങിയ പ്ലാവിലകളും.

ഞങ്ങള്‍ അങ്ങനെ പോയി കൊണ്ടിരിക്കുമ്പോഴാണ് ഒരു എട്ടു വയസ്സുകാരന്‍ തന്റെ സങ്കല്പ ബസ്സും ഓടിച്ച് വന്നത്. അവളുടെ മുന്നില്‍ ഒരു ശബ്‌ദമുണ്ടാക്കി അവന്‍ സഡ്ഡന്‍ ബ്രേക്കിട്ട് നിന്നു. ഗിയറ് മാറ്റി അവന്‍ അവളോട് ചോദിച്ചു.

ബസില്‍ കേറാന്‍ ആളുണ്ടോ?”

അവളുടെ വിഷാദം നിറഞ്ഞ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. തല അല്പം കുനിച്ച് കണ്ണുകള്‍ വിടര്‍ത്തി അവള്‍ അവനെ നോക്കി. പിന്നെ ഇല്ല എന്നെ മുഖം ഇരുവശങ്ങളിലേക്കും ആട്ടി. അവന്റെ മുഖത്തെ ചിരിമാഞ്ഞു. അവള്‍ കൂടെ വരും എന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നുവെന്നു തോന്നുന്നു.

അതെന്താ വരാത്തെ? നിന്നെ വീട്ടില്‍ കൊണ്ടുവിടാം.”

ഇല്ലേട്ടാ, എനിക്ക് പ്ലാവില പെറുക്കാനുണ്ട്.”

എന്തിന്?”

ആടിന് കൊടുക്കാനാ.”

ആടിന് പിണ്ണാക്ക് കൊടുത്താ പോരേ?”

അവള്‍ തല കുനിച്ചു.

"പിണ്ണാക്ക് വാങ്ങാന്‍ അമ്മൂമ്മ പനിച്ച് കിടക്ക്വാ.”

അവന്‍ കുട്ടയില്‍ നോക്കി. ആകെയുള്ളത് ഒരു പത്ത് പന്ത്രണ്ട് ഇലകളാണ്!

ഞാങ്കൂടെ കൂടാം. അത് കഴിഞ്ഞ് നമുക്ക് ബസ്സോടിച്ച് കളിക്കാം?”

അവള്‍ തലകുലുക്കി. പിന്നെ അവര്‍ രണ്ടുപേരും കൂടെ പറമ്പ് മുഴുവന്‍ അരിച്ച് പെറുക്കി. അത് കഴിഞ്ഞ് അടുത്ത പറമ്പ്. പിന്നെ അടുത്തത്. അന്ന് ധാരാളം ഒഴിഞ്ഞ പറമ്പുകളും അവയിലൊക്കെ പ്ലാവുകളും ഭൂമിയില്‍ ഉണ്ടായിരുന്നു. ഞാനും അവരെ സഹായിക്കാന്‍ ശ്രമിച്ചു. പഴുത്ത ഇലകള്‍ കാണുമ്പോള്‍ അതിനു ചുറ്റും ഞാന്‍ വട്ടമിട്ടു പറന്നു. പക്ഷേ അവര്‍ എന്നെ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു.

നേരം സന്ധ്യയോടുത്തപ്പോള്‍ കുട്ട കാല്‍ ഭാഗം നിറഞ്ഞു.

ഇതു പോരേ?”

ഊഹും. ഇനിയും വേണം. കുട്ട പകുതിയെങ്കിലും ആവണം. ഇല്ലെങ്കില്‍ ആടുകള്‍ക്ക് വിശക്കും.”

അതുകേട്ട് അവന്‍ വിഷ്ണനായി. നേരം ഇരുടാകാറായി. ഇനി എപ്പോള്‍ കളിക്കും?

എടി, രാത്രിയാകാറായി. ഇനി കളിക്കാന്‍ പറ്റ്വോ?”

അവള്‍ സംശയത്തോടെ നിന്നു.

കുട്ട പകുതിയെങ്കിലും ആയില്ലെങ്കില്‍ എന്നെ അമ്മ വഴക്കു പറയും.”

അവള്‍ മുഖം കുനിച്ച് കൊണ്ട് പറഞ്ഞു. അവള്‍ ഓരോ തവണ മുഖം കുനിക്കുമ്പോഴും അവളുടെ വിഷാദം എന്നെ നൊമ്പരപ്പെടുത്തി.
ഇങ്ങു താ.”

അവന്‍ അവളില്‍ നിന്നും കുട്ട പിടിച്ചു വാങ്ങി. അതിലെ ഇലകള്‍ മുഴുവന്‍ അവന്‍ നിലത്ത് ചൊരിഞ്ഞു. ഉയര്‍ന്ന ഹൃദയമിടിപ്പോടെ അവള്‍ അത് നോക്കി നിന്നു. പിന്നെ അവന്‍ കുറേ ഉണങ്ങിയ ഇലകള്‍ കുട്ടയില്‍ വാരിയിട്ടു. എന്നിട്ട് അത് നന്നായി പരത്തിയ ശേഷം പഴുത്ത ഇലകള്‍ അതിന് മേലെ വിരിച്ചു. ഇപ്പോള്‍ കണ്ടാല്‍ കുട്ട നിറയേ പഴുത്ത ഇലയാണെന്നേ തോന്നൂ!

അവന്‍ അവളെ നോക്കി ചിരിച്ചു. അവളും ചിരിച്ചു, അല്പം സംശയം കലര്‍ന്ന ചിരി.

അവന്‍ താക്കോല്‍ തിരിച്ചു. ഒരു ശബ്‌ദത്തോടെ ബസ്സ് സ്റ്റാര്‍ട്ടായി. ഗിയറ് മാറ്റി. സ്റ്റിയറിങ്ങില്‍ പിടിച്ച് അവന്‍ ചോദിച്ചു.

ബസ്സില്‍ കേറാന്‍ ആളുണ്ടോ?”

ഉടനെ അവള്‍ അവന്റെ‌ പിറകില്‍ നിന്നു. അവന്റെ ഷര്‍ട്ടിന്റെ അറ്റത്ത് പിടിച്ചു. ബസ്സ് നീങ്ങി. പുറകില്‍ ഞാനും. ഞങ്ങള്‍ ആ പറമ്പുകള്‍ മുഴുവനും സഞ്ചരിച്ചു. ഓരോ സ്റ്റോപ്പിലും നിര്‍ത്തി. ആളെ ഇറക്കി. പിന്നെ ആളെക്കേറ്റി. ഇരുടാകാറായപ്പോള്‍ ഒരു ഇടി വെട്ടി. അടുത്ത മഴയായിരിക്കുമോ?

അവള്‍ കുട്ടയെടുത്ത് വീട്ടിലേക്ക് ഓടി. അവന്‍ വേറെ ദിശയിലും. ആളൊഴിഞ്ഞ പറമ്പില്‍ ഞാന്‍ ഒറ്റക്കായി. അപ്പോള്‍ എന്റെ മനക്കണ്ണില്‍ ഞാന്‍ കണ്ടു. അവളുടെ അമ്മൂമ്മയുടെ ആത്മാവ് ആകാശത്തേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ചാണകം മെഴുകിയ മുറ്റത്ത് ആളുകള്‍ കൂടിയത് കണ്ട് അവള്‍ അമ്പരന്നു നിന്നു. കുട്ട നിലത്ത് വീണ് ഇലകള്‍ ചിതറി. എന്റെ മനസ്സ് പിടഞ്ഞു. ഞാന്‍ കരഞ്ഞു. കണ്ണീര്‍ വാര്‍ത്ത് കരഞ്ഞു. ഭൂമിയിലെ എന്റെ കരച്ചില്‍ കണ്ട് മാനം ചിരിച്ചു. അപ്പോള്‍, ഞാന്‍ മാനത്തോട് പിണങ്ങി ഒരു വണ്ടായി മണ്ണിനടിയിലേക്ക് മറഞ്ഞു. എന്നെന്നേക്കുമായി.


സന്ദീപ് പാലക്കല്‍
മാര്‍ച്ച് 10, 2013.
ചെന്നൈ.

2012 ജൂലൈ 5, വ്യാഴാഴ്‌ച

കടല്‍

ആരെയും ശല്യപ്പെടുത്താതിരുന്നിട്ടും 
അവരെന്നെ പുച്ഛിച്ചു.
പൊട്ടനെന്നും പൊട്ടക്കിണറ്റിലെ തവളയെന്നും
അവര്‍ എനിക്കോമനപ്പേരിട്ടു.

ഞാന്‍ കിണറുകള്‍ കണ്ടിട്ടില്ല.
ആഴക്കടലില്‍ ജീവിക്കുന്ന എനിക്കെന്തു കിണര്‍?
അവര്‍ പൊട്ടന്മാര്‍! കടല്‍ കാണാത്തവര്‍.
കടലിനെ പേടിച്ച് കരയുടെ സുരക്ഷയില്‍ കഴിയുന്നവര്‍.

കടലു  കാണാത്ത, എന്നെ അറിയാത്ത 
അവരേയോര്‍ത്ത്  ഞാനെന്തിനു ലജ്ജിക്കണം?
അവരുടെ ഭാരം അവര്‍ തന്നെ ചുമക്കട്ടെ.
ഒപ്പം എന്റെ മാനാപമാനങ്ങളുടെയും....

ഈ അഗാധനീലിമയില്‍ ഒരു മത്സ്യമായി 
എന്റെ ജീവിതം ഞാന്‍ പാടിത്തീര്‍ക്കട്ടെ.
 ഒരു സൂര്യാസ്തമയ വേളയില്‍
നമുക്ക് കടലോരത്തു സന്ധിക്കാം.


--പി. സന്ദീപ്‌ 
ചെന്നൈ.
ജൂണ്‍ 4, 2012.

2012 ജൂലൈ 3, ചൊവ്വാഴ്ച

Salo, or the 120 days of Sodom


Salo, or the 120 days of Sodom: ഒരു ആസ്വാദനം.
------------------------------------------------------------------
ഞാന്‍ കണ്ട സിനിമകളില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ചിട്ടുള്ള ഒരു സിനിമയാണ് Pier Paolo Pasoliniയുടെ Salo, or the 120 days of Sodom. എന്റെ ചിന്തകളെയും ലോക വീക്ഷണത്തെയും തന്നെ അത് മാറ്റി മറിച്ചു. എന്തെന്നാല്‍, ഈ സിനിമ പറയാന്‍ ശ്രമിക്കുന്നത്, അത് ഇറക്കിയ കാലത്തില്‍ മാത്രമല്ല, നാം ജീവിക്കുന്ന ഈ കാലഘട്ടത്തിലും ഒരുപോലെ ശരിയാണ്. 

ഫാസിസ്റ്റ് ഇറ്റലിയുടെ അന്ത്യനാളുകളില്‍ നാല് ഫാസിസ്റ്റ് അരാജകവാദികള്‍ കൗമാരപ്രായക്കാരായ ഒന്പത് ആണ്‍കുട്ടികളെയും ഒന്‍പത് പെണ്‍കുട്ടികളെയും ഒരു കെട്ടിടത്തില്‍ അടിമകളായി പാര്‍പ്പിക്കുകയും അവരെ തങ്ങളുടെ അമര്‍ത്തിവെക്കപ്പെട്ട ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. അവര്‍ക്ക് കൂട്ടായി, അവരെ കാമകേളികള്‍ നിറഞ്ഞ കഥകള്‍ പറഞ്ഞ് രസം കൂട്ടാന്‍ മധ്യവയസ്കരായ രണ്ട് വേശ്യകളും ഉണ്ട്. ഈ വേശ്യകള്‍ ഒരു ഹാളിലിരുന്ന് കഥകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. ഒരു കഥ പോലും പ്രണയമോ സംഭോഗമോ നിറഞ്ഞതല്ലെന്നത് ശ്രദ്ധേയമാണ്. എല്ലാ കഥകളും വൈകൃതങ്ങള്‍ നിറഞ്ഞതാണ്. മനുഷ്യന്റെ പ്രകൃതിദത്തമായ (സ്വവര്ഗ രതി ഉള്‍പ്പെടെ) ലൈംഗിക ചോദനകള്‍ ഈ സിനിമയില്‍ അടിച്ചമര്‍ത്തി വക്കുകയും പകരം വൈകൃതങ്ങളെ കൊണ്ട് നിറക്കുകയും ചെയ്തിരിക്കുന്നു. ഈ രംഗങ്ങള്‍ ആധുനിക കാലത്ത് ടെലിവിഷന്‍ നമ്മെയും നമ്മുടെ പ്രകൃതിദത്തമായ വിവിധ ചോദനകളെയും എങ്ങനെ വികലമാക്കുന്നു, എങ്ങനെ വികൃതമാക്കുന്നു എന്നു കാണിക്കുന്നു. എല്ലാവരുടെയും കണ്ണ് വെട്ടിച്ച് അടുക്കളയില്‍ പാചകക്കാരിയെ സ്നേഹിക്കുകയും പ്രാപിക്കുകയും ചെയ്യുന്ന ഒരുവനെ സംഘം ഉടനെ വെടി വെച്ചു കൊല്ലുന്നു! 

ദിവസം ചെല്ലും തോറും ഫാസിസ്റ്റ് സംഘത്തിന്റെ വൈകൃതങ്ങളോടുള്ള ആസക്തി പെരുകുകയും അവസാനം അത് മലം തിന്നുന്ന അവസ്ഥ വരെ ചെന്നെത്തുകയും ചെയ്യുന്നു. ലൈംഗിക അവയവങ്ങളോടല്ല, മറിച്ച് ഗുദത്തിനോടാണ് അവര്‍ക്ക് പ്രിയം. ഗുദത്തില്‍ നിന്നു വരുന്നതിനാല്‍, ഗുദത്തിന്റെ ഗന്ധം പേറുന്നതിനാല്‍, മലം തിന്നുന്നതും, അതെ കുറിച്ച് സംസാരിക്കുന്നതും സംഘത്തെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നു. ഇത് എന്നെ ഓര്‍മ്മിപ്പിച്ചത് ഇന്നത്തെ യുവാക്കള്‍ സ്ത്രീ ശരീരത്തിലെ അവയവങ്ങളെ അടര്‍ത്തിമാറ്റി പ്രണയിക്കുന്നതാണ്. പിന്നെ കാറും ബൈക്കും ഒരു ഉത്തേജന വസ്തുവായി മാറുന്നതും! ഒരു സ്ത്രീയില്‍ ഇത് ഏതു തരത്തിലുള്ള പ്രതികരണമാണ് ഉളവാക്കുക എന്ന് അറിയാന്‍ ഞാന്‍ ജിജ്ഞാസുവാണ്.

മലം ചൂടോടെ ഭക്ഷിക്കുന്നതിനായി, കുട്ടികള്‍ ഒരു നിശ്ചിത സമയത്തേ മലവിസര്‍ജനം നടത്താവൂ എന്നാണ് കല്പന. ഇത് തെറ്റിക്കുന്ന ഒരു പെണ്‍കുട്ടിയുടെ തെറ്റ് പൊറുക്കപ്പെടുന്നില്ല. മനുഷ്യന് ഒരിക്കലും പൊരുത്തപ്പെടാനാകാത്ത നിയമങ്ങള്‍ അവനില്‍ അടിച്ചേല്‍പ്പിക്കപെടുന്ന അധികാരികളുടെ കാര്‍ക്കശ്യം ഈ രംഗത്തിലൂടെ വ്യക്തമായി വരച്ചു ചേര്‍ക്കുന്നു. മറിച്ച്, മനുഷ്യരാകട്ടെ, ഈ നിയമങ്ങളെ കൃത്യമായി അനുസരിച്ച് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയില്‍ ജീവിക്കുന്നു.

തങ്ങളുടെ പതിനെട്ട് അടിമകളില്‍ ആര്‍ക്കാണ് ഏറ്റവും വശ്യമായ പൃഷ്ഠം എന്നത് കണ്ടു പിടിക്കാന്‍ നടത്തുന്ന മത്സരവും ആ മത്സരം നിഷ്പക്ഷ്മായി നടത്താന്‍ അവരെടുക്കുന്ന ശ്രദ്ധയും ആധുനിക കാലഘട്ടത്തിലെ സൗന്ദര്യമത്സരങ്ങളെ മാത്രമല്ല, ഒരു കരിയര്‍ പടുത്തുയര്‍ത്തുന്നതിനായി ആധുനിക മനുഷ്യന്‍ നേരിടേണ്ട മറ്റ് മത്സര പരീക്ഷകളെയും ഓര്‍മ്മിപ്പിക്കുന്നു. മത്സരത്തില്‍ ജയിച്ചത് ഒരു ആണ്‍കുട്ടിയാണ്! അവനോട് നിന്നെ ആയിരം തവണ ഞങ്ങള്‍ കൊല്ലും എന്നാണ് സംഘം പറയുന്നത്. സൗന്ദര്യമത്സരത്തിലും മറ്റ് മത്സരപരീക്ഷകളിലും ജയിക്കുന്ന നമ്മള്‍ (നമ്മിലെ സര്‍ഗ ചോദന) ആയിരം തവണ കൊല്ലപ്പെടുന്നു എന്ന ശക്തമായ തിരിച്ചറിയലാണ് ഈ രംഗം എനിക്ക് നല്‍കിയത്.

സിനിമയുടെ അവസാനമാവുമ്പോഴേക്കും ഒരു ആണ്‍കുട്ടി മാനസികമായി സംഘത്തിന്റെ അഭിരുചികളുമായി താദാത്മ്യം പ്രാപിക്കുന്നു. അവനെ സംഘം കൂടെ ചേര്‍ക്കുന്നു. ഓരോ സ്ഥാനമാനങ്ങളിലെത്തി വന്ന വഴി മറന്ന് മര്‍ദ്ദകവര്‍ഗത്തിന്റെ കൂടെ ചേരുന്നവരെ ഇത് ഓര്‍മിപ്പിക്കുന്നു.  ബാക്കിയെല്ലാവരെയും സംഘം അതിദാരുണമയി പീഡിപ്പിച്ച് കൊല്ലുകയാണ്. 





അധികാരവര്‍ഗത്തിന്റെ, മുതലാളിത്ത വര്‍ഗത്തിന്റെ, ഷണ്‍ഡത്വവും, ഭീകരതയും ഈ ചിത്രം വളരെ വ്യത്യസ്തമായ (ഒരു പക്ഷേ, വളരെ ഭീഭത്സമായ) ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. ടെലിവിഷനില്‍ മനം മയക്കുന്ന ഓരോ പരസ്യം കാണുമ്പോഴും, വല്യ കോര്‍പറേറ്റ് കമ്പനികളിലാണ് ഞാനിപ്പോ (എന്റെ മകനിപ്പോള്‍) ജോലി ചെയ്യുന്നത് എന്ന് അഭിമാനത്തോടെ പറയുന്നവരെ കാണുമ്പോഴും, മറ്റ് പല സമാന സന്ദര്‍ഭങ്ങളിലും, ഈ സിനിമ ഒരു വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമായി എന്റെ മനസ്സില്‍ ഉയര്‍ന്നു വരാറുണ്ട്.

ഈ സിനിമ റിലീസ് ആകുന്നതിനു മുമ്പേ പസോളിനി കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ കൊലയും ഈ സിനിമയുമായി ബന്ധമുണ്ടെന്നാണ് ഊഹം. ദീര്‍ഘകാലം അനേകം രാജ്യങ്ങളില്‍ ഈ സിനിമ നിരോധിക്കപ്പെട്ടതായി നിന്നു. Marquis de Sadeയുടെ The 120 days of Sodom എന്ന 1785ലെ നോവലിനെ ആസ്പദമാക്കിയാണ് പസോളിനി ഈ ചിത്രം എടുത്തിരിക്കുന്നത്. Salo എന്നത് ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണ പ്രദേശമായിരുന്നു. Sadeയുടെ നോവലിനെ 1944ലെ യൂറോപ്യന്‍ സാഹചര്യവുമായി വളരെ മനോഹരമായി ബന്ധപ്പെടുത്താന്‍ സാധിച്ചു എന്നതാണ് പസോളിനിയുടെ കഴിവ്. സര്‍വ്വോപരി, ഞാന്‍ മുകളില്‍ വിശദമാക്കിയ പോലെ, ഇന്നത്തെ ഉത്തരാധുനിക, നവമുതലാളിത്ത കാലഘട്ടവുമായും Saloക്ക് അഭേദഭേദ്യമായ ബന്ധം കാണാന്‍ സാധിക്കുന്നു എന്നത്, ഒരു ചലചിത്രമെന്ന നിലയില്‍ Saloയെയും സംവിധായകന്‍ എന്ന നിലയില്‍ പസോളിനിയെയും മഹത്തരമാക്കുന്നു.